കൊടുമുടികയറി സ്വര്‍ണം; കല്യാണ പാര്‍ട്ടികള്‍ വിഷമത്തില്‍, പറഞ്ഞുറപ്പിച്ച സ്വര്‍ണത്തിനായി നെട്ടോട്ടം, കത്തിക്കയറി വെള്ളി

സ്വര്‍ണം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കയറ്റം തുടരുകയാണ്. ഇന്ന്‌ ഒറ്റയടിക്ക് പവന്‍ വില 320 രൂപ വര്‍ധിച്ച് സര്‍വകാല റെക്കോഡായ 58,720 രൂപയിലെത്തി. ഗ്രാം വില 40 രൂപ വര്‍ധിച്ച് 7,340 രൂപയുമായി. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങളും കല്ലു പതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6,055 രൂപയിലെത്തി.

വെള്ളിവിലയും കുതിക്കുകയാണ്. ഇന്നും ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 107 രൂപയായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വെള്ളി വില കൂടുന്നത്.

ആശങ്കയില്‍ കല്യാണ പാര്‍ട്ടികള്‍

വില അനുദിനം ഉയരുന്നത് കല്യാണ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവരെയാണ് കൂടുതൽ ബാധിക്കുന്നത്. മൂന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞുറപ്പിച്ച കല്യാണങ്ങള്‍ പലതും ഈ മാസങ്ങളിലാണ് നടക്കുന്നത്. ജൂലൈ 26ന് 50,400 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് 58,720 രൂപയിലെത്തി നില്‍ക്കുന്നത്. മൂന്ന് മാസം കൊണ്ട് 8,320 രൂപയാണ് വര്‍ധിച്ചത്.
ഒരു പവന്‍ സ്വര്‍ണാഭരണം സ്വന്തമാക്കണമെങ്കില്‍ ഇന്നത്തെ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും മറ്റ് നികുതികളുമടക്കം 63,559 രൂപ നല്‍കണം. 25 പവന്‍ സ്വര്‍ണത്തിന് മൂന്ന് മാസം മുന്‍പ് പണിക്കൂലിയും നികുതിയുമടക്കം 13,64,025 രൂപയായിരുന്നു വേണ്ടതെങ്കില്‍ ഇന്ന് 14,68,000 രൂപ വേണം. അതായത് ഒരു ലക്ഷത്തിലധികം രൂപ കൂടി വേണ്ടി വരും.
സ്വര്‍ണ വില താഴ്ന്ന് നിന്ന സമയത്ത് മുന്‍കൂര്‍ ബുക്കിംഗ് പ്രയോജനപ്പെടുത്തിയവര്‍ക്ക് ഇപ്പോള്‍ ആശ്വാസിക്കാം. കാരണം ബുക്ക് ചെയ്ത ദിവസത്തെ വിലയില്‍ സ്വര്‍ണം വാങ്ങാനാകും. സ്വര്‍ണം ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയും വാങ്ങുന്ന ദിവസത്തെ വിലയും താരതമ്യം ചെയ്ത് അതില്‍ ഏത് വിലയാണോ കുറഞ്ഞത് ആ വിലയില്‍ സ്വര്‍ണം വാങ്ങാമെന്ന സൗകര്യമാണ് സ്വര്‍ണക്കടകളുടെ മുന്‍കൂര്‍ ബുക്കിംഗ് പദ്ധതി. പക്ഷെ പലരും സ്വര്‍ണ വില താഴുമെന്ന് കരുതി ബുക്കിംഗ് ചെയ്യാന്‍ മെനക്കെടാറില്ല.

കച്ചവടത്തിലും ഇടിവ്

സ്വര്‍ണ വില ഇങ്ങനെ ഉയരുന്നത് കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഓരോ ദിവസവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണമെടുക്കേണ്ടി വരുന്നു. പണിക്കൂലിയില്‍ വലിയ മത്സരം നടക്കുന്നതിനാല്‍ അത് കൂട്ടി വിപണി പിടിക്കാനുമാകില്ല. ഉത്സവ-കല്യാണ സീസണായിട്ടും വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ കച്ചവടത്തിലും കുറവുണ്ടാകുന്നുണ്ട്. വില താഴാന്‍ കാത്തിരിക്കുകയാണ് പലരും.

വില്ലനാകുന്നത് രാജ്യാന്തര വില

അന്താരാഷ്ട്ര വിലയില്‍ കുതിപ്പു തുടരുന്നതാണ് കേരളത്തിലും വില വര്‍ധിക്കാനിടയാക്കുന്നത്. ഇന്നലെ 2,720 ഡോളറില്‍ വ്യാപാരം തുടങ്ങി സ്വര്‍ണം ഈന്ന് 2,750 ഡോളറിനു മുകളിലെത്തി റെക്കോഡ് പുതുക്കി. പശ്ചിമേഷ്യയിലെ യുദ്ധവും യു.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകളും ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷകളുമാണ് സ്വര്‍ണത്തെ ഇത്ര ഉയര്‍ത്തിയത്.
അതേസമയം, ഡോളര്‍ കരുത്താര്‍ജിക്കുന്നത് സ്വര്‍ണ വിലയെ പിടിച്ചു നിര്‍ത്തുന്നുമുണ്ട്. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നത് ഡോളറിലാണ്. ഡോളര്‍ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ കറന്‍സിയില്‍ സ്വര്‍ണം വാങ്ങാന്‍ ചെലവേറും. ഇത് ഡിമാന്‍ഡ് കുറയ്ക്കുകയും സ്വര്‍ണ വിലയെ താഴേക്ക് നയിക്കുകയും ചെയ്യാറുണ്ട്. അതേപോലെ കടപത്രങ്ങളുടെ പലിശ ഉയരുന്നതും സ്വര്‍ണത്തെ അനാകര്‍ഷകമാക്കാറുണ്ട്. കൂടുതല്‍ പലിശ ലക്ഷ്യമിട്ട് നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പണം കടപത്രങ്ങളിലേക്ക് മാറ്റാറുണ്ട്.
Related Articles
Next Story
Videos
Share it