സര്‍ക്കാരിന്റെ 'ബൂസ്റ്റര്‍ ഡോസ്' അപര്യാപതമോ? അസ്ഥിരത അകലാതെ സാമ്പത്തിക മേഖല
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാനുള്ള സര്‍ക്കാര്‍ നടപടികളുടെ പ്രഖ്യാപനം ഏറെ വൈകിപ്പോയെന്നും അതിനാല്‍ത്തന്നെ പെട്ടെന്നുള്ള സദ്ഫലങ്ങള്‍ പ്രതീക്ഷിക്കാനാകില്ലെന്നുമുള്ള നിരീക്ഷണം ശക്തം. ജെഫറീസ്, എഡല്‍വയിസ് ബ്രോക്കിംഗ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെയുള്ള അനലിസ്റ്റുകള്‍ ഈ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. സര്‍ക്കാരിന്റെ 'ബൂസ്റ്റര്‍ ഡോസ്' നിലവിലെ സാഹചര്യങ്ങളില്‍ അപര്യാപ്തമാണെന്ന സംശയവും വ്യാപകമാണ്.
ഉത്തേജന പ്രഖ്യാപനം വന്നിട്ടും തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി വില സൂചികകള്‍ ഇടിയുന്നത് സാമ്പത്തിക മേഖലയില്‍ പൊതുവേ പ്രകടമാകുന്ന അസ്ഥിരതയ്ക്കു തെളിവാണെന്ന് വിപണിവൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന പ്രമുഖ കറന്‍സിയെന്ന ദുഷ്‌പേരു മാറ്റാന്‍ രൂപയ്ക്കു കഴിയുന്നുമില്ല.
ജൂണില്‍ അവസാനിച്ച പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 5.7 ശതമാനമായി കുറഞ്ഞിരുന്നു.'ജിഡിപി വളര്‍ച്ച ഇനിയും 6 ശതമാനത്തില്‍ താഴെയാകുന്നപക്ഷം, കൂടുതല്‍ ഉത്തേജക നടപടികളുമായി വരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. റിസര്‍വ് ബാങ്കിന് പലിശ നിരക്ക് കുറയ്ക്കാതിരിക്കാനും കഴിയില്ല'- ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റിലെ ഗവേഷണ വിഭാഗം മേധാവി എ.കെ പ്രഭാകര്‍ പറഞ്ഞു. ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന പലിശ നിരക്കിലാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.
ബി.എസ്.ഇ സെന്‍സെക്‌സ് സൂചിക ജൂണ്‍ മൂന്നിന് റെക്കോഡിലേക്ക് ഉയര്‍ന്നിരുന്നു.പക്ഷേ, ഒരു മാസത്തിനുശേഷം സൂചിക ക്രമമായി താഴാന്‍ തുടങ്ങി. 2002 നു ശേഷം കടന്നുപോയ ഏറ്റവും മോശം ജൂലൈ ആയിരുന്നു ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തേത്. ഓഹരി വിപണിയില്‍ സ്ഥിരത പുനര്‍ജനിക്കാന്‍ വ്യവസായ മേഖലയിലും അതിന്റെ അനുബന്ധമായി പൊതു സാമ്പത്തിക മേഖയിലും ഉണര്‍വുണ്ടായേ പറ്റൂവെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.