ഇക്കുറിയും 'ഹരിത ഓണം'; പ്ലാസ്റ്റിക്കില്‍ തൊട്ടാല്‍ പിഴ വീഴും

സംസ്ഥാനത്തെ ഓണാഘോഷ പരിപാടികളില്‍ ഹരിത ചട്ടം പൂര്‍ണമായും പാലിക്കണമെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍, ഓണ ചന്തകള്‍, വിവിധ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ക്കുന്നതിനുമാണ് നിര്‍ദേശം നല്‍കിയത്.

ഹരിത കര്‍മസേനയും
ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി മാലിന്യം ഉറവിടത്തില്‍ തരംതിരിച്ച് ദിവസവും ശേഖരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ജൈവമാലിന്യം തദ്ദേശ ഉറവിടത്തിലോ കമ്മ്യൂണിറ്റി കമ്പോസ്റ്റിങ്ങ് യൂണിറ്റിലോ സംസ്‌ക്കരിക്കുന്നതിനുള്ള ക്രമീകരണമുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. തരംതിരിച്ച അജൈവമാലിന്യം ദിവസവും മിനി എം.സി.എഫുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തണം. പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് തദ്ദേശ സ്ഥാപന സെക്രട്ടറി ചുമതല നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്. തരം തിരിച്ച അജൈവ മാലിന്യം എം.സി.എഫിലേക്ക് കൊണ്ടുപോകുന്നതിന് ഹരിതകര്‍മ സേനയുടെ സേവനവും ഉപയോഗപ്പെടുത്താം.
ബദല്‍ ഉല്‍പ്പന്നങ്ങള്‍
ജൈവ അജൈവ മാലിന്യ ശേഖരണത്തിനായി യൂസര്‍ ഫീസ് അതത് സ്ഥാപനങ്ങള്‍ നിശ്ചയിച്ച് നല്‍കണമെന്നും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പാക്കിങ്ങിന് ഉപയോഗിക്കുന്നില്ലെന്നും പ്രകൃതി സൗഹൃദ ബദല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായി നിയമനടപടി സ്വീകരിക്കാനും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ശ്രദ്ധിക്കണം. തീരുമാനങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് കാര്യങ്ങള്‍ ജോയിന്റ് ഡയറക്ടര്‍മാര്‍ പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it