കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി

കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതി അനുമതി നല്‍കി. ഇനി ബാങ്ക് ലയനം അംഗീകരിച്ച് സര്‍ക്കാരിന് വിജ്ഞാപനം ചെയ്യാം. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച്ച് അടിയന്തിരമായി വാദം കേട്ടാണ് ഉത്തരവ്. ബാങ്കിനുള്ള എല്ലാവിധ സംയോജന നടപടികളുമായും സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോവാമെന്ന് ഒക്ടോബറില്‍ കോടതി വ്യക്തമാക്കിയിരുന്നു.

കരളത്തിന്റെ സ്വന്തം ബാങ്ക് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള അവസാന കടമ്പയാണ് ഹൈക്കോടതിയുടെ ഉത്തരവിലൂടെ നീങ്ങിയത്. ബാങ്കുകളുടെ ലയനവും സഹകരണ നിയമം വകുപ്പ് 14 (എ)യുടെ ദേഭഗതിയുമായി ബന്ധപ്പെട്ടായിരുന്നു ഹര്‍ജികള്‍.

റിസര്‍വ്വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചെങ്കിലും കേസിന്റെ വിധിക്കു വിധേയമായേ ലയന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ വേഗത്തില്‍ തീരുമാനത്തിനായി സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി കേസില്‍ ഇപ്പോള്‍ വിധിവന്നത്.

ഇനി കേരള ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ ലയനനടപടികള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നാണു കരുതുന്ന്ത. മാര്‍ച്ച് 31നകം ലയന നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്ക് നിബന്ധനയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it