Begin typing your search above and press return to search.
ദീപാവലിക്ക് സ്വര്‍ണം വാങ്ങാം ഇങ്ങനെ; നഷ്ടപ്പെടില്ല, കളവും പോകില്ല
ദീപാവലി പോലുള്ള വിശേഷ ദിനങ്ങളില്‍ സ്വര്‍ണം വാങ്ങുന്നത് പലര്‍ക്കും ഒരു ശീലമാണ്. സ്വര്‍ണ വില ഇത്രയും ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പക്ഷെ, ആഭരണങ്ങളായി വാങ്ങുന്നത് അത്ര ബുദ്ധിയല്ല. ആഭരണമായി വാങ്ങുമ്പോള്‍ ഇന്നത്തെ സ്വര്‍ണ വിലയേക്കാള്‍ 5,000 രൂപയെങ്കിലും അധികമായി നല്‍കേണ്ടി വരും. അത് മാത്രമല്ല, സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും പണമാക്കി മാറ്റേണ്ടി വരുമ്പോഴുള്ള മൂല്യശോഷണവും മറ്റും നേരിടേണ്ടിയും വരും.
ഈ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ നിക്ഷേപിക്കാവുന്ന മാര്‍ഗങ്ങളാണ് പേപ്പര്‍ ഗോള്‍ഡുകള്‍. സ്വര്‍ണ വില ഉയരുന്നതിന്റെ നേട്ടം ലഭ്യമാകുമ്പോള്‍ തന്നെ ലിക്വിഡിറ്റിയും സുരക്ഷിതത്വവും ഉറപ്പാക്കാനും ഇത് വഴി സാധിക്കും. വേഗത്തില്‍ വാങ്ങാനും വില്‍ക്കാനും സാധിക്കുന്നുവെന്നതാണ് പേപ്പര്‍ ഗോള്‍ഡുകളുടെ പ്രധാന ഗുണം.
പ്രധാനമായും മൂന്ന് മാര്‍ഗങ്ങളാണ് പേപ്പര്‍ രൂപത്തില്‍ സ്വര്‍ണം വാങ്ങാന്‍ നിക്ഷേപകരുടെ മുന്നിലുള്ളത്. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അഥവാ ഗോള്‍ഡ് ഇ.ടി.എഫ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് മ്യൂച്വല്‍ഫണ്ട് എന്നിവയാണ് ആ മാര്‍ഗങ്ങള്‍. ഇതിലോരോന്നിലും എങ്ങനെ നിക്ഷേപിക്കാമെന്ന് നോക്കാം.
ഗോള്‍ഡ് ഇ.ടി.എഫ്
ഓഹരികള്‍ പോലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം നടത്താനാകുന്ന ഫണ്ടുകളാണ് ഗോള്‍ഡ് ഇ.ടി.എഫുകള്‍. ഇതില്‍ നിക്ഷേപിക്കാനായി ഏതെങ്കിലും അംഗീകൃത ബ്രോക്കറുടെ കീഴില്‍ ഡീമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും എടുക്കണം.
നിരവധി ഇ.ടി.എഫുകള്‍ വിപണിയില്‍ ലഭ്യമാണ്. നിപ്പോണ്‍ ഇന്ത്യ ഗോള്‍ഡ് ഇ.ടി.എഫ്, എച്ച്.ഡി.എഫ്.സി ഗോള്‍ഡ് ഇ.ടി.എഫ്, ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ഗോള്‍ഡ് ഇ.ടി.എഫ് തുടങ്ങിയവ അതില്‍ ചിലതാണ്. ഇവയുടെ പ്രകടനം, എക്‌സ്‌പെന്‍സ് റേഷ്യോ, ലിക്വിഡിറ്റി എന്നിവ താരതമ്യം ചെയ്ത ശേഷം താത്പര്യമുള്ളത് തിരഞ്ഞെടുക്കാം. തുടര്‍ന്ന് ട്രേഡിംഗ് അക്കൗണ്ട് വഴി വാങ്ങാം. വിപണി വിലയ്ക്ക് അനുസരിച്ചാണ് യൂണിറ്റുകള്‍ ലഭിക്കുക. വ്യാപാര സമയം മുഴുവന്‍ ഇതിന്റെ വില മാറിക്കൊണ്ടിരിക്കും.
സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (SGB)
സുരക്ഷിതമായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന മാര്‍ഗമാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. പുതിയ എസ്.ജി.ബികള്‍ പുറത്തിറക്കുന്നത് തത്കാലം നിര്‍ത്തി വച്ചിരിക്കുന്നതാനാല്‍ ഓഹരി വിപണികളില്‍ നിന്ന് മാത്രമാണ് വാങ്ങാനാകുക. ഒരു ഗ്രാം സ്വര്‍ണത്തിലാണ് ഏറ്റവും കുറഞ്ഞത് നിക്ഷേപിക്കാനാകുക. എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച നേട്ടം നല്‍കുന്ന എസ്.ജി.ബികള്‍ കണ്ടെത്തി ഓര്‍ഡര്‍ നല്‍കാം. ഇത് ഡീമാറ്റ് അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് 2.5 ശതമാനം വാര്‍ഷിക പലിശയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
ഗോള്‍ഡ് മ്യൂച്വല്‍ഫണ്ട്‌സ്
പ്രധാനമായും ഗോള്‍ഡ് ഇ.ടി.എഫില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഗോള്‍ഡ് മ്യൂച്വല്‍ഫണ്ടുകള്‍. വിപണിയില്‍ ലഭ്യമായ നിരവധി ഗോള്‍ഡ് മ്യൂച്വല്‍ഫണ്ടുകള്‍ താരതമ്യം ചെയ്ത് മികച്ച ഫണ്ട് കണ്ടെത്താം. എച്ച്.ഡി.എഫ്.സി ഗോള്‍ഡ് ഫണ്ട്, എസ്.ബി.ഐ ഗോള്‍ഡ് ഫണ്ട് തുടങ്ങിയവയാണ് ഇതില്‍ ചിലത്. ഗ്രോ, സെരോധ പോലുള്ള ആപ്പുകള്‍ വഴി നേരിട്ടും ഇത്തരം മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഒറ്റത്തവണയായോ അല്ലെങ്കില്‍ ചെറിയ തുകകളായി എസ്.ഐ.പി വഴിയോ നിക്ഷേപിക്കാം.
Next Story
Videos