കോവിഡ് കാലത്ത് വില്‍പ്പന ഉയര്‍ത്തിയത് എങ്ങനെയെന്ന് റോക്ക ഇന്ത്യ സാരഥി പറയുന്നു

കോവിഡ് 19 എല്ലാ ബിസിനസുകളെയും പിടിച്ചുലച്ചിട്ടുണ്ട്. അതിനിടെ ചില കമ്പനികള്‍ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നുമുണ്ട്. സാനിറ്ററിവെയര്‍, ബാത്ത്‌റൂം പ്രോഡക്റ്റ്‌സ് രംഗത്തെ രാജ്യാന്തര ബ്രാന്‍ഡായ റോക്ക തന്നെ ഇതിന് ഉദാഹരണം. പൊതുവേ എല്ലാവര്‍ക്കും ബിസിനസ് മോശമായ കാലത്തും വില്‍പ്പന നേടിയെടുക്കാന്‍ റോക്കയ്ക്ക് സാധിച്ചിട്ടുണ്ട്. അതെങ്ങനെയെന്ന് വ്യക്തമാക്കുന്നു സ്പാനിഷ് സാനിറ്ററിവെയര്‍ ബ്രാന്‍ഡായ റോക്കയുടെ ഇന്ത്യ വിഭാഗം മേധാവി കെ ഇ രംഗനാഥന്‍

എല്ലാത്തരം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റി

സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് അനുസരിച്ച ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ക്കുണ്ടായതാണ് ഇക്കാലത്ത് ഏറെ സഹാകരമായത്. ലക്ഷ്വറി, സൂപ്പര്‍ പ്രീമിയം വിഭാഗം ഉപഭോക്താക്കള്‍ക്കായി സവിശേഷ ബ്രാന്‍ഡുകള്‍ റോക്കയ്ക്കുണ്ട്. അതുപോലെ ഏറ്റവും ജനകീയമായ പാരിവെയര്‍ ബ്രാന്‍ഡുമുണ്ട്. അതുപോലെ അഫോര്‍ഡ്ബ്ള്‍ വിഭാഗത്തില്‍ മറ്റൊരു ബ്രാന്‍ഡും ഗ്രൂപ്പിനുണ്ട്. എല്ലാവിഭാഗം ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന വിപുലമായ ഉല്‍പ്പന്നശ്രേണിയാണ് കോവിഡ് കാല പ്രതിസന്ധിക്കള്‍ക്കിടയിലും മികച്ച വില്‍പ്പന നേടാന്‍ ഞങ്ങളെ സഹായിച്ച ഒരു ഘടകം.

അതുപോലെ തന്നെ വിപണിയിലേക്ക്, പ്രത്യേകിച്ച് ഗ്രാമീണ ജനതയിലേക്ക് കൂടുതലായി ഞങ്ങള്‍ ഇറങ്ങി ചെന്നു. അതിന്റെ ഭാഗമായി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു, ലോയല്‍റ്റി പ്രോഗ്രാമുകള്‍ കൊണ്ടുവന്നു, പുതിയ ഷോറൂമുകള്‍ തുറന്നു, ബില്‍ഡര്‍മാരും ഡെവലപ്പര്‍മാരുമായുമുള്ള ബന്ധം ശക്തമാക്കി, ഉപഭോക്താവിനെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

ഞങ്ങളുടെ വ്യാപാര പങ്കാളികളുടെയും ഉപഭോക്താവിന്റെയും എല്ലാ ആവശ്യങ്ങളും നിറവേറ്റുക എന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. ഒരു ഉപഭോക്താവിന് അല്ലെങ്കില്‍ വ്യാപാരി പങ്കാളിക്ക് നമ്മള്‍ ഒഴിവാക്കാനാകാത്തവരാണ് എന്ന് തോന്നണമെങ്കില്‍ അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് മാത്രമല്ല അതിനപ്പുറവും നാം നല്‍കണം. അത് നല്‍കാന്‍ സാധിച്ചതുകൊണ്ടാണ് വളര്‍ച്ച നേടാന്‍ പറ്റിയത്.

കടയില്‍ വരുന്നവരുടെ താല്‍പ്പര്യങ്ങളും മാറി

ലോക്ക്ഡൗണിന് ശേഷം ഷോറൂമുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴും ഉപഭോക്താവിനെ സ്വീകരിക്കാന്‍ വേറിട്ട രീതികളാണ് ഞങ്ങള്‍ ഒരുക്കിയത്. 15,000ത്തോളം റീറ്റെയ്‌ലേഴ്‌സിന് ഇക്കാര്യത്തില്‍ ഞങ്ങള്‍ സഹായം നല്‍കി.

ബാത്ത്‌റൂം ഉല്‍പ്പന്നങ്ങള്‍ എല്ലാവരും തൊട്ടുനോക്കി ഇഷ്ടപ്പെട്ട് വാങ്ങുകയാണ് പതിവ്. ഒരു ഉപഭോക്താവ് കുറഞ്ഞത് നാലഞ്ച് കടകളെങ്കിലും ഇതിനായി കയറിയിറങ്ങും. മൂന്നുനാല് തവണ ഷോറൂമുകളില്‍ വന്നെന്നുമിരിക്കും. അതിനുശേഷമാണ് മിക്കവാറും വാങ്ങുക. കോവിഡ് വന്നതോടെ ഈ രീതി അപ്പാടെ മാറി. എത്രയും വേഗം വാങ്ങിപ്പോകാനായി തിടുക്കം. പക്ഷേ, എല്ലാ ഉല്‍പ്പന്നത്തെ കുറിച്ചും ഉപഭോക്താവിന് അറിയേണ്ട കാര്യങ്ങള്‍ വീട്ടിലിരുന്നും അറിയാനുള്ള വഴി ഡിജിറ്റലായി നല്‍കി. കടയില്‍ വരുന്നവര്‍ക്ക് അതിവേഗം സാധ്യമായത്ര ഡിസ്്കൗണ്ടും നല്‍കി. മാത്രമല്ല കോവിഡ് പ്രോട്ടോക്കോള്‍ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു. കോവിഡ് കാലത്ത് എങ്ങനെ കച്ചവടം ചെയ്യണമെന്ന കാര്യം അതിവേഗം ഞങ്ങളുടെ റീറ്റെയ്‌ലേഴ്‌സ് പഠിച്ചു. ഇത് വില്‍പ്പന കൂട്ടാന്‍ സഹായിച്ചു.

വിപണി തിരിച്ചുവരും

സെപ്തംബറോടെ കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന വില്‍പ്പന തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ഞങ്ങളുടെ 60 ശതമാനത്തോളം ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

റീറ്റെയ്ല്‍ രംഗത്തെ പുതിയ പ്രവണതകളെയും വരും മാസങ്ങളിലെ കച്ചവടം എങ്ങനെയായിരിക്കുമെന്നും കെ. ഇ രംഗനാഥന്‍, ഇന്ന് വൈകീട്ട് നടക്കുന്ന ധനം വെബിനാറില്‍ വിശദീകരിക്കുന്നു.

രജിസ്റ്റര്‍ ചെയ്യാന്‍: https://bit.ly/3i8dhmq

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it