Begin typing your search above and press return to search.
ജിഎസ്ടിയില്‍ രേഖകള്‍ എത്രകാലം സൂക്ഷിക്കണം?
ജിഎസ്ടി രേഖകള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ജിഎസ്ടി വിദഗ്ധന്‍ അഡ്വ. കെ.എസ് ഹരിഹരന്‍ മറുപടി പറയുന്നു
1. ജിഎസ്ടി നിയമത്തില്‍ എത്രകാലം വരെ ബുക്കുകള്‍ സൂക്ഷിക്കണം? 2017-18ലെ അസസ് മെന്റുകള്‍ ഇനി നടത്താന്‍ പറ്റുമോ? 2023 ഡിസംബര്‍ 31ന് ശേഷം 2017-18ലെ അസസ്മെന്റുകള്‍ നടത്താന്‍ പാടില്ല എന്ന് പറയുന്നത് ശരിയാണോ?
ജിഎസ്ടിയില്‍ ഒരാള്‍ ഫയല്‍ ചെയ്യുന്ന റിട്ടേണുകളില്‍ 'ഡിമാന്‍ഡ് ആന്‍ഡ് റിക്കവറി' എന്നതുമായി ബന്ധപ്പെട്ട് തെറ്റുകള്‍ ഉണ്ടെങ്കിലോ, അല്ലെങ്കില്‍
അവിടെ നികുതിദായകന്‍ ബോധപൂര്‍വമായ മാറ്റങ്ങള്‍ വരുത്തിയ സന്ദര്‍ഭത്തിലോ അതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. 2017-18നെ സംബന്ധിച്ചിടത്തോളം ബോധപൂര്‍വം അല്ലാത്ത വീഴ്ച്ച വരുന്ന കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ട ജിഎസ്ടി നിയമത്തിലെ 73-ാം വകുപ്പ് പ്രകാരമുള്ള അവസാന തീയതി 31-12-2023 ആയിരുന്നു. 31-12-2023നോ അതിനു മുമ്പോ 2017-18ലെ അസസ്മെന്റുകള്‍ തീര്‍പ്പ് കല്‍പ്പിക്കാതിരുന്നാല്‍ പിന്നീട് സെന്‍ട്രല്‍ ജിഎസ്ടി ആക്ടിലെ 73-ാം വകുപ്പ് അനുസരിച്ച് ഇനിയും അസസ്മെന്റുകള്‍ നടത്താന്‍ പാടില്ല എന്നേയുള്ളൂ.
എന്നാല്‍ നികുതിദായകന്‍ മനപൂര്‍വമായുള്ള ഒളിച്ചുവെയ്ക്കല്‍ പോലുള്ള ഏതെങ്കിലും തട്ടിപ്പിന് വിധേയമായിട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന് തോന്നുന്നുവെങ്കില്‍ 2017-18ലെ നികുതി തീര്‍പ്പ് കല്‍പ്പിക്കേണ്ടത് 73-ാം വകുപ്പ് പ്രകാരം 05-02-2025നുള്ളിലാണ്. അതായത്, ബോധപൂര്‍വം അല്ലാത്ത ഏതെങ്കിലും കുറവുകള്‍ മൂലം സാധാരണ നിലയിലുള്ള റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ കാര്യമാണെങ്കില്‍ അത്തരത്തിലുള്ളവരുടെ 2017-18ലെ അസസ്മെന്റ് ഓര്‍ഡറുകള്‍ 31-12-2023ന് ശേഷം പുറപ്പെടുവിക്കാന്‍ പാടില്ല. 31-12-2023ന് അസസ്മെന്റ് ഓര്‍ഡറുകള്‍ പുറപ്പെടുവിക്കണമെങ്കില്‍ തന്നെ മൂന്നുമാസം മുമ്പ് അതായത് 30-09-2023ന് മുമ്പ് നോട്ടീസ് കൊടുക്കുകയും ചെയ്തിരിക്കണം എന്നും വ്യവസ്ഥയുണ്ട്.
വാര്‍ഷിക റിട്ടേണ്‍ എന്ന GSTR9 ഫയല്‍ ചെയ്യേണ്ട തീയതിയെ ആസ്പദമാക്കിയാണ് സെക്ഷന്‍ 73 ആയാലും സെക്ഷന്‍ 74 ആയാലും അസസ്മെന്റുകള്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടുള്ളത്.
2. ജിഎസ്ടിയില്‍ ബുക്ക്സ് ഓഫ് അക്കൗണ്ട് എത്രകാലം സൂക്ഷിക്കണം?
ജിഎസ്ടിയില്‍ ബുക്കുകള്‍ സൂക്ഷിച്ചുവെയ്‌ക്കേണ്ട സമയം വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതിന് നിശ്ചയിച്ച തീയതി മുതല്‍ ആറ് വര്‍ഷമാണ്. അസസ്മെന്റ് ഓര്‍ഡറുകള്‍ക്കെതിരെ അപ്പീലുകള്‍ നിലനില്‍ക്കുന്ന ഓര്‍ഡറുകള്‍ സംബന്ധിച്ച നികുതിദായകര്‍ ആണെങ്കില്‍ ആ അപ്പീല്‍ ഓര്‍ഡറിന് ശേഷം നിശ്ചിത കാലയളവ് വരെ ബുക്കുകള്‍ സൂക്ഷിക്കേണ്ടതായി വരും.
അപ്പീലുകള്‍ ഒന്നുമില്ലാത്ത കേസില്‍ വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി മുതല്‍ ആറ് വര്‍ഷം വരെയെങ്കിലും കണക്കുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സൂക്ഷിക്കണം. 2017-18ലെ വാര്‍ഷിക റിട്ടേണിന്റെ അവസാന തീയതി 05-02-2020 വരെയായിരുന്നു. അങ്ങനെയാണെങ്കില്‍, ഏറ്റവും കുറഞ്ഞത് 05-02-2026 വരെ 2017-18ലെ ബുക്ക്സ് ഓഫ് അക്കൗണ്ട്സ് സൂക്ഷിക്കാന്‍ ഒരു അസസി അല്ലെങ്കില്‍ ബിസിനസുകാരന്‍ തയാറാകണം എന്നര്‍ത്ഥം.
Next Story
Videos