ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ കേന്ദ്രം കൊച്ചിയിൽ
ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ കേന്ദ്രമായ ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ കൊച്ചിയിലെ മേക്കേഴ്‌സ് വില്ലേജിൽ ആരംഭിച്ചു. ഇതോടൊപ്പം വിവിധ ആവശ്യങ്ങൾക്കുള്ള ഐ.ഒ.ടി സെൻസറുകൾ നിർമിക്കാനുള്ള മികവിന്റെ കേന്ദ്രവും ഇവിടെ തുറന്നു.
ഗ്രാഫീൻ വളരെ നേർത്തതും ശക്തവും വഴങ്ങുന്നതുമായ വസ്തുവാണ്. കാർബൺ ആറ്റങ്ങളുടെ ഒറ്റ പാളിയാണ് ഗ്രാഫീൻ. പെൻസിലിൽ അടങ്ങിയിരിക്കുന്ന ഗ്രാഫൈറ്റ് നിർമിക്കുന്നത് ഗ്രാഫീനിൽ നിന്നാണ്. മികച്ച സൂപ്പർ കണ്ടക്ടറായ ഗ്രാഫീന്റെ ഉപയോഗം ഇലക്ട്രോണിക്സ്, ഊർജം, ബയോ ടെക്‌നോളജി രംഗത്തുമുണ്ട്.
ഡിജിറ്റൽ പരിവർത്തനത്തിനും സാമ്പത്തിക വളർച്ചയ്ക്കും പ്രധാന പങ്ക് വഹിക്കുന്ന വസ്തുവാണ് ഗ്രാഫീൻ എന്ന് ഗ്രാഫീൻ കേന്ദ്രം ഉദ്ഖാടനം ചെയ്ത കേന്ദ്ര ഇലക്ട്രോണിക്സ് -ഐ.ടി സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു . ഐ.ഒ.ടി, ഗ്രാഫീൻ, 2ഡി ഉത്പാദന രംഗത്ത് സ്റ്റാർട്ട് അപ്പുകൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ മേക്കേഴ്‌സ് വില്ലേജിൽ അവസരമുണ്ടാകും.
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്‌നോളജി എന്നിവരുടെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് പുതിയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഗവേഷണ വികസനം, ഇൻക്യുബേഷൻ, ശേഷി വർധിപ്പിക്കൽ, ടെക്‌നോളജി നവീകരണം, പരിശോധന, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാകും.