സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ഒരുങ്ങുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ധനമന്ത്രി ഡോ. തോമസ് ഐസക് വെള്ളിയാഴ്ച അവതരിപ്പിക്കുന്നതിനുള്ള കേരള ബജറ്റിന്റെ അവസാന ഘട്ട മിനുക്കു പണികളില്‍. കേന്ദ്ര ബജറ്റില്‍ സംസ്ഥാന വിഹിതം വെട്ടിക്കുറച്ചതിനാല്‍ നേരത്തെ തയ്യാറാക്കിയ ബജറ്റ് കണക്കുകളില്‍ മാറ്റം വരുത്തേണ്ട അസാധാരണ സാഹചര്യവും നേരിടേണ്ടിവന്നു ഇത്തവണ അദ്ദേഹത്തിന്.

സംസ്ഥാന

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യം ആദ്യ ഘട്ടത്തില്‍

സജീവമായി പരിഗണിച്ചെങ്കിലും യുവജന സംഘടനകളുടെ എതിര്‍പ്പു മുന്നില്‍ക്കണ്ട്

വേണ്ടെന്നു വച്ചതായി പറയപ്പെടുന്നു. അതേസമയം, സര്‍ക്കാര്‍ സംവിധാനങ്ങളുടെ

കാര്യക്ഷമത ഉയര്‍ത്താനും സാമ്പത്തിക അച്ചടക്കം വര്‍ദ്ധിപ്പിക്കാനും

ജീവനക്കാരുടെ പുനര്‍ വിന്യാസം യാഥാര്‍ത്ഥ്യമാക്കാനുള്ള നിര്‍ദ്ദേശം

ബജറ്റിലുണ്ടാകുമെന്ന സൂചന ശക്തം.

ക്ഷേമപദ്ധതികള്‍ക്ക് ഗണ്യമായ തുക നീക്കിവച്ചുള്ള ജനകീയ ബജറ്റാണ് ധനമന്ത്രി തയ്യാറാക്കിയിട്ടുള്ളതെന്ന സൂചന ശക്തമാണ്. കിഫ്ബിയെ 50,000 കോടിയില്‍ തന്നെ നിലനിര്‍ത്തി കൂടുതല്‍ ഉര്‍ജ്ജസ്വലമാക്കാനുള്ള നിര്‍ദ്ദേശങ്ങളുണ്ടായേക്കും. മദ്യത്തിന് നികുതി കൂട്ടാന്‍ സാധ്യതയുള്ളതായി അബ്കാരി രംഗത്തുള്ളവര്‍ കരുതുന്നു. കടുത്ത മാന്ദ്യത്തിലായ റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിലൂടെ ഖജനാവിനു ഗുണമുണ്ടാക്കാന്‍ ധനമന്ത്രി എന്തു നടപടിയെടുക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്.

സാമ്പത്തിക

പ്രതിസന്ധി മറികടക്കാന്‍ ബജറ്റിന് പുറത്തു നിന്ന് പണം കണ്ടെത്തുന്ന

കാര്യത്തില്‍ സംസ്ഥാനത്തിന് ഊന്നല്‍ നല്‍കേണ്ടിവരുമെന്ന് നിരീക്ഷകര്‍

പറയുന്നു. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കടുത്ത നടപടികളുണ്ടാകമെന്നും

സൂചനകളുണ്ട്.അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്

കടന്നുവരുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍

ക്ഷേമപദ്ധതികള്‍ക്ക് പണം കുറയ്ക്കുന്നതിനു കനത്ത പരിമിതികളുമുണ്ട്.

പൊതുവിപണിയില്‍ നിന്നും 4908 കോടി രൂപ വായ്പ എടുക്കാന്‍ കേന്ദ്രം അനുവദിക്കുമെന്നാണ് സംസ്ഥാനം പ്രതീഷിച്ചിരുന്നത്. എന്നാല്‍ 1920 കോടി രൂപയാണ് അനുവദിച്ചത്. ജി എസ് ടി നഷ്ടപരിഹാരം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കിട്ടാനുണ്ട്. 1600 കോടിയാണ് രണ്ട് മാസത്തിലൊരിക്കല്‍ കിട്ടേണ്ട നഷ്ടപരിഹാരം. ഈ അനിശ്ചിതത്വം സംസ്ഥാനത്തെ വല്ലാത്ത വിഷമത്തിലാഴ്ത്തി.

ഇതിനിടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ ഒന്നര ശതമാനം വര്‍ദ്ധനയുണ്ടായെന്ന് ധനമന്ത്രി വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിലും ഇതേ തോതില്‍ വളര്‍ച്ചയുണ്ടായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it