75,000 രൂപയുടെ സാധനം ഇറക്കാന്‍ ₹15,000 കൂലി! വ്യവസായ കേരളത്തില്‍ ശരിയാവാന്‍ ഇനിയുമുണ്ട് പലതും

വ്യവസായ സൗഹൃദ പട്ടികയില്‍ കേരളം അഭിമാനകരമായ ഒരു നേട്ടം സ്വന്തമാക്കിയത് ഈയിടെയാണ്. വ്യവസായ സൗഹൃദത്തില്‍ മോശം പ്രതിഛായയില്‍ നിന്ന് ടോപ് പെര്‍ഫോമര്‍ സ്ഥാനത്തേക്ക് എത്തിയെങ്കിലും കേരളം വ്യവസായ സൗഹൃദമായി കഴിഞ്ഞിട്ടുണ്ടോ? 75,000 രൂപയ്ക്ക് പന്തല്‍ കെട്ടാനുള്ള സാധനങ്ങള്‍ ഇറക്കാന്‍ തിരുവനന്തപുരത്ത് ചുമട്ടു തൊഴിലാളികള്‍ 15,000 രൂപ നോക്കുകൂലി ചോദിച്ചെന്ന വാര്‍ത്ത, എല്ലാം ശരിയായിട്ടില്ല എന്നതിനു തെളിവ്. പുതുതായി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും ലഘൂകരിച്ചതിനൊപ്പം വ്യവസായ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക കൂടി വേണമെന്ന് ആവശ്യപ്പെടുകയാണ് കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് എ. നിസാറുദ്ദീന്‍.
വ്യവസായ സൗഹൃദ പട്ടികയിലെ കേരളത്തിന്റെ മുന്നേറ്റം ഏതായാലും മാറ്റങ്ങളുടെ തുടക്കമാണെന്ന് നിസാറുദ്ദീന്‍ പറയുന്നു. 2020ല്‍ 28ാം സ്ഥാനവും തൊട്ടടുത്ത വര്‍ഷം 15ാം സ്ഥാനവും ലഭിച്ച ശേഷമാണ് കേരളം ഒന്നാമതെത്തിയത്. ചെറുകിട വ്യവസായങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അത്യാവശ്യമാണെന്ന തിരിച്ചറിവ് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായതിലൂടെയാണ് ഇത് സാധ്യമായത്. ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും സര്‍ക്കാര്‍ ലഘൂകരിച്ചു. 50 കോടിക്ക് താഴെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി. വ്യവസായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എം.എസ്.എം.ഇ ക്ലിനിക്കുകള്‍ തുടങ്ങുകയും താലൂക്ക് വ്യവസായ ഓഫീസ് താലൂക്ക് ഫെസിലിറ്റേഷന്‍ സെന്ററുകളാക്കുകയും ചെയ്തു. സ്വകാര്യ വ്യവസായ പാര്‍ക്കുകളും നിലവിലുള്ള വ്യവസായ എസ്റ്റേറ്റുകളും നോട്ടിഫൈഡ് എസ്റ്റേറ്റുകളാക്കി. ഇത്തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളത്തിന് അഭിമാനകരമായ നേട്ടം കൈവരിക്കാനായത്. എന്നാല്‍ ഇത് നിലനിര്‍ത്താനും സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ മുന്നോട്ടു വെക്കുന്നുണ്ട്. നിസാറുദ്ദീന്റെ വാക്കുകളിലേക്ക്:

ട്രേഡ് യൂണിയനുകളെ കാലോചിതമായി പരിഷ്‌ക്കരിക്കണം

കേരളത്തിലെ ട്രേഡ് യൂണിയനുകളെ കാലോചിതമായി പരിഷ്‌ക്കരിക്കണം. പരമ്പരാഗത ചുമട്ടു തൊഴിലില്‍ നിന്നും ഫോര്‍ക്ക് ലിഫ്റ്റ് / ക്രെയിന്‍ ഓപറേറ്റിംഗ് പോലുള്ള ആധുനിക തൊഴില്‍ രീതികളിലേക്ക് അവരെ പുനര്‍വിന്യസിക്കണം. ഇതുവഴി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും കൂടുതല്‍ വേതനവും ലഭിക്കും. വ്യവസായ സ്ഥാപനങ്ങളും മെച്ചപ്പെടും. വ്യവസായ സ്ഥാപനങ്ങള്‍ക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് ജോലികള്‍ ചെയ്യിക്കാനാകണം. ഇവര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കാന്‍ തൊഴില്‍ വകുപ്പും നിയമം നടപ്പിലാക്കാന്‍ പൊലീസും ക്രിയാത്മകമായി ഇടപെടണം. തൊഴിലാളി സംഘടനകള്‍ തൊഴിലാളിക്ക് തന്റെ അവകാശങ്ങള്‍ മാത്രമാണ് പറഞ്ഞുകൊടുക്കുന്നത്. തൊഴിലാളിയുടെ കടമകളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല.

ലൈസന്‍സിംഗ് വ്യവസായ വകുപ്പ് ഏറ്റെടുക്കണം

ഒരു വ്യവസായ യൂണിറ്റ് ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ലൈസന്‍സോ എന്‍.ഒ.സിയോ ആവശ്യമാണ്. ഇവയില്‍ പലതിനുമുള്ള അപേക്ഷ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയെങ്കിലും വനം വകുപ്പിന്റെ എന്‍.ഒ.സി ലഭിക്കാന്‍ ഇപ്പോഴും ഓഫ്‌ലൈന്‍ മാര്‍ഗത്തിലൂടെയേ സാധിക്കൂ. 2002നു മുമ്പ് പ്രവര്‍ത്തിച്ചിരുന്ന തടി വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2002ന് മുമ്പുള്ള കുടിശിക തീര്‍ക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കണം. വനം വകുപ്പില്‍ നിന്നും ലഭിക്കേണ്ട വിവിധ അനുമതികള്‍ സുതാര്യമാക്കണം. വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ് നടപടികള്‍ എളുപ്പമാക്കിയെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് ചട്ടങ്ങള്‍ ഇപ്പോഴും വ്യവസായ സൗഹൃദമായിട്ടില്ല. പല അപേക്ഷകളും തീര്‍പ്പാക്കാന്‍ 4-5 മാസങ്ങളെടുക്കാറുണ്ട്. ഇതൊഴിവാക്കാന്‍ ലൈസന്‍സിംഗ് നടപടികള്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കണം.

മുകളിലെല്ലാം ശരിയാണ്, താഴേക്ക് വരുമ്പോള്‍...

വ്യവസായ സൗഹൃദ നടപടികളില്‍ ഐ.എസ്.എസ്-ഉന്നത തലത്തിലെ വേഗത താഴേ തട്ടിലെ ഉദ്യോഗസ്ഥരിലെത്തുമ്പോള്‍ കുറയുന്നു. സര്‍ക്കാര്‍ തലത്തില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും അതൊന്നും താഴേത്തട്ടിലേക്ക് എത്തിയിട്ടില്ല. വ്യവസായികളുടെ പരാതികളില്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം കാണണമെന്നാണ് ചട്ടം. ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല.

മാറാന്‍ പലതുമുണ്ട്

30,000 ചതുരശ്ര അടി വരെ വിസ്തീര്‍മുള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിരക്ഷാ സേനയുടെ എന്‍.ഒ.സി ഒഴിവാക്കണം. അധികമായി കൂട്ടിച്ചേര്‍ത്ത കെട്ടിടഭാഗങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ സുതാര്യമാക്കുകയും ഇതിന്റെ ഫീസ് കുറക്കുകയും വേണം. വ്യവസായ യൂണിറ്റുകളിലെ കെട്ടിടങ്ങളില്‍ 60 ശതമാനം ഏരിയ കവറേജ് ഏരിയയായി നിലനിറുത്തണമെന്നാണ് ചട്ടം. ഇത് 20-30 ശതമാനം വരെയാക്കി കുറച്ച് ബില്‍ഡിംഗ് കോഡില്‍ മാറ്റം വരുത്തണം. നെല്‍കൃഷി ചെയ്യാത്ത ഭൂമിയില്‍ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിന് അനുമതി നല്‍കുന്ന രീതിയില്‍ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തണം. ഇതുവഴി കൂടുതല്‍ പേര്‍ക്ക് തൊഴിലും സര്‍ക്കാരിന് അധിക നികുതി വരുമാനവും ലഭിക്കും. സംസ്ഥാനത്ത് അസംസ്‌കൃത വസ്തുക്കളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കണം. ഇതുവഴി ഉത്പാദന ചെലവ് കുറയുകയും കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരം ലഭിക്കുകയും ചെയ്യും.
ചൈനയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പമെത്താന്‍ നമ്മുടെ നാട് 50 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ട സ്ഥിതിയാണെന്ന് ഈയിടെ അവിടം സന്ദര്‍ശിച്ച നിസാറുദ്ദീന്‍ പറയുന്നു. അവിടുത്തെ ഒരു ഫര്‍ണിച്ചര്‍ നിര്‍മാണ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. രണ്ട് മനുഷ്യര്‍ മാത്രമാണ് അവിടെ പണിയെടുക്കുന്നത്. ബാക്കിയെല്ലാം യന്ത്രങ്ങളുടെ സഹായത്തോടെ 24 മണിക്കൂറും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ സാധ്യതകളെ പൂര്‍ണമായും ഉപയോഗിക്കണം. പുതിയ കാലത്തെ സാങ്കേതികവിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ളവയുടെ സാധ്യതകള്‍ സംരംഭകര്‍ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  
Related Articles
Next Story
Videos
Share it