'ഗ്രീന്‍ ക്രിസ്മസ് ' പ്രഭയില്‍ കേരളം
നക്ഷത്രങ്ങളും കേക്കുകളും പുല്‍ക്കൂടും സാന്റാക്ലോസുമൊക്കെയായി വീണ്ടുമെത്തിയ ക്രിസ്മസ് കാലത്തിന് ഇക്കുറി പ്രകൃതിയുമായി ഏറെ സൗഹാര്‍ദ്ദമേകാനുള്ള ശ്രമത്തിലായിരുന്നു കേരളം. 'ഗ്രീന്‍ ക്രിസ്മസ് 'എന്ന ആശയമിണക്കിയ പുല്‍ക്കൂടും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും അലങ്കാര ഇനങ്ങളുമാണ് വിപണിയെ സജീവമാക്കിയത്.
പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷമാകാതെ, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചുള്ള ക്രിസ്മസ് ആഘോഷം എന്നതാണ് പരമ്പരാഗതമായുള്ള വെണ്മയാര്‍ന്ന ക്രിസ്മസിനെ മാറ്റിനിര്‍ത്തി ഹരിത ക്രിസ്മസ് എന്നതിലൂടെ മുന്നോട്ടു വയ്ക്കുന്നത്. ഈ സന്ദേശം പ്രചരിപ്പിച്ച് നിരവധി സംഘടനകളും രംഗത്തുണ്ട്. മുള കൊണ്ടുള്ള നക്ഷത്രങ്ങളും അലങ്കാരങ്ങളും പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കിയുള്ള വിപണനവും ഇക്കുറി ശ്രദ്ധേയം. പൂര്‍ണമായി ഒഴിവാക്കാനാവില്ലെങ്കിലും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും പുനരുപയോഗം വര്‍ധിപ്പിക്കാനുമുള്ള ബോധവല്‍ക്കരണം കൂടിയാണിതിലൂടെ സാധ്യമാകുന്നത്.
ഗ്രീന്‍ ക്രിസ്മസ് സന്ദേശവുമായി കൊച്ചി നഗരത്തിലൂടെ ചുറ്റിസഞ്ചരിച്ചിരുന്നു പച്ചനിറമുള്ള സാന്റകള്‍. പരിസ്ഥിതി സൗഹൃദ, മാലിന്യരഹിത ക്രിസ്മസ് ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പനമ്പിള്ളി നഗര്‍ റോട്ടറി ബാലഭവനില്‍ നടന്ന ഗ്രീന്‍ ക്രിസ്മസ് കാര്‍ണിവലിനോടനുബന്ധിച്ച് വെള്ളത്താടിയും പച്ച നീളന്‍ കുപ്പായവുമണിഞ്ഞ സാന്റകള്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ നഗരം ചുറ്റിയത്. പനമ്പിള്ളി നഗര്‍ റോട്ടറി ബാലഭവനില്‍ നടന്ന ഗ്രീന്‍ ക്രിസ്മസ് കാര്‍ണിവലിന്റെ ഭാഗമായാണു ഗ്രീന്‍ സാന്റകളെ അവതരിപ്പിച്ചത്.
കരോളിന്റെ ഭാഗമായി ഹരിത ക്രിസ്മസ് സന്ദേശവുമായി വീടുകളിലേക്ക് എത്തുക ഗ്രീന്‍ സാന്റകളായിരിക്കണമെന്ന് വിവിധ ക്രൈസ്തവ സഭാസമൂഹങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹാര്‍ദവും മാലിന്യരഹിതവുമായിരിക്കണം ക്രിസ്തുമസ് ആഘോഷങ്ങളെന്ന് ഈ പച്ച ക്രിസ്മസ് അപ്പൂപ്പന്മാര്‍ സന്ദേശമേകുന്നു. ക്രിസ്മസ് ട്രീകളും പരിസ്ഥിതി സൗഹാര്‍ദ്ദമായുയര്‍ത്തണമെന്ന താല്‍പ്പര്യമാണ് പൊതുവേ പ്രകടമായത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline