സ്വര്‍ണത്തെ ചാഞ്ചാട്ടത്തിലാക്കി അമേരിക്കയും ചൈനയും, സംസ്ഥാനത്ത് വില ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 6,680 രൂപയിലും പവന് 53,440 രൂപയിലും മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച് പവന് 320 രൂപ കുറഞ്ഞിരുന്നു. ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 5,540 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും ഗ്രാമിന് 89 രൂപയില്‍ തുടരുന്നു.

അന്താരാഷ്ട വിലയുടെ ചുവടു പിടിച്ച്‌

അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നതാണ് കേരളത്തിലും വിലയെ ബാധിച്ചത്. അമേരിക്കന്‍ പലിശ നിരക്കിനെ കുറിച്ചുള്ള വ്യക്തത ലഭിക്കാത്തത് സ്വര്‍ണത്തിന് ദിശ നിര്‍ണയിക്കാനാകാതെ പോകുന്നു. അടിസ്ഥാന പലിശ നിരക്കുകള്‍ കുറക്കുമെന്ന് ഉറപ്പായെങ്കിലും എത്ര ശതമാനം വരെ എന്നതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം. കാല്‍ ശതമാനം കുറവായിരിക്കും വരുത്തുക എന്നതാണ് നിഗമനങ്ങള്‍. രണ്ടു ദിവസമായി ഔണ്‍സിന് 2,516 ഡോളറില്‍ തുടര്‍ന്ന സ്വര്‍ണം ഇന്നലെ 2,496.93 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇന്ന് 0.08 ശതമാനം ഉയര്‍ന്ന് 2,498.99 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.

ഈ ആഴ്ച യു.എസ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സും പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡെക്‌സും പുറത്തുവരും. ഇവ രണ്ടും വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ പ്രകടനത്തെ സ്വാധീനിച്ചേക്കും.
സ്വര്‍ണത്തോടുള്ള കൂട്ട് വെട്ടി ചൈന
ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് തുടര്‍ച്ചയായ നാലാമത്തെ മാസവും സ്വര്‍ണം വാങ്ങല്‍ നിറുത്തിയതും സ്വര്‍ണ വിലയ്ക്ക് തിരിച്ചടിയായി. ചൈനയുടെ സ്വര്‍ണ ശേഖരം 72.8 ദശലക്ഷം ട്രോയി ഔണ്‍സില്‍ തുടരുന്നു. സ്വര്‍ണവില ഉയര്‍ന്നതിനാല്‍ ശേഖരത്തിന്റെ മൂല്യം 182.98 ബില്ല്യണ്‍ ഡോളറായി. ഈ വര്‍ഷം സ്വര്‍ണവില 21 ശതമാനമാണ് വര്‍ധിച്ചത്. പീപ്പിള്‍സ് ബാങ്ക് 18 മാസങ്ങളോളം തുടര്‍ച്ചയായി സ്വര്‍ണം വാങ്ങിയിരുന്നു. യു. എസ്. ഡോളറിനോട് ആശ്രയം കുറയ്ക്കുക ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ചൈനയെ വീണ്ടും സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിച്ചേക്കാമെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണ വില 53,440 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണത്തിന് നികുതിയും പണിക്കൂലിയുമടക്കം 57,848 രൂപയെങ്കിലും അധികമായി നല്‍കേണ്ടി വരും. സ്വര്‍ണ വിലയില്‍ വലിയ കയറ്റിറക്കങ്ങളുണ്ടാകുമ്പോള്‍ അത്യാവശ്യക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ജുവലറികളുടെ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തി വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാവുന്നതാണ്. സ്വര്‍ണം ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയും വാങ്ങുന്ന ദിവസത്തെ വിലയും താരതമ്യം ചെയ്ത് അതില്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനാകുമെന്നതാണ് മുന്‍കൂര്‍ ബുക്കിംഗിന്റെ ഗുണം. മിക്ക സ്വര്‍ണാഭരണ ശാലകളും ബുക്കിംഗ് സൗകര്യം നല്‍കുന്നുണ്ട്. വിവിധ ജുവലറികളുടെ നിബന്ധനകള്‍ മനസിലാക്കി മാത്രം ബുക്കിംഗ് സേവനം പ്രയോജനപ്പെടുത്തുക.
Related Articles
Next Story
Videos
Share it