പൊന്നിന്‍ കുതിപ്പ് തുടരുന്നു, ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍, ഈ മാസം കൂടിയത് 1,320 രൂപ

മുന്നേറ്റം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പുതിയ റെക്കോഡ് തൊട്ടേക്കാം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം തുടരുന്നു. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 7,315 രൂപയും പവന്‍ വില 240 ഉയര്‍ന്ന് 58,520 രൂപയുമായി. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. ഈ വര്‍ഷം ഇതു വരെ 1,320 രൂപയുടെ വര്‍ധനയാണ് വിലയിലുണ്ടായത്. അതേസമയം, കഴിഞ്ഞ ഒക്ടോബര്‍ 31ന് കുറിച്ച പവന് 59,640 രൂപ എന്ന റെക്കോഡില്‍ നിന്ന് 1,120 രൂപയുടെ കുറവുണ്ട്.

കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 3ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,030 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം. ഇന്നലെ ഒരു രൂപ വര്‍ധിച്ചിരുന്നു.

മുന്നേറ്റത്തിന് കാരണം

രാജ്യാന്തര വിലയുടെ ചുവടു പിടിച്ചാണ് കേരളത്തിലും മുന്നേറ്റം. ഇന്നലെ ഔണ്‍സ് സ്വര്‍ണ വില 0.73 ശതമാനം ഉയര്‍ന്ന് 2,689 ഡോളറിലെത്തിയിരുന്നു.
ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ് പ്രസിഡന്റ് സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് വഴി വയ്ക്കുന്നത്. മികച്ച ലേബര്‍ കണക്കുകള്‍ പുറത്തു വന്നത് അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുന്നതില്‍ തിടുക്കം വേണ്ടെന്ന യു.എസ് ഫെഡറല്‍ റിസവിന്റെ തീരുമാനത്തെ സാധൂകരിക്കുന്നതാണെങ്കിലും സ്വര്‍ണത്തെ ഇത് ബാധിച്ചില്ല. യു.എസ് ഡോളര്‍ ഇന്‍ഡെക്‌സ് 109.96 എന്ന നിലവാരത്തിലായതാണ് സ്വര്‍ണത്തിന് പിന്തുണ നല്‍കുന്നത്. ട്രംപിന്റെ സ്ഥാനാരോഹണം വരെ സ്വര്‍ണത്തിന്റെ നേട്ടം തുടരാനുള്ള സാധ്യതകളാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്.

ആഭരണത്തിന് ചെലവേറും

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 58,520 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 63,342 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.

Related Articles
Next Story
Videos
Share it