'നാളെയുടെ അത്ഭുതവസ്തു'വിന്റെ ഉത്പാദന ഹബ്ബാകാന്‍ കേരളം, ഇനി മുന്നേറ്റത്തിന്റെ കാലമെന്ന് മന്ത്രി

'നാളെയുടെ അത്ഭുതപദാര്‍ത്ഥ'മെന്ന് വിശേഷിപ്പിക്കുന്ന ഗ്രാഫീന്റെ (graphene) പരീക്ഷണാര്‍ത്ഥമുള്ള ഉത്പാദന കേന്ദ്രം (പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി) കേരളത്തില്‍ സ്ഥാപിക്കാന്‍ മന്ത്രിസഭയുടെ അനുമതി. കേരളത്തിന്റെ ഗ്രാഫീന്‍ മുന്നേറ്റത്തിന് കൂടുതല്‍ വേഗത കൈവരിക്കുന്നതിനും ഗ്രാഫീന്‍ ഉല്‍പ്പന്നങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിനും ഇത് സഹായിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

237 കോടി രൂപ ചെലവില്‍ പി.പി.പി മാതൃകയിലാണ് ഈ സെന്റര്‍ സ്ഥാപിക്കുക. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയായിരിക്കും നിര്‍വ്വഹണ ഏജന്‍സി. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിന്‍ഫ്രയെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (
SPV
) ആയി നിയോഗിച്ചു. പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസല്‍ തയ്യാറാക്കാനും ആഗോള താത്പര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടുന്നതിനും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി പദ്ധതിക്കായി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ അധ്യക്ഷതയില്‍ വ്യവസായവകുപ്പ്, ഐ.ടി വകുപ്പ്, കിന്‍ഫ്ര എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിക്കും.
എന്താണ് ഗ്രാഫീന് ഇത്ര പ്രസക്തി
വജ്രത്തേക്കാള്‍ അതിശക്തവും ഉരുക്കിനേക്കാള്‍ 200 മടങ്ങ് കട്ടിയുമുള്ള ഭാവിയുടെ സൂപ്പര്‍ ചാലകം എന്ന് വിളിക്കുന്ന പദാര്‍ത്ഥമാണ് ഗ്രാഫീന്‍. ഭാരം തീരെ കുറവാണെന്നതും വൈദ്യുതി ചാലകശേഷി കൂടുതലാണെന്നതുമാണ് ഗ്രാഫീനെ സവിശേഷമാക്കുന്നത്. കാര്‍ബണ്‍ ആറ്റങ്ങളുടെ പരന്നപാളിയാണിത്. വളരെ നേര്‍മയാക്കി ഉപയോഗിക്കാനാകുമെന്നതാണ് ഇവയുടെ പ്രത്യേകത.
ഒരു ഔണ്‍സ്
ഗ്രാഫീന് 28 ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പടര്‍ന്നു കിടക്കാന്‍ കഴിയും വിധം നേര്‍മ പ്രാപിക്കാന്‍ കഴിയും.

വിപ്ലവകരമായ മാറ്റങ്ങള്‍

ഇലക്ട്രോണിക്‌സ്, ഊര്‍ജോത്പാദനം, വൈദ്യശാസ്ത്രം, നാനോ ടെക്‌നോളജി, സ്‌പേസ് ടെക്‌നോളജി എന്നിവയിലൊക്കെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇതിനു കഴിയും. നിലവില്‍ അര്‍ദ്ധചാലകങ്ങളുടെ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവായി സിലിക്കണാണ് കൂടുതലായി ഉപയോഗിക്കുന്നത്. അതിനേക്കാള്‍ ഗുണമേന്മയുള്ള ഉത്പന്നമാണ് ഗ്രാഫീന്‍. എല്‍.ഇ.ഡി ബള്‍ബുകളേക്കാള്‍ പത്ത് ശതമാനം കുറവ് വൈദ്യുതി മതി ഗ്രാഫീന്‍ ബള്‍ബുകള്‍ക്ക്. പ്രകൃതിയില്‍ വലിയ തോതില്‍ ഗ്രാഫീന്‍ ലഭ്യമാണ്. ഇതിന്റെ ഗവേഷണം മെച്ചപ്പെടുത്തുന്നതിനായി 2022ലെ ബജറ്റില്‍ 15 കോടിരൂപ കേരള സര്‍ക്കാര്‍ നീക്കി വച്ചിരുന്നു.
ഗ്രാഫീന്‍ അധിഷ്ഠിത സാങ്കേതികവിദ്യാ വികസനത്തിനായി രൂപീകരിച്ച ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍ എന്ന ഗവേഷണ വികസന കേന്ദ്രം പ്രാരംഭഘട്ടത്തിലാണ്. ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഗ്രാഫീന്‍ ഉത്പന്നങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ ഒരു മധ്യതല ഗ്രാഫീന്‍ പൈലറ്റ് പ്രോഡക്ഷന്‍ യൂണിറ്റാണ് ഇപ്പോള്‍ ആരംഭിക്കുന്നത്.
Related Articles
Next Story
Videos
Share it