വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ഭൂമി തിരികെയെടുക്കാന്‍ സര്‍ക്കാര്‍
പൂട്ടിക്കിടക്കുന്ന വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ഭൂമി തിരിച്ച് ഏറ്റെടുക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് ലിക്വിഡേറ്റര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് നല്‍കി. ഏറ്റെടുക്കല്‍ നടപടിക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ നവീകരണ ആഭ്യന്തര ഓഡിറ്റിംഗ് വിഭാഗം (റിയാബ്) കമ്പനി സന്ദര്‍ശിച്ച് ഓഹരി മൂല്യനിര്‍ണയം നടത്തുകയും ഏറ്റെടുക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് കൈമാറുകയും ചെയ്തതിനു പിന്നാലെയാണ് ലിക്വിഡേറ്റര്‍ക്ക് നോട്ടീസ് നല്‍കിയത്.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് (എച്ച്.എന്‍.എല്‍) വൈക്കം വെള്ളൂരില്‍ നല്‍കിയ 700 ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ അധികാരമുണ്ടെന്ന് കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആര്‍. ഗോപാലറാവു, ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ കുല്‍ദീപ് വര്‍മ്മ എന്നിവര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. മറുപടി നല്‍കാന്‍ ലിക്വിഡേറ്റര്‍ക്ക് ഒരുമാസത്തെ സമയമുണ്ട്. എച്ച്.എന്‍.എല്ലിന് പത്രക്കടലാസ് നിര്‍മ്മാണം മാത്രമേ നടത്താവൂ എന്ന വ്യവസ്ഥയോടെ 1974-79 കാലയളവിലാണ് സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കിയത്.
എച്ച്.എന്‍.എല്ലിനെ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്‍ (എച്ച്.പി.സി ) ലിക്വിഡേറ്റ് ചെയ്യാന്‍ തുനിഞ്ഞതോടെയാണ് വെള്ളൂര്‍ ഫാക്ടറി ലിക്വിഡേറ്ററുടെ കീഴിലായത്. എച്ച്.എന്‍.എല്ലിന്റെ 100 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്.പി.സിയുടെ കൈവശമാണ്. മൂലധന പ്രതിസന്ധിയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിലക്കും മൂലം കഴിഞ്ഞ സെപ്റ്റംബറിലാണ് എച്ച്.എന്‍.എല്‍ പൂട്ടിയത്. 1,453 സ്ഥിരം തൊഴിലാളികളും 5,000 അനുബന്ധ തൊഴിലാളികളും ഇതുമൂലം വിഷമത്തിലായി. ഒരു വര്‍ഷമായി ശമ്പളം കിട്ടാത്തതിനാല്‍ കഴിഞ്ഞ ദിവസം ഒരു തൊഴിലാളി ആത്മഹത്യ ചെയ്തു. ഇതോടെയാണ്, എച്ച്.എന്‍.എല്‍ ഏറ്റെടുക്കുന്ന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്.
എച്ച്എന്‍എല്ലിനു വേണ്ടി സംസ്ഥാന സര്‍ക്കാരാണ് 700 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. കൂടാതെ പേപ്പര്‍ പള്‍പ്പിനായി മരം നട്ടു വളര്‍ത്തുന്നതിന് 5000 ഏക്കര്‍ പാട്ട ഭൂമിയും നല്‍കി. നഷ്ടത്തിലായതോടെ കമ്പനി വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യമെടുത്തത്. അതേസമയം, വിദേശ ന്യൂസ് പ്രിന്റ് ഇറക്കുമതി കുറഞ്ഞതും ആഗോള മാര്‍ക്കറ്റിലെ കടലാസ് വില വര്‍ധനയും നിലവില്‍ എച്ച്എന്‍എല്ലിന് ലാഭംകൊയ്യാന്‍ അനുകൂല ഘടകമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം 2013 മുതലാണ് നഷ്ടത്തിലായത്.
200 കോടി രൂപയുണ്ടെങ്കില്‍ ഫാക്ടറി വീണ്ടും പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പണം മുടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെങ്കിലും ഭൂമിയുടെ കൈമാറ്റം സംബന്ധിച്ച തര്‍ക്കം മൂലമാണ് തീരുമാനം നീളുന്നത്. സെപ്റ്റംബറിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിലക്ക് പിന്നീട് മരവിപ്പിച്ചെങ്കിലും പ്രവര്‍ത്തന മൂലധനം ഇല്ലാത്തതിനാല്‍ ഫാക്ടറി തുറന്നില്ല. ഇതിനിടെ എച്ച്പിസി പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ എച്ച്എന്‍എല്ലിന്റെ ആസ്തികളും മരവിപ്പിച്ചു. ഭൂമി വിട്ടു നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ വിറ്റൊഴിക്കല്‍ ചുമതലയുള്ള ലിക്വിഡേറ്ററുമായി ചര്‍ച്ച നടത്തണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline