ലോട്ടറി വില്‍പ്പന 31 വരെ നിര്‍ത്തി
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാളെ മുതല്‍ മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തിവച്ചു. നാളെ മുതല്‍ 31 വരെ മാറ്റിവച്ച നറുക്കെടുപ്പുകള്‍ ഏപ്രില്‍ അഞ്ച് മുതല്‍ ഏപ്രില്‍ പതിനാല് വരെ നടത്തും.
നിരത്തുകളില്‍ ആളില്ലാത്തത് ലോട്ടറി വില്‍പ്പനയെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്.ലോട്ടറി വില്‍പ്പനക്കാരുടെ ആരോഗ്യം കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നടപടി. സര്‍ക്കാരിന്റെ വലിയൊരു ആദായ മാര്‍ഗമാണ് ഇതോടെ താല്‍ക്കാലികമായി അടയുന്നത്. ആയിരക്കണക്കിനു ലോട്ടറി വില്‍പ്പനക്കാരുടെ ജീവിതമാര്‍ഗവും.
കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിനോട് കേരളം സഹകരിക്കും.പൊതുഗതാഗതവും വ്യാപാരമേഖലയും പൂര്‍ണമായും നിശ്ചലമാകും. ആവശ്യമായ ദീര്‍ഘദൂര ട്രെയിനുകള്‍ മാത്രമാവും സര്‍വീസ് നടത്തുക. മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ പമ്പുകളും മാത്രമാവും തുറന്നിരിക്കുക. വൈറസ് വ്യാപനം തടയുന്നത് വരെ ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങള്‍ നടപ്പിലാക്കണമെന്ന് നിയമന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
ഭാവിയില്‍ വന്നേക്കാവുന്ന വലിയ ദുരന്തത്തെ തടയാന്‍ ആവുന്ന മാര്‍ഗങ്ങളെല്ലാം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍. ജനങ്ങള്‍ വീടുകളില്‍ തന്നെ ഇരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ പൂര്‍ണമായു നടപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി കഴിഞ്ഞു. കെ.എസ്.ആര്‍.ടി ബസുകളും സ്വകാര്യബസുകളും ഓട്ടോയും ടാക്‌സിയും റോഡുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കും. കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല.
ഹോട്ടലുകളും ഭക്ഷണശാലകളും ബേക്കറികളും ബവ്‌റിജസും ബാറുകളും അടഞ്ഞുകിടക്കും. ആവശ്യസര്‍വീസായതിനാല്‍ പെട്രോള്‍ പമ്പുകള്‍ തുറക്കും.എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline