സില്‍വര്‍ ലൈന്‍ പദ്ധതി: ഹരിതോര്‍ജ്ജം മാത്രം ഉപയോഗിക്കാന്‍ ധാരണ
അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നിര്‍മാണ,
പ്രവര്‍ത്തന ഘട്ടങ്ങളില്‍ സൗരോര്‍ജം ഉള്‍പ്പെടെയുള്ള ഹരിതോര്‍ജമായിരിക്കും
നൂറു ശതമാനവും ഉപയോഗപ്പെടുത്തുക. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ
റോഡുകളിലൂടെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയുന്നതുകൊണ്ട് അന്തരീക്ഷ
മലിനീകരണം ഗണ്യമായി താഴുമെന്നും മികച്ച
പാരിസ്ഥിതിക,സാമൂഹിക,സാമ്പത്തികനേട്ടമാണ് ഇതുവഴി സംസ്ഥാനം
കൈവരിക്കുകയെന്നും പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള കെ റെയില്‍ മാനേജിംഗ്
ഡയറക്ടര്‍ വി. അജിത്കുമാര്‍ ചൂണ്ടിക്കാട്ടി.
നവീനമായ
പൊതു ഗതാഗത സൗകര്യങ്ങള്‍ സൃഷ്ടിച്ച് സംസ്ഥാനത്തെ നിലവിലുള്ള റെയില്‍വെ
സ്റ്റേഷനുകള്‍ ഉപയോഗിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് പദ്ധതി
പ്രയോജനപ്പെടുത്തുമെന്ന് നിയമസഭാംഗങ്ങള്‍ക്കുവേണ്ടി നടത്തിയ പ്രത്യേക
അവതരണത്തില്‍ അജിത്കുമാര്‍ പറഞ്ഞു. പദ്ധതിയുടെ ആകാശ സര്‍വെ പൂര്‍ത്തിയായി.
വിശദ പദ്ധതി റിപ്പോര്‍ട്ടും അലൈന്‍മെന്റ് അടുത്ത മാസത്തോടെ തയാറാകും.
അഞ്ചു
വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയിലൂടെ ഏകദേശം 7500
വാഹനങ്ങളെ സംസ്ഥാനത്തെ തിരക്കേറിയ റോഡുകളില്‍നിന്ന് വിമുക്തമാക്കാന്‍
കഴിയും. റെയില്‍പാതകളിലെ തിരക്ക് ഒഴിവാക്കാനും ഈ പാതകളിലൂടെയുള്ള ഗതാഗതം
സുഗമമാക്കാനും ലക്ഷ്യമിടുന്നു. പ്രതിദിനം റോഡുപയോഗിക്കുന്ന 46,100 പേരും
ട്രെയിനുകളില്‍ സഞ്ചരിക്കുന്ന 11,500 പേരും സില്‍വര്‍ ലൈനിലേക്കു
മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ വിലനിലവാരമനുസരിച്ചുതന്നെ 530
കോടി രൂപയുടെ പെട്രോളും, ഡീസലുമാണ് പ്രതിവര്‍ഷം ലാഭിക്കാന്‍ കഴിയുക.
ചരക്കുനീക്കത്തിലുണ്ടാകുന്ന
മാറ്റവും കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. സില്‍വര്‍ ലൈന്‍
വഴിയുള്ള ചരക്കു ഗതാഗത സംവിധാനമായ റോറോ (റോള്‍-ഓണ്‍, റോള്‍-ഓഫ്) സര്‍വീസ്
വഴി അഞ്ഞൂറോളം ചരക്കുവാഹനങ്ങള്‍ റോഡില്‍നിന്ന് പിന്മാറും. ഇത് സംസ്ഥാനത്തെ
രൂക്ഷമായ ഗതാഗതത്തിരക്ക് മാത്രമല്ല ദിനംപ്രതി വര്‍ധിക്കുന്ന റോഡപകടങ്ങളും
കുറയ്ക്കും.
രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍
ചേര്‍ത്ത് ഹരിത ഇടനാഴിയായാണ് ഈ പാത നിര്‍മിക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 532 കിലോമീറ്റര്‍ നാലു മണിക്കൂര്‍
കൊണ്ട് പിന്നിട്ട് കാസര്‍കോടെത്തുന്ന സില്‍വര്‍ ലൈന്‍ സ്റ്റേഷനുകളെ
സംസ്ഥാനത്തെ നിലവിലുള്ള മിക്ക പ്രധാന പട്ടണങ്ങളുമായും ബന്ധിപ്പിക്കും.
തിരുവനന്തപുരം, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളെ
ബന്ധിപ്പിക്കുന്നതുകൊണ്ട് ഏത് സില്‍വര്‍ ലൈന്‍ സ്റ്റേഷനില്‍നിന്നും ഈ
വിമാനത്താവളങ്ങളില്‍ ഒന്നിലേക്കെത്താന്‍ രണ്ടു മണിക്കൂറില്‍ താഴെ മതിയാകും.
പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടും ഈ സൗകര്യം.
സംസ്ഥാനത്തെ
പ്രധാന തൊഴില്‍ദാന മേഖലകളായ ഐടി പാര്‍ക്കുകള്‍ക്കടുത്തുകൂടെയാണ്
സില്‍വര്‍ലൈന്‍ പോകുന്നത്. കേരളത്തിലെത്തുന്ന ആഭ്യന്തര-വിനോദ സഞ്ചാരികള്‍
ട്രെയിന്‍ യാത്രയെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. സില്‍വര്‍ ലൈനിലെ പതിവു
സര്‍വീസുകള്‍ ഇവര്‍ക്ക് പ്രയോജനപ്പെടും. ഭാവിയില്‍ ഈ പാതയിലൂടെ പ്രത്യേക
ടൂറിസ്റ്റ് സര്‍വീസുകള്‍ നടത്താനും കഴിയും. സില്‍വര്‍ ലൈന്‍ വഴി
നഗരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാകുന്നതുവഴി സംസ്ഥാനത്തിന്റെ
മൊത്തത്തിലുള്ള സാമ്പത്തികവും വ്യാവസായികവുമായ വളര്‍ച്ച സാധ്യമാകും.
നഗരകേന്ദ്രീകരണം വന്‍തോതില്‍ ഒഴിവാക്കപ്പെടും.
ഇന്നത്തെ
യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ കേരളത്തില്‍ പുതിയ റോഡുകള്‍
നിര്‍മിക്കുന്നതും ഉള്ള റോഡുകള്‍ വീതികൂട്ടുന്നതും പ്രയാസമാണ്. സില്‍വര്‍
ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ഏറ്റെടുക്കേണ്ടിവരുന്നത് 1226.45 ഹെക്ടറാണ്.
ഇത് ഒരു നാലുവരി പാത നിര്‍മിക്കുന്നതിനുവേണ്ടി ഏറ്റെടുക്കേണ്ടിവരുന്ന
ഭൂമിയുടെ പകുതി മാത്രമാണ്. പുതിയ റോഡുകള്‍ക്കു വേണ്ടിവരുന്ന സാമ്പത്തിക
ബാധ്യത ഇങ്ങനെ ഗണ്യമായി കുറയ്ക്കാന്‍ സില്‍വര്‍ ലൈനിലൂടെ കഴിയുമെന്നു
മാത്രമല്ല റോഡുകള്‍ക്കുവേണ്ടി നഷ്ടപ്പെടുന്ന ഭൂമിയും ഭൂവുടമകളുടെ
കഷ്ടപ്പാടും കുറയും. ഭൂമി നല്‍കുന്നവര്‍ക്ക് മികച്ച രീതിയിലുള്ള
നഷ്ടപരിഹാരമാണ് പദ്ധതിയില്‍ വക കൊള്ളിച്ചിരിക്കുന്നത്.നിര്‍മാണ കാലയളവില്‍
പ്രതിവര്‍ഷം അര ലക്ഷം തൊഴിലവസരങ്ങളാകും ലഭിക്കുക.
കാസര്‍കോട്
- തിരൂര്‍ 222 കിലോമീറ്റര്‍ പാത നിലവിലെ റെയില്‍വേ പാതയ്ക്ക്
സമാന്തരമായുള്ളതാണ്. തിരൂര്‍-തിരുവനന്തപുരം 310 കിലോമീറ്റര്‍ പാത നിലവിലെ
റെയില്‍ പാതയില്‍നിന്നും അകലെയായിരിക്കും. നിലവിലുള്ള റെയില്‍പാതയിലെ
കൊടുംവളവുകള്‍ കാരണം പുതിയ സ്ഥലങ്ങളിലൂടെയാകും പാത കടന്നു പോകുക.
പാരീസിലെ
സിസ്ട്ര, ജിസി-യാണ് കെ-റെയിലിനുവേണ്ടി സാധ്യതാ റിപ്പോര്‍ട്ട്
തയാറാക്കിയത്. ഇതനുസരിച്ച് അഞ്ചു വര്‍ഷം കൊണ്ട് നിര്‍മാണം
പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്നത് 66,079 കോടി രൂപയാണ്. കേരള സര്‍ക്കാരും
ഇന്ത്യന്‍ റെയില്‍വെയും ചേര്‍ന്ന് രൂപം നല്‍കിയ കേരള റെയില്‍ വികസന
കോര്‍പറേഷനാണ് പദ്ധതി നടപ്പാകുന്നത്. പദ്ധതിച്ചെലവിന്റെ ഗണ്യമായ ഭാഗം
അന്താരാഷ്ട്ര ധനസഹായ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയിലൂടെ കണ്ടെത്തും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline