വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ എന്തിനാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധ സമരംസംഘടിപ്പിക്കുന്നത്?

സാമ്പത്തിക മാന്ദ്യത്തിനു പുറമെ പ്രളയവും കോവിഡും തകിടം മറിച്ച കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരാന്‍ ഏറ്റവും പ്രധാനമായി വരേണ്ടത് വ്യാപാര വ്യവസായ മേഖലയിലെ വിവിധ നടപടികള്‍ സ്വീകരിക്കലാണെന്ന് കേരള വ്യാപാരി വികസന ഏകോപന സമിതി. കോവിഡ് നിയന്ത്രണങ്ങള്‍ പ്രായോഗികമാക്കുന്നതും വഴിയോര കച്ചവടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബര്‍ 3 ചൊവ്വാഴ്ച കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സമിതി അംഗങ്ങള്‍ സമരം നടത്തുകയാണ്. വിവിധ മേഖലകളിലായി 144 നിയന്ത്രണങ്ങള്‍ പാലിച്ച് കോവിഡ് വ്യാപന നിയന്ത്രണങ്ങള്‍ കൈക്കൊണ്ടാകും സമരം നടക്കുകയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ട്രഷറര്‍ ടി. പി ജയപ്രകാശ് പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും അതാത് പ്രദേശങ്ങളിലുള്ള ഓഫീസുകള്‍ക്കു സമീപവും അഞ്ചുപേരടങ്ങുന്ന ചെറു സംഘങ്ങളുടെ നില്‍പ്പു സമരം ആണ് നടത്തുക. കണ്ടെയ്മെന്റ് സോണില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രായോഗികത കൊണ്ടുവരിക, വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണ സമയം തുറന്ന് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കുക, സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ അനിയന്ത്രിതമായ കടപരിശോധനയും അന്യായ പിഴയും അവസാനിപ്പിക്കുക, ലക്ഷ്യം വെച്ചതിലും കൂടുതല്‍ പിരിച്ച പ്രളയ സെസ് പിന്‍വലിക്കുക, GST R 2 b പ്രകാരം ഇന്‍പുട്ടിന്റെ പേരില്‍ അയക്കുന്ന നോട്ടിസുകള്‍ പിന്‍വലിക്കുക, ലോണുകളുടെ മൊറട്ടോറിയം കാലത്തെ പലിശയും പിഴപലിശയും ഒഴിവാക്കുക, വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതി അംഗങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിലെ മൂന്നു കോടി ജനങ്ങളില്‍ ഒന്നരക്കോടിയോളം വ്യാപാര വ്യവസായവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തൊഴില്‍ വ്യവസായ മേഖലകളുമായി മുന്നോട്ട് പോകുന്നവരാണ്. എന്നാല്‍ ഈ മേഖലയെ സംരക്ഷിക്കുന്ന നയങ്ങളല്ല സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊള്ളുന്നതെന്നാണ് സമിതി വ്യക്തമാക്കുന്നത്.

പ്രായോഗിക നടപടികളാണ് വേണ്ടത്

'കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നപേരില്‍ ഒരു പ്രദേശം മുഴുവന്‍ അടച്ചിടുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് ശ്വാസം മുട്ടുന്ന വ്യാപാരികള്‍ക്ക് വീണ്ടും തിരിച്ചടിയാണ്. ഒരു വ്യാപാര സ്ഥാപനത്തില്‍ കോവിഡ് രോഗിയോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോ വരുമ്പോള്‍ ആ സ്ഥാപനം അടച്ചിട്ട് സമീപ സ്ഥാപനങ്ങള്‍ക്കു കൂടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ശരിയായ അണുവിമുക്ത നടപടികള്‍ കൈക്കൊണ്ട് ജനങ്ങളെ ഭീതിയില്ലാതെ വീണ്ടും സ്ഥാപനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ കേരളത്തില്‍ പലയിടങ്ങളിലും നടത്തുന്നില്ല. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്ന ആശയം പ്രായോഗികമായി നടപ്പാക്കുന്നില്ല ഇവിടെ. മാത്രമല്ല ഒരു പ്രദേശം മുഴുവന്‍ ലോക്ഡൗണ്‍ ആക്കുന്നത് പ്രായോഗിക നടപടിയല്ലെന്നും സര്‍ക്കാര്‍ ഈ വിഷയത്തെ ശാസ്ത്രീയ പരമായി മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കുക എന്നതുമാണ് സമരക്കാര്‍ ഉന്നയിക്കുന്ന ഏറ്റവും പ്രാഥമികമായ ആവശ്യം' ഏകോപന സമിതിക്ക് വേണ്ടി ജയപ്രകാശ് പറഞ്ഞു.

ചെറുകിട വ്യാപാരികള്‍ കുരുക്കില്‍

ചെറുകിട വ്യാപാരികള്‍ ലോണ്‍ എടുത്തും എല്ലാ നിയമ നടപടികളും വിവിധ സര്‍ട്ടിഫിക്കേഷനുകളും മറ്റും എടുത്ത് തങ്ങളുടെ സ്ഥാപനം മുന്നോട്ട് കൊണ്ട്‌പോകുമ്പോള്‍ വഴിവാണിഭക്കാര്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് കോവിഡ് കാലത്ത് ഇവര്‍ കച്ചവടം നടത്തുന്നത്. നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായതും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നതുമെല്ലാം കോവിഡ് കാലത്ത് ഈ കച്ചവടക്കാരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും എല്ലാത്തരം മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് ഇവരെ ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ട് വരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.

മാത്രമല്ല വാറ്റ് എടുത്തുമാറ്റിയിട്ടു പോലും ഇപ്പോഴും പലര്‍ക്കും തിരിച്ചടയ്ക്കാനുള്ള ഭീമമായ തുകയ്ക്ക് നോട്ടീസുകള്‍ എത്തുന്നുണ്ടെന്നതും ജിഎസ്ടി കൃത്യമായി അടയ്ക്കുന്ന ഇവര്‍ക്ക് വാറ്റ് കുടിശ്ശിക തലവേദന സൃഷ്ടിക്കുന്നതായും സമിതി പറയുന്നു. കച്ചവടം നിര്‍ത്തി പോയവര്‍ക്കും സ്ഥാപനം പൂട്ടിപ്പോയവര്‍ക്കും വന്‍ തുകകളാണ് ഈ ഇനത്തില്‍ ഇപ്പോഴും ബാധ്യതയാകുന്നത്. കൂടാതെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ വ്യാപാരി വ്യവസായി സമൂഹം മുന്നോട്ട് വയ്ക്കുന്ന വിവിധ ആവശ്യങ്ങള്‍ക്ക് ഉടന്‍ തീര്‍പ്പാക്കാനുള്ള ആവശ്യവുമായാണ് സമരം നടക്കുക. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചായിരിക്കും സമരം നടക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it