ഹര്‍ത്താല്‍ ആഹ്വാനം തള്ളി വ്യാപാരികള്‍; കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരേ ചില സംഘടനകള്‍ സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും മലപ്പുറം ജില്ലയിലൊഴികെ എല്ലായിടത്തും തന്നെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സ്വകാര്യ ബസുകള്‍ ഓടുന്നില്ല. ചില ബസുകള്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും സമരാനുകൂലികള്‍ തടഞ്ഞു.
ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ അഗ്‌നിരക്ഷാസേന സ്ട്രൈക്കിംഗ് സംഘത്തെയും പ്രശ്നസാധ്യതയുള്ള മേഖലകളില്‍ എക്്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും നിയോഗിച്ചു.അക്രമങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാനത്ത് മൊത്തം 70 ല്‍ അധികംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചിലയിടങ്ങളില്‍ ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി.മലപ്പുറത്തെ തിരൂരില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടെ തടഞ്ഞു.
കണ്ണൂരില്‍ റോഡ് ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ബസ് തടയാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞു. 25 സമരാനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് വാളയാറില്‍ തമിഴ്നാട് ആര്‍ ടി സി ബസിനും ആലുവയില്‍ കെ എസ് ആര്‍ ടി സി ബസിനും നേരെ കല്ലേറുണ്ടായി.കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലേക്ക് പ്രകടനമായി എത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇവിടെ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
പാലക്കാട് കെ എസ് ആര്‍ ടി സി ബസ് തടയാന്‍ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. വേളാങ്കണ്ണിയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിനു നേരെ കല്ലെറിഞ്ഞു. വയനാട് പുല്‍പ്പള്ളിയിലും വെള്ളമുണ്ടയിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. അരുവിക്കരയിലും കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലെറിഞ്ഞു. പാലക്കാട് ആലപ്പുഴ മണ്ണഞ്ചേരിയില്‍ തൊടുപുഴക്ക് സര്‍വീസ് നടത്തുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞ ശേഷം താക്കോല്‍ ഊരിക്കൊണ്ടുപോയി.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ, ബി എസ് പി, മൈനോറിറ്റി വാച്ച് തുടങ്ങിയ സംഘടനകളുടെ സമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയതിട്ടുള്ളത്. ശബരിമല തീര്‍ഥാടനം തടസ്സപ്പെടാതിരിക്കാന്‍ റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായും തദ്ദേശ വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തില്ലെന്നും സമിതി അറിയിച്ചിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline