ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി കൊച്ചി ബിനാലെ പ്ലാറ്റിനം പേട്രണ്‍മാരുടെ നിരയിലേക്ക്

ലുലു ഫിനാഷ്യല്‍ ഗ്രൂപ്പിന്റെ എംഡി അദീബ് അഹമ്മദ് ഈ വര്‍ഷം ഡിസംബര്‍ 12 മുതല്‍ നടക്കുന്ന കൊച്ചി-മുസരിസ് ബിനാലേയുടെ നാലാം പതിപ്പിന് ഒരു കോടി രൂപ നല്‍കി.

അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ എംഡി അദീബ് അഹമ്മദ് ബിനാലെയുടെ പ്ലാറ്റിനം പേട്രണ്‍മാരുടെ നിരയിലേക്ക് കടന്നു കൊണ്ടാണ് ഈ പിന്തുണ പ്രഖ്യാപിച്ചത്.

കൊച്ചി-മുസരിസ് ബിനാലേയെ പിന്തുണക്കാന്‍ ലഭിച്ച ഈ അവസരത്തില്‍ താന്‍ ഏറെ ആഹ്ലാദവാനാണെന്ന് ലുലു ഫിനാഷ്യല്‍ ഗ്രൂപ്പ്, ടേബിള്‍സ്, ട്വന്റി 14 ഹോള്‍ഡിങ്‌സ് എന്നിവയുടെ മാനേജിങ് ഡയറക്ടറായ അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയുടെ കലാ-സാംസ്ക്കാരിക പശ്ചാത്തലം വികസിപ്പിക്കുന്നതില്‍ ബിനാലെ ഫൗണ്ടേഷന്‍ മികച്ച സംഭാവനയാണു നല്‍കുന്നതെന്നും അതിനു പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കലയും കലാകാരന്‍മാരും മാത്രമുള്‍പ്പെട്ട ഒന്നല്ല കൊച്ചി ബിനാലെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലയും സമൂഹവും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും അതിനെ എളുപ്പത്തില്‍ മനസിലാക്കുന്നതിനുമുള്ള നീക്കങ്ങളാണ് വര്‍ഷങ്ങളായി നടത്തി വരുന്നത്. ഫൗണ്ടേഷന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഇന്‍സ്റ്റലേഷനുകള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. ഈയൊരു ചരിത്രത്തിന്റെ ഭാഗമാകുന്നതില്‍ ഏറെ ആവേശ ഭരിതനാണെന്നും 2018 ല്‍ ഈ നീക്കങ്ങള്‍ കൂടുതല്‍ വിപുലമാകുന്നതിനു കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നീക്കം ബിനാലെയുടെ വളര്‍ച്ചയ്ക്ക് ചാലക ശക്തിയാകുമെന്ന് അദീബ് അഹമ്മദിന്റെ സംഭാവനയെ പ്രകീര്‍ത്തിച്ചു കൊണ്ട് കെ.ബി.എഫ്. പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

രാജ്യത്തിന്റെ സാംസ്‌ക്കാരിക പശ്ചാത്തലം മൊത്തത്തിലും കേരളത്തിന്റേതു പ്രത്യേകമായും മാറ്റിമറിക്കുന്നതാണ് ബിനാലെ. അദ്ദേഹത്തിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും പ്രകീര്‍ത്തിക്കുകയും ചെയ്യന്നതായും ബോസ് കൃഷ്ണമാചാരി കൂട്ടിച്ചേര്‍ത്തു.

കൊച്ചി-മുസരീസ് ബിനാലെയ്ക്കു ലഭിക്കുന്ന കോര്‍പറേറ്റ് പിന്തുണയുടെ മറ്റൊരു മുന്നേറ്റമാണ് ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നതെന്ന് സംഭാവന സ്വാഗതം ചെയ്തു കൊണ്ട് കെ.ബി.എഫ്. സെക്രട്ടറിയും പ്രമുഖ കലാകാരനുമായ റിയാസ് കോമു പറഞ്ഞു. കേരളത്തിന്റെ സംസ്‌ക്കാരത്തിലും വാണിജ്യത്തിലും വന്‍ സ്വാധീനം ചെലുത്തുന്ന ഒരു യഥാര്‍ത്ഥ അന്താരാഷ്ട്ര കലാ പരിപാടിയായി ഇതു മാറിയിരിക്കുകയാണ്.

ബിനാലെയുടെ പ്രാധാന്യവും സ്വാധീനവും അംഗീകരിക്കപ്പെട്ടതില്‍ ഏറെ അഭിമാനമുണ്ടെന്നും അദീബ് അഹമ്മദിന്റെ പിന്തുണ ബിനാലെയുടെ ആശയത്തിലും കാഴ്ചപ്പാടിലും അദ്ദേഹത്തിനുള്ള വിശ്വാസം കൂടിയാണു ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ ഒരു സാംസ്‌ക്കാരിക നിക്ഷേപം നടത്തുന്ന അദ്ദേഹത്തെ തങ്ങള്‍ അഭിനന്ദിക്കുന്നതായും റിയാസ് കോമു പറഞ്ഞു.

അനിതാ ദുബെ ക്യൂറേറ്റു ചെയ്യുന്ന കൊച്ചി-മുസരിസ് ബിനാലെയുടെ നാലാമതു പതിപ്പ് 2018 ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെയാണു നടക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it