കിറ്റെക്‌സിന് ലാഭത്തില്‍ വന്‍ വളര്‍ച്ച; 7% മുന്നേറ്റത്തില്‍ ഓഹരികള്‍

കുട്ടികളുടെ വസ്ത്രനിര്‍മാണ രംഗത്ത് പ്രമുഖരായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ 19.74 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 2.96 കോടിയെ അപേക്ഷിച്ച് ലാഭം 577 ശതമാനം കുതിച്ചുയര്‍ന്നു.തൊട്ടു മുന്‍പാദമായ ഒക്ടോബര്‍-ഡിസംബറിലെ 14.96 കോടിയുമായി നോക്കുമ്പോള്‍ 32 ശതമാനം വര്‍ധനയുണ്ട്.

അവലോകന കാലയളവില്‍ കിറ്റെക്‌സിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തിലെ 114.83 കോടി രൂപയില്‍ നിന്ന് 53.5 ശതമാനം വര്‍ധനയോടെ 176.29 കോടി രൂപയായി. ഡിസംബര്‍ പാദത്തില്‍ രേഖപ്പടുത്തിയത് 166.63 കോടി രൂപയുടെ വരുമാനമായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലിടിവ്
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭം മുന്‍ വര്‍ഷത്തെ 56.92 കോടി രൂപയില്‍ നിന്ന് 55.83 കോടി രൂപയായി കുറഞ്ഞു. ഇക്കാലയളവില്‍ വരുമാനം 631.17 കോടി രൂപയാണ്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ 601.05 കോടി രൂപയില്‍ നിന്ന് അഞ്ച് ശതമാനം വര്‍ധിച്ചു.
ഓഹരിയൊന്നിന് 1.50 രൂപ വീതം ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

കടം കുത്തനെ ഉയര്‍ന്നു

കിറ്റെക്‌സിന്റെ സംയോജിത കടം കഴിഞ്ഞ വര്‍ഷത്തെ 25 കോടി രൂപയില്‍ നിന്ന് 681 കോടി രൂപയായി വര്‍ധിച്ചു. തെലങ്കാനയില്‍ സ്ഥാപിക്കുന്ന കിറ്റെക്‌സ് അപ്പാരല്‍ പാര്‍കിസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായാണ് കൂടുതല്‍ വായ്പയെടുത്തത്. പദ്ധതിക്കായി കഴിഞ്ഞ വര്‍ഷം 292 കോടി രൂപ മുടക്കിയ സ്ഥാനത്ത്‌ ഈ വര്‍ഷം 886 കോടി രൂപയായി ഉയര്‍ന്നു.

കിറ്റെക്‌സ് അപ്പാരല്‍ പാര്‍ക്‌സ് ലിമിറ്റഡില്‍ 70 ശതമാനം ഓഹരി പങ്കാളിത്തം കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനും 30 ശതമാനം ഗ്രൂപ്പിലെ കിറ്റെക്‌സ് ചില്‍ഡ്രന്‍വെയര്‍ ലിമിറ്റഡിനുമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 2,890 കോടി രൂപയാണ് പാര്‍ക്കിന്റെ നിര്‍മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്.

കുതിച്ചുയര്‍ന്ന് ഓഹരികള്‍

ഇന്നലെയാണ് കമ്പനി പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഓഹരി വിപണികള്‍ ഇന്നലെ അവധിയായിരുന്നതിനാല്‍ ലാഭത്തിലെ കുതിപ്പ് ഇന്നാണ് വിപണി ആഘോഷിച്ചത്. ഇന്ന് രാവിലത്തെ സെഷനില്‍ കിറ്റെക്‌സ് ഓഹരികള്‍ ഏഴ് ശതമാനത്തോളം കുതിച്ച് ഉയര്‍ന്നു. നിലവില്‍ അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് 223.10 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. ഒരു വര്‍ഷക്കാലയളവില്‍ 40 ശതമാനവും മൂന്ന് വര്‍ഷക്കാലയളവില്‍ 97 ശതമാനത്തിലധികവും നേട്ടം നല്‍കിയിട്ടുണ്ട് കിറ്റെക്‌സ് ഓഹരികൾ. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 1,421 കോടി രൂപയാണ് കിറ്റെക്‌സിന്റെ വിപണി മൂല്യം.
Related Articles
Next Story
Videos
Share it