കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് വേണമെന്ന പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം യാഥാര്‍ത്ഥ്യത്തിലേക്കടുക്കുന്നു. കപ്പല്‍ സര്‍വീസ് നടത്താന്‍ താത്പര്യമറിയിച്ച് കോഴിക്കോട് നിന്നുള്ള ജബല്‍ വെഞ്ച്വേഴേസ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം മൂന്ന് കമ്പനികള്‍ രംഗത്തെത്തി.
മുംബൈ കമ്പനിയായ മറൈന്‍ ആന്‍ഡ് ഓഫ് ഷോര്‍, ചെന്നൈയില്‍ നിന്നുള്ള വൈറ്റ് സീ ഷിപ്പിംഗ് എന്നിവയാണ് കേരള മാരിറ്റൈം ബോര്‍ഡിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ള മറ്റ് രണ്ട് കമ്പനികള്‍. ഏപ്രില്‍ 22 വരെയായിരുന്നു ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയം.
കമ്പനികള്‍ നല്‍കിയിട്ടുള്ള പ്രൊപ്പോസല്‍ വിശദമായി പഠിച്ച ശേഷമാകും അടുത്ത തലത്തിലേക്ക് കടക്കുകയെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള
ധനം ഓണ്‍ലൈനിനോട് പറഞ്ഞു.
ഏതു തരം കപ്പലാണ് ഉദ്ദേശിക്കുന്നത്, നിരക്ക്, എത്ര പേര്‍ക്ക് സഞ്ചരിക്കാം, സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കമ്പനികള്‍ എന്താണ് പ്രതീക്ഷിക്കുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നിലവില്‍ താത്പര്യം അറിയിച്ച കമ്പനികളുമായി അടുത്ത രണ്ടാഴ്ചയ്ക്കം ചര്‍ച്ച നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മേഖലയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള കമ്പനികളാണ് പ്രൊപ്പോസല്‍ നല്‍കിയിരിക്കുന്നത്. കപ്പല്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താനുള്ള പ്രൊപ്പോസലാണ് ജബല്‍ വെഞ്ച്വേഴ്‌സ് നല്‍കിയിട്ടുള്ളത്.
ഏറെക്കാലത്തെ കാത്തിരിപ്പ്
കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ച കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്നിരുന്നു. മാരിടൈം ബോര്‍ഡ് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ മൂന്ന് ഷിപ്പിംഗ് കമ്പനികളുടെ പ്രതിനിധികളും ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനികളുടെ പ്രതിനിധികളുമാണ് പങ്കെടുത്തത്. കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെയും പരിഗണിക്കുന്നുണ്ട്. നിലവിൽ വലിയ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ ഇവിടങ്ങളിൽ സൗകര്യമില്ലാത്തതിനാല്‍ കൊച്ചിയ്ക്കാണ് സാധ്യത കൂടുതല്‍.
പദ്ധതി നടപ്പിലായാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവസികള്‍ക്ക് കുറഞ്ഞ ചെലവില്‍ കുടുംബവുമൊത്ത് യാത്രാ ചെയ്യാന്‍ അവസരം ലഭിക്കും. അവധിക്കാലങ്ങളിലും മറ്റും വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത് പ്രവാസികളെ വലയ്ക്കാറുണ്ട്. ചില സമയങ്ങളില്‍ 50,000 രൂപ മുതല്‍ 80,000 രൂപ വരെയൊക്കെയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ കപ്പലില്‍ 25,000 രൂപയ്ക്ക് യാത്രചെയ്യാനായേക്കും. മാത്രമല്ല ലഗേജായി 75 മുതല്‍ 200 കിലോഗ്രാം വരെ കൊണ്ടു വരാനുള്ള സൗകര്യമുണ്ടാകുന്നതും നേട്ടമാകും. മൂന്ന് മുതല്‍ നാല് ദിവസം വരെയാണ് കൊച്ചി-ഗള്‍ഫ് യാത്രയ്ക്കായി വേണ്ടി വരുന്ന സമയം.