Begin typing your search above and press return to search.
കൊല്ലവും ലക്ഷദ്വീപും അയോധ്യയും വരെ, കൊച്ചി വാട്ടര്‍ മെട്രോയുടെ പാത പിന്തുടരാന്‍ 18 നഗരങ്ങള്‍, പ്രാരംഭ പഠനം തുടങ്ങി
തടാകം, പുഴ, ജലാശയങ്ങള്‍, കായലുകള്‍, സമുദ്രം തുടങ്ങി വൈവിധ്യമാര്‍ന്നയിടങ്ങളിലാണ് വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യത തേടുന്നത്
കൊച്ചി വാട്ടര്‍ മെട്രോ വിജയകരമായതോടെ കേന്ദ്ര ഗവണ്‍മെന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
അഹമ്മദാബാദ്-സബര്‍മതി, സൂറത്ത്, മംഗലാപുരം, അയോധ്യ, ധുബ്രി, ഗോവ, ഗോഹത്തി, കൊച്ചി, കൊല്ലം, കൊല്‍ക്കത്ത, പാട്ന, പ്രയാഗ്രാജ്, ശ്രീനഗര്‍, വാരണാസി, മുംബൈ, വാസായ്, ലക്ഷദ്വീപ്, ആന്തമാന്‍ എന്നിവിടങ്ങളിലാണ് വാട്ടര്‍ മെട്രോയ്ക്കുള്ള സാധ്യത പരിഗണിക്കുന്നത്.
സാധ്യത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാം എന്നതില്‍ അന്തിമ തീരുമാനം ആയാല്‍ ആ സ്ഥലങ്ങളിലെ വാട്ടര്‍ മെട്രോയുടെ വിശദ പദ്ധതി രേഖ (ഡിപിആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ അരംഭിക്കും.
തടാകം, പുഴ, ജലാശയങ്ങള്‍, കായലുകള്‍, സമുദ്രം തുടങ്ങി വൈവിധ്യമാര്‍ന്നയിടങ്ങളിലാണ് വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യത തേടുന്നത്. ഗോഹത്തിയില്‍ ബ്രഹ്‌മപുത്ര നദിയിലാണ് വാട്ടര്‍ മെട്രോ ആരംഭിക്കാനുദ്ദേശിക്കുന്നതെങ്കില്‍ ജമ്മു- കാശ്മീരില്‍ ഇത് ദാൽ തടാകത്തിലാണ് അരംഭിക്കുന്നത്. ആന്തമാനിലാകട്ടെ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
പ്രകടന മികവിന് അംഗീകാരം
മികച്ച യാത്രാനുഭവം പ്രദാനം ചെയ്തുകൊണ്ടും മെട്രോ ട്രയിനിലേതിന് സമാനമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും പൂര്‍ണമായും പരിസ്ഥിതി സൗഹൃദവുമായും സജ്ജീകരിച്ച കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ഇതേ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികള്‍ക്കു തുടക്കമിടുന്നത്.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് കഴിഞ്ഞ നവംബറിലാണ് കൊച്ചി മെട്രോയോട്18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള സാധ്യത പഠനം നടത്താന്‍ ആവശ്യപ്പെട്ടത്. ഇതേ തടര്‍ന്ന് കണ്‍സള്‍ട്ടന്‍സി വിഭാഗം രൂപീകരിക്കാന്‍ കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതോടെ ഇന്‍ഹൗസ് കമ്മറ്റി രൂപകീരിച്ച് വാട്ടര്‍ മെട്രോ ഇതര സ്ഥലങ്ങളില്‍ ആരംഭിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ ആരംഭിച്ചു. ആവശ്യമെങ്കില്‍ പുറത്തുനിന്നുള്ള വിദഗ്ധ സേവനവും തേടും.
കേരളത്തിനും കെഎംആര്‍എല്ലിനും വാട്ടര്‍മെട്രോയ്ക്കും ലഭിച്ച വലിയ അംഗീകാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഇത്രയും സ്ഥലങ്ങളിലെ വൈവിധ്യമാര്‍ന്ന ജലകേന്ദ്രങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കുക എന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെങ്കിലും പരിചയ സമ്പന്നരായ മനുഷ്യവിഭവശേഷി ഇക്കാര്യത്തില്‍ കെഎംആര്‍എല്ലിന് കരുത്താണ്.
Next Story
Videos