''കൊച്ചി ഇനി ഇന്ത്യയുടെ സമ്മേളന നഗരി''

ലുലു ബോള്‍ഗാട്ടി പദ്ധതിയിലൂടെ കൊച്ചി ഇന്ത്യയുടെ മൈസ് (മീറ്റിംഗ്‌സ്, ഇന്‍സെന്റീവ്‌സ്, കണ്‍വെന്‍ഷന്‍സ്, എക്‌സിബിഷന്‍സ്) ടൂറിസം ഹബ്ബാകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി. തന്റെ സ്വപ്‌ന പദ്ധതി കേരളത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും പുതിയ നിക്ഷേപങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം മനസു തുറക്കുന്നു.

ഡ്രീം പ്രോജക്ട്

കൊച്ചി ബോള്‍ഗാട്ടിയില്‍ പ്രവര്‍ത്തന സജ്ജമായ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും ഗ്രാന്‍ഡ് ഹയാത് ആഡംബര ഹോട്ടലും ലുലു ഗ്രൂപ്പിന്റെ ഡ്രീം പ്രോജക്റ്റാണ്. 1800 കോടി രൂപയാണ് പദ്ധതിയുടെ മുതല്‍ മുടക്ക്. ഇത് ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ്. ഇന്ത്യയുടെ ടൂറിസം ഭൂപടത്തില്‍ കേരളത്തിനും കൊച്ചിക്കും ഒരുപടി കൂടി മുന്നേറാന്‍ ഈ പ്രോജക്ട് അവസരമേകും.

ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍

മൊത്തം 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിതൊരുക്കിയ കണ്‍വെന്‍ഷന്‍ സെന്ററും ഹോട്ടലുമുള്‍പ്പെടുന്ന പദ്ധതി രാജ്യാന്തര മേളകളെ കൊച്ചിയിലേക്കാകര്‍ഷിക്കും. ഏകദേശം 10,000ല്‍ അധികം ആളുകളെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാണ് ഹോട്ടലിലും കണ്‍വെന്‍ഷന്‍ സെന്ററിലുമുള്ള ഹാളുകള്‍.

മൈസ് ടൂറിസം

കൊച്ചിയെയും കേരളത്തെയും മൈസ് ടൂറിസത്തിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യമാണ് 1800 കോടി രൂപയുടെ ബൃഹത് പദ്ധതി കൊണ്ട് ലുലു ഗ്രൂപ്പ് ഉന്നം വെയ്ക്കുന്നത്. ലോകത്ത് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന മേഖലകളിലൊന്നാണ് കണ്‍വെന്‍ഷന്‍ ടൂറിസം.

കണ്‍വെന്‍ഷന്‍ രംഗത്ത് ഉണ്ടാകാന്‍ പോകുന്ന നേട്ടങ്ങള്‍ ടൂറിസവുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റു മേഖലകള്‍ക്കും ഗുണം ചെയ്യും.

മൈസ് ടൂറിസം കേരളത്തിന്റെ സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തും. പ്രധാനപ്പെട്ട മേളകള്‍ക്കെല്ലാം ഇനി മുതല്‍ കൊച്ചി വേദിയാകും. രാജ്യത്തെ ഏറ്റവും വലിയ സമ്മേളന നഗരമായി കൊച്ചി മാറും.

ഹയാത് ഹോട്ടല്‍

ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാന്‍ഡ് ഹയാത് ഹോട്ടലാണ് ബോള്‍ഗാട്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അതിഥികള്‍ക്കായി 42 സ്വീറ്റ് റൂമുകളുള്‍പ്പെടെ 265 മുറികള്‍ ഒരുക്കിയിരിക്കുന്നു. പ്രെസിഡന്‍ഷ്യല്‍ സ്വീറ്റും ക്ലബ് റൂമുകളും ഇതിന്റെ ഭാഗമാണ്. രാഷ്ട്രത്തലവന്മാര്‍ക്ക് താമസിക്കാനുള്ള വില്ലകള്‍ പ്രധാന സവിശേഷതയാണ്.

കേരളം നിക്ഷേപസൗഹൃദം

കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലുള്ള 'വില്ലേജ് സിസ്റ്റം' ഇവിടില്ല. ഇവിടുത്തെ ഗ്രാമങ്ങള്‍ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ്. ഇതൊക്കെ കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. കേരളത്തില്‍ ഇനിയും നിക്ഷേപം നടത്താന്‍ ലുലു ഗ്രൂപ്പിന് മടിയില്ല.

ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന് പുറമെ വന്‍ തൊഴിലവസരങ്ങളാണ് ലുലു ബോള്‍ഗാട്ടി പദ്ധതിയുടെ ഭാഗമായി വരാന്‍ പോകുന്നത്. കണ്‍വെന്‍ഷന്‍ സെന്റര്‍, ഹയാത് ഹോട്ടല്‍ എന്നിവിടങ്ങളിലായി പ്രാഥമിക ഘട്ടത്തില്‍ 1000 പേര്‍ തൊഴിലെടുക്കുന്നു. വരും നാളുകളില്‍ പ്രത്യക്ഷമായും പരോക്ഷമായും ആയിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

14,000 കോടി രൂപയുടെ പദ്ധതികള്‍

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 14,000 കോടി രൂപയുടെ പദ്ധതികളാണ് ലുലു ഗ്രൂപ്പ് നടപ്പാക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ കൊച്ചിയിലെ ലുലു സൈബര്‍ ടവര്‍, തിരുവനന്തപുരത്തെ ഷോപ്പിംഗ് മാള്‍, ലഖ്‌നൗ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിലെ പദ്ധതികളും ഇതിലുള്‍പ്പെടും. ജന്മനാടായ നാട്ടികയില്‍ ഒരു ഷോപ്പിംഗ് സെന്റര്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

മറ്റു പദ്ധതികള്‍

ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 20 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അടുത്ത വര്‍ഷം അവസാനത്തോടെ തുറക്കും. ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണം രണ്ടു വര്‍ഷത്തിനുള്ളില്‍ മുപ്പതിനായിരമാകും.

വിശാലമായ പാര്‍ക്കിംഗ്, മൂന്ന് ഹെലിപാഡ്

വിശാലമായ പാര്‍ക്കിംഗ് ഏരിയയില്‍ 1500 കാറുകള്‍ പാര്‍ക്ക് ചെയ്യാം. ബസുകള്‍ പാര്‍ക്ക് ചെയ്യുവാനും സൗകര്യമുണ്ട്. മൂന്നു ഹെലിപാഡുകളും ഒരുക്കിയിട്ടുണ്ട്.

10,000ല്‍ അധികംപേര്‍ക്ക് ഇരിപ്പിടം

പതിനായിരത്തിലധികം പേര്‍ക്കിരിക്കുവാന്‍ നിരവധി ഹാളുകള്‍ ഒരുക്കിയിട്ടൂണ്ട്. ലിവ എന്ന ഏറ്റവും വലിയ ഹാളിനു മാത്രം അയ്യായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. വേമ്പനാട്, നാട്ടിക, ദിവാന്‍ എന്നിവയാണ് മറ്റു പ്രധാന ഹാളുകള്‍.

വാട്ടര്‍ ആംഫി തിയേറ്റര്‍, സ്പാ

ഇരുപത്തിനാല് മണിക്കൂര്‍ തുറന്നിരിക്കുന്ന ഫിറ്റ്‌നസ് സെന്റര്‍, ഗ്രാന്‍ഡ് ക്ലബ് ലോഞ്ച്, രാജ്യാന്തര നിലവാരമുള്ള സ്പാ, വാട്ടര്‍ ഫ്രന്റ് ഡെക്, വാട്ടര്‍ ആംഫി തിയേറ്റര്‍ എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.

അഞ്ച് റെസ്റ്റൊറന്റുകള്‍

കേരളത്തിന്റെ തനതു രുചിക്കൂട്ടുമായ് മലബാര്‍ കഫെ. തായ് വിഭവങ്ങളൊരുക്കി തായ് സോള്‍, വെസ്റ്റേണ്‍ ഗ്രില്‍ എന്നിവയുള്‍പ്പെടെ അഞ്ച് റെസ്റ്റൊറന്റുകള്‍. സ്ത്രീകള്‍ മുഖ്യ ഷെഫ് ആയി പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it