മീറ്റര്‍ റീഡിംഗ് കൂടുതല്‍ സ്മാര്‍ട്ടാകും, ആപ്പ് ഒരുക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ തേടി കെ.എസ്.ഇ.ബി

മീറ്റര്‍ റീഡിംഗ് സംവിധാനം കാര്യക്ഷമമവും സുതാര്യവുമാക്കാന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി). ജീവനക്കാര്‍ നേരിട്ടെത്തി മീറ്റര്‍ റീഡിംഗ് ചെയ്യുമ്പോഴുള്ള കാലതാമസവും ചെലവും കുറയ്ക്കാനാണ് ഇതുവഴി കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. മാത്രമല്ല ഓട്ടോമേറ്റ് ചെയ്യുന്നതോടെ നിലവില്‍ രണ്ടു മാസം കൂടുമ്പോള്‍ റീഡിംഗ് എടുക്കുന്നത് മാറ്റി എല്ലാ മാസവും ബില്ല് നല്‍കുന്ന രീതി അവതരിപ്പിക്കാനും കെ.എസ്.ഇ.ബി ലക്ഷ്യം വയ്ക്കുന്നു. മീറ്റര്‍ റീഡിംഗിലെ മാനുഷിക പിഴവുകള്‍ കുറയ്ക്കാനും റീഡിംഗുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികള്‍ ഒഴിവാക്കാനും ഇതു വഴി സാധിക്കും.

സ്മാര്‍ട്ട്മീറ്ററിംഗ് നടപ്പാക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ മൂന്ന് നാല് വര്‍ഷമെടുക്കുമെന്നതാണ് ബദല്‍ മാര്‍ഗം ആലോചിക്കാന്‍ കെ.എസ്.ഇ.ബിയെ പ്രേരിപ്പിച്ചത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഹാക്കത്തോണ്‍
ഓട്ടോമേറ്റഡ് സംവിധാനം ആരംഭിക്കാന്‍ സന്നദ്ധരായ സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് ഹാക്കത്തോണ്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.ഇ.ബി. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് താത്പര്യപത്രം ക്ഷണിക്കാനായി കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കത്തയച്ചിട്ടുണ്ട്. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് അര്‍ഹരായ സ്റ്റാര്‍ട്ടപ്പുകളുടെ ചുരുക്കപ്പട്ടിക
ടെക്‌നിക്കല്‍ കമ്മിറ്റി
തയാറാക്കും. അതിനു ശേഷം ഹാക്കത്തോണ്‍ നടത്തും. മൂന്ന് മാസത്തിനുള്ളില്‍ മികച്ച ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെ.എസ്.ഇ.ബി അഞ്ച് ലക്ഷം രൂപ പാരിതോഷികവും നല്‍കും. ജൂലൈ 31നോ അതിനു മുന്‍പോ സ്റ്റാര്‍ട്ടപ്പുകളോട് താത്പര്യം പത്രം സമർപ്പിക്കണമെന്ന് അറിയിക്കാനാണ് സ്റ്റാര്‍ട്ടപ്പ് മിഷന് അയച്ച കത്തില്‍ കെ.എസ്.ഇ.ബി സൂചിപ്പിച്ചിരിക്കുന്നത്. പിന്നീട് തീയതി ഓഗസ്റ്റ് 5 വരെ നീട്ടിയിട്ടുണ്ട്.
രണ്ട് തരത്തിലുള്ള ഓട്ടോമേറ്റഡ് മീറ്റര്‍ റീഡിംഗ് ആപ്ലിക്കേഷനുകളാണ് കെ.എസ്.ഇ.ബി നിര്‍ദേശിച്ചിരിക്കുന്നത്.
ആപ്പ് വഴിയുള്ള റീഡിംഗ്
ആപ്പ് വികസിപ്പിച്ച് അതുവഴി ഉപയോക്താക്കള്‍ക്ക് തന്നെ മീറ്റര്‍ റീഡിംഗ് നടത്താവുന്ന തരത്തിലാണ് ആദ്യ ഓപ്ഷന്‍. ഉപയോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‌ലോഡ് ചെയ്ത് ഒരു നിശ്ചിത തീയതിയില്‍ മീറ്റര്‍ റീഡിംഗിന്റെ ചിത്രം എടുക്കാനാകണം. ഇതു വഴി ശേഖരിക്കുന്ന ചിത്രത്തിലെ അക്കങ്ങള്‍ പ്രസ്തുത ആപ്പ് വഴി തന്നെ സര്‍വറിലേക്ക് എത്തിക്കണം. കെ.എസ്..ബിയുടെ ബില്ലിംഗ് സോഫ്റ്റ്‌വെയര്‍ വഴി ഈ ഡാറ്റ പ്രോസസ് ചെയ്ത് ബില്ല് നല്‍കും.
കണ്‍സ്യൂമര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, മീറ്ററിന്റെ ലൊക്കേഷന്‍ തുടങ്ങിയ കസ്റ്റമര്‍ ഡേറ്റകളെല്ലാം ആപ്പ് വഴി തന്നെ വേരിഫ ചെയ്യണം. ഉപയോക്താക്കള്‍ക്ക് ഈ ഡേറ്റകള്‍ വീണ്ടും ചെക്ക് ചെയ്ത് വിവരങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താനുള്ള സൗകര്യവുമുണ്ടാകണം. തുടര്‍ന്ന് നിശ്ചിത തീയതില്‍ ആപ്പ് വഴി തന്നെ പേയ്‌മെന്റ് നടത്താനുള്ള ഓപ്ഷനുമുണ്ടാകണം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ക്യുആര്‍ കോഡ്-ബേസ്ഡ്, വാലറ്റ് തുടങ്ങിയ വിവിധ പേയ്‌മെന്റ് മാര്‍ഗങ്ങളും ലഭ്യമാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
ആര്‍.എഫ്.ഐ.ഡി സ്‌കാനിംഗ് സംവിധാനം
രണ്ടാമത്തേത് ഒരു പ്രദേശത്തെ മുഴുവൻ റീഡിംഗ് വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ സ്ഥാപിച്ചിട്ടുള്ള ബ്ലൂടൂത്ത് അല്ലെങ്കില്‍ ആര്‍.എഫ്.ഐ.ഡി സംവിധാനമുള്ള ഡിജിറ്റല്‍ മീറ്റര്‍ വഴി ശേഖരിക്കാവുന്ന വിധത്തിലുള്ളതാണ്. ഓപ്പറേറ്റര്‍ ഇതിന്റെ 50 മീറ്റര്‍ പരിധിയിലെത്തുമ്പോള്‍ ഈ ഉപകരണം തിരിച്ചറിഞ്ഞ് മെയിന്‍ സര്‍വറിലേക്ക് ഇതില്‍ നിന്നുള്ള വിവരങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയും അതിനനുസരിച്ച് ബില്ല് പ്രോസസ് ചെയ്യുകയും വേണം. ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിൽ ലഭ്യമാകുന്ന തരത്തിലാണ് ഉദ്ദേശിക്കുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു.
Related Articles
Next Story
Videos
Share it