കെ.എസ്.ആര്‍.ടി.സിയില്‍ ഇ-ബസ് തര്‍ക്കം; കേന്ദ്രത്തിന്റെ 950 സൗജന്യ ബസുകള്‍ കേരളത്തിന് കിട്ടിയേക്കില്ല

ഇലക്ട്രിക് ബസുകള്‍ നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നും മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞതു മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ വിവാദത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്. രാജ്യം അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് അത് നഷ്ടമാണെന്നും ഡീസല്‍ ബസുകളിലേക്ക് തിരികെ പോകുമെന്നും മന്ത്രി പറഞ്ഞത്.

കേന്ദ്രത്തില്‍ നിന്ന് സൗജന്യമായി 950 ഇ-ബസുകള്‍ ലഭിക്കാനിരിക്കെയാണ് അതൊഴിവാക്കി ഡിസല്‍ വാങ്ങാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. പലഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. മുന്‍മന്ത്രി ആന്റണി രാജുവും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ലാഭകരമാണെന്ന കണക്കുകള്‍ കോര്‍പ്പറേഷന്റെ കൈയിലുണ്ടെന്നും പഴയതൊക്കെ തെറ്റാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പി.എം ഇ-ബസ് സേവാ പദ്ധതി പ്രകാരം 950 ബസുകള്‍ സൗജന്യമായി ലഭ്യമാക്കാനാകും. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത് വാങ്ങണോ വേണ്ടയോ എന്നതു സംബന്ധിച്ച് ധനനവകുപ്പ് മന്ത്രിസഭയുടെ അനുമതി തേടാനൊരുങ്ങുകയാണ്. ആദ്യ ഘട്ടത്തില്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 150 ഇ-ബസുകള്‍ വീതവും കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് 100 വീതവും ചേര്‍ത്തല, കായംകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് 50 വീതവും അനവദിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ മന്ത്രിസഭയുടെ നിലപാട് അനുകൂലമായാലാണ് ഇത് നേടാനാകുക.

ലാഭകണക്കുകള്‍ നിരത്താന്‍

അതേസമയം, നഗരത്തിലെ ഇലക്ട്രിക് ബസ് സര്‍വീസുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജനുവരി 23ന് കെ.എസ്.ആര്‍.ടി.സി ഗതാഗതമന്ത്രിക്ക് കൈമാറും. കെ.എസ്.ആര്‍.ടി.സിയുടെ കണക്കുപ്രകാരം ഒരു സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസില്‍ നിന്നുള്ള പ്രതാമാസ ലാഭം 25,000 രൂപയാണ്. ഡീസല്‍ ബസ് ഓടിക്കാന്‍ കിലോമീറ്ററിന് 25 രൂപയാണെങ്കില്‍ ഇ-ബസിന് നാലു രൂപ മാത്രമാണ്.

തിരുവനന്തപുരം നഗരത്തില്‍ 113 ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സാധാരണ സിറ്റി സര്‍വീസില്‍ പ്രതിദിനം 3,000 യാത്രക്കാരായിരുന്നത് ഇലക്ട്രിക് ബസ് വന്നതോടെ 80,000 ആയി. ടിക്കറ്റ് നിരക്ക് 10 രൂപയായി കുറച്ചും യാത്രക്കാരെ ആകര്‍ഷിച്ചു. 40 പുതിയ ബസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നതും ഉടന്‍ ലഭിക്കും.

ഇ-ബസുകള്‍ക്ക് കിലോമീറ്ററിന് ശരാശരി 8.21 രൂപ ലാഭമുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി പറയുന്നു. 2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 2.88 കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാകും കെ.എസ്.ആര്‍.ടി.സിയുടെ റിപ്പോര്‍ട്ട്. ഇതോടെ ഗണേഷ്‌കുമാറിന് തന്റെ പ്രസ്താവനയില്‍ നിന്ന് പിന്നോട്ട് പോരേണ്ടി വരുമെന്നും റദ്ദാക്കിയ ടെണ്ടര്‍ നടപടികള്‍ പുന:സ്ഥാപിക്കേണ്ടി വരുമെന്നുമാണ് കണക്കാക്കുന്നത്.

നഗരസഭ വക

മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഇ-ബസുകള്‍ വാങ്ങി നല്‍കിയത് നഗരസഭയാണെന്ന് ഓര്‍മിപ്പിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരുന്നു.

കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം നഗരത്തിലോടിക്കുന്ന ഇലക്ട്രിക് ബസുകളില്‍ 60 എണ്ണം സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ വാങ്ങി നല്‍കിയതാണ്. രണ്ടാം ഘട്ടമായി 20 ഇ-ബസുകളും ടൂറിസത്തിനായി രണ്ട് ഡബിള്‍ ഡെക്കര്‍ ഇ-ബസുകളും വാങ്ങാനുള്ള നടപടി നഗരസഭ പൂര്‍ത്തീകരിച്ചു. തലസ്ഥാന നഗരത്തെ കാര്‍ബണ്‍ രഹിതമാക്കുകയെന്ന നയത്തിന്റെ ഭാഗമാണിതെന്നും അത് നടപ്പാക്കാന്‍ ആവശ്യമായ തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ മുന്നോട്ടു പോകുമെന്നും മേയര്‍ വ്യക്തമാക്കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it