പൊതിച്ചോറ് വേണ്ട, ഓഫീസിലെത്തും, നല്ല നാടന്‍ ഊണ്; നാട്ടിൻപുറങ്ങളിലും ​ട്രെൻഡ്

സൊമാറ്റോയും സ്വിഗിയും ചീറിപ്പായുന്ന കേരളത്തിലെ ഫുഡ് ഡെലിവറി മേഖലയില്‍ വലിയ കോലാഹലങ്ങളില്ലാതെ മുന്നേറുകയാണ് പ്രാദേശികമായ ചില ഫുഡ് ഡെലിവറി യൂണിറ്റുകള്‍. ഹോട്ടലുകളിലെ ഭക്ഷണം വീട്ടിലെത്തിക്കാനാണ് സ്വിഗിയും സൊമാറ്റോയും മത്സരിക്കുന്നതിങ്കെില്‍ ഭക്ഷണം സ്വന്തമായി പാചകം ചെയ്ത് ഓഫീസുകളിലും വീടുകളിലും എത്തിക്കുകയാണ് ഇത്തരം പ്രാദേശിക യൂണിറ്റുകള്‍. വീട്ടിൽ ഊണിന്റെ ആകർഷക ഇനങ്ങൾ ഇതിന് മേമ്പൊടി.

ഒരു മെസേജ് മതി

വാണിജ്യ നഗരമായ എറണാകുളത്ത് ഹോട്ടലുകള്‍ക്ക് എന്തു പഞ്ഞം! പക്ഷെ സ്ഥിരം ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ പലര്‍ക്കും താല്‍പ്പര്യമില്ല. വയറിനും പോക്കറ്റിനും അത്ര നല്ലതല്ല എന്നതു തന്നെ കാരണം. ഇതിനു പരിഹാരമെന്നോണമാണ് കൊച്ചു ഫുഡ് ഡെലിവറി സ്ഥാപനങ്ങളുടെ മാർക്കറ്റിംഗ്. വീട്ടില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ മാത്രമുപയോഗിച്ച് രുചികരമായ ഭക്ഷണം ചൂടോടെ എത്തിച്ചു നല്‍കാനാണ് ഇവര്‍ ശ്രദ്ധിക്കുന്നത്. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ഫോണിലൂടെയും ഓർഡർ എടുത്ത് നിശ്ചിത ചുറ്റളവിനുള്ളില്‍ ചോറ്റുപാത്രം ചൂടോടെ എത്തിക്കും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഇത്തരം കേന്ദ്രങ്ങളിൽ ചെന്ന് വാങ്ങി ഓഫീസിൽ പോകുന്നവരുണ്ട്; അത്താഴം പൊതിയായി വാങ്ങി വീട്ടിലേക്ക് മടങ്ങുന്നവരുമുണ്ട്.

നാത്തൂന്‍മാരുടെ മസോളി

കോവിഡ് കാലത്ത് വീട്ടില്‍ ഊണ് ഒരുക്കിയാണ് രേഷ്മയും ലക്ഷ്മി പ്രിയയും ഭക്ഷണ രംഗത്തേക്ക് ചുവടു വച്ചത്. അടുത്ത കാലത്ത് ഇത് മസോളി എന്ന പേരില്‍ ക്ലൗഡ് കിച്ചന്‍ മോഡലിലേക്ക് മാറ്റി.

ലക്ഷ്മി പ്രിയ, രേഷ്മ

അരൂരിലെ വീട്ടിലാണ് ഭക്ഷണമുണ്ടാക്കുന്നത്. തലേന്ന് ഓര്‍ഡര്‍ എടുക്കും. 90 രൂപയാണ് ഉച്ചഭക്ഷണത്തിന് നിരക്ക്. ഓഫീസുകളില്‍ നിന്നും മറ്റും സ്ഥിരമായി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ലഞ്ച് ബോക്സിലും അല്ലാത്തവര്‍ക്ക് അലൂമിനിയം ഫോയിലിലുമാണ് ഭക്ഷണമെത്തിക്കുന്നത്. ഒരു മാസത്തേക്ക് ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ക്ക് 2,000 രൂപയുടെ പാക്കേജ്, അതു വേറെയുണ്ട്. ഡെലിവറിക്കായി പ്രത്യേകം ജീവനക്കാരൊന്നുമില്ല. അതുകൊണ്ട് സ്‌കൂട്ടറില്‍ എത്തിച്ചു നല്‍കാവുന്ന ദൂരത്തു നിന്നു മാത്രമാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. പ്രധാനമായും വൈറ്റില, കടവന്ത്ര, പനമ്പള്ളി നഗര്‍, എം.ജി റോഡ്‌ എന്നിവിടങ്ങളിലാണ് ഭക്ഷണം എത്തിക്കുന്നത്.
ഒഴിവുകാല വിനോദം എന്ന നിലയിലായിരുന്നു തുടക്കം. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരിയാണ് ലക്ഷ്മി പ്രിയ. നന്നായി ഭക്ഷണം ഉണ്ടാക്കാനറിയാം. അങ്ങനെയാണ് ഇത്തരമൊരു ചിന്തയിലേക്ക് ഇരുവരും തിരിയുന്നത്. ഭക്ഷണം ഉണ്ടാക്കാനും മറ്റും ലക്ഷ്മി മുന്നില്‍ നില്‍ക്കുമ്പോള്‍ വിതരണത്തിന്റെ ഉത്തരവാദിത്വം രേഷ്മ ഏറ്റെടുത്തു. കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടുന്നതിന് അനുസരിച്ച് സംരംഭം വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ഇരുവരും.

ഫുഡ് ഇന്‍ഡസ്ട്രി ഡിജിറ്റലാക്കാന്‍ പാന്‍ട്രി കാര്‍

മെസ് കിച്ചണായി തുടങ്ങി ഇപ്പോള്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായി മാറിയതാണ് എറണാകുളം കങ്ങരപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് സ്റ്റാര്‍ട്ടപ്പായ പാന്‍ട്രികാര്‍. സോഫ്റ്റ് വെയര്‍ ഡെവലപ്പറായ ഗോപികയും അക്കൗണ്ട്‌സ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജെറി
ദേവരാജനു
മാണ് ഈ സ്റ്റാര്‍ട്ടപ്പിനു പിന്നില്‍. മുംബൈയിലെ ഡബ്ബാവാല ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പാന്‍ട്രി കാറിന് രൂപം കൊടുക്കുന്നത്.


ഗോപിക വേലായുധന്‍, ജെറി ദേവരാജന്‍

ആപ്പ് അധിഷ്ഠിതമായ ഫുഡ് ഡെലിവറിയാണ് ഇവര്‍ ഉദ്ദേശിക്കുന്നതെങ്കിലും നിലവില്‍ പൂര്‍ണമായും അതിലേക്ക് മാറിയിട്ടില്ല. വാട്‌സാപ്പ് വഴിയും കോളുവഴിയുമാണ് ബുക്കിംഗ്. മൂന്ന് നേരത്തെ ഭക്ഷണമാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി പ്രതിമാസ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. 28 ദിവസം, 50 ദിവസം എന്നിങ്ങനെയാണ് പ്ലാനുകള്‍. സില്‍വര്‍, ഗോള്‍ഡ്, പ്രീമിയം, വെജിറ്റേറിയന്‍ എന്നിങ്ങനെയാണ് പ്ലാനുകൾക്ക് പേര്.

28 ദിവസത്തേക്കുള്ള സില്‍വര്‍ പ്ലാനിന് 3,999 രൂപയും ഗോള്‍ഡ് പ്ലാനിന് 5,999 രൂപയുമാണ് നരിക്ക്. ലഞ്ച് മാത്രം, അല്ലെങ്കില്‍ ഡിന്നര്‍ മാത്രം അങ്ങനെ കസ്റ്റമൈസ്ഡ് പ്ലാനുകളുമുണ്ട്.
വെള്ള പേപ്പറില്‍ പൊതിഞ്ഞ് പ്രത്യേക സ്റ്റിക്കറുകള്‍ പതിച്ചെത്തുന്ന പാന്‍ട്രികാറിന്റെ പാക്കിംഗ് ഇതിനകം തന്നെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ലഞ്ച് ഗോള്‍ഡ് പ്ലാനില്‍ വാഴയിലയിൽ പൊതിഞ്ഞാണ് ഊണ് നല്‍കുന്നത്. കളമശേരി, കാക്കനാട്, പാലാരിവട്ടം, ഇടപ്പള്ളി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വിതരണം. ഫുഡ് ഡെലിവറിക്കായി ജീവനക്കാരുണ്ട്. ഫുഡ് ഇന്‍ഡസ്ട്രിയെ ഡിജിറ്റലൈസ് ചെയ്യുക എന്ന ലക്ഷ്യത്തിലാണ് പാന്‍ട്രി കാറിന് ഇവര്‍ രൂപം കൊടുത്തത്.

ഐ.എസ്.ആര്‍.ഒ വഴി കൊച്ചി ബോക്‌സില്‍

ഫുഡ് ബിസിനസില്‍ എട്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ച പരിചയവുമായാണ് അഫ്‌സല്‍ കെ ബു എന്ന യുവസംരംഭകന്‍ കൊച്ചി ബോക്‌സിന് തുടക്കം കുറിക്കുന്നത്. വീടിനോട് ചേര്‍ന്ന് തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ സ്വന്തമായൊരു കിച്ചണ്‍ തന്നെ ഒരുക്കി. ആസ്റ്റര്‍ മെഡിസിറ്റി, ടി.സി.എസ് എന്നിവിടങ്ങളില്‍ മെസില്‍ ജോലി ചെയ്തിരുന്ന അഫ്‌സല്‍ ഐ.എസ്.ആര്‍.ഒയിലെ കിച്ചണില്‍ വരെ എത്തിയശേഷമാണ് സ്വന്തമായൊരു സംരംഭം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ജോലി രാജി വച്ച് വീടിനോട് ചേര്‍ന്ന് ഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്ന സംരംഭം തുടങ്ങുന്നതിനോട് വീട്ടുകാര്‍ക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ലെങ്കിലും തന്റെ ഇഷ്ടം പിന്തുടാൻ തന്നെയാണ് അഫ്സൽ തീരുമാനിച്ചത്.
ഭാര്യ റിസ്‌നി അഫ്‌സലും കട്ടയ്ക്കു കൂടെ നിന്നപ്പോൾ കാര്യങ്ങൾ വേഗത്തിലായി .

അഫ്സല്‍ കെ. അബു, റിസ്നി അഫ്സല്‍

കോമ്പാറ, കങ്ങരപ്പടി, തേവയ്ക്കല്‍, മണലിമുക്ക്‌ തുടങ്ങിയവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് ഭക്ഷണം നല്‍കുന്നത്. പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ ഓര്‍ഡര്‍ പ്രകാരം ചെയ്തു നല്‍കുന്നുണ്ട്. ദിവസവും 35ലധികം സ്ഥിരം ഓര്‍ഡറുകളുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നത് അഫ്‌സല്‍ തന്നെയാണ്. ഡെലിവറിക്കായും സഹായത്തിനായും ജീവനക്കാരുണ്ട്. വാട്‌സാപ്പ് വഴിയാണ് കൂടുതലും ബുക്കിംഗ്. കസ്റ്റമേഴ്‌സില്‍ നിന്ന് കേട്ടറിഞ്ഞ് കൂടുതല്‍ പേര്‍ വരുന്നുണ്ടെന്ന് അഫ്‌സല്‍ പറയുന്നു. സാമ്പാര്‍, മീന്‍കറി എന്നിവ കൂട്ടിയുള്ള ഊണും ചപ്പാത്തി, പൊറോട്ട എന്നിവയുമായി അത്താഴവും നല്‍കും. ചില ദിവസങ്ങളില്‍ ബിരിയാണിയും ഉണ്ടാകും. പ്രഭാത ഭക്ഷണം ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. സ്വന്തമായി കിച്ചണ്‍ ഉള്ളതുകൊണ്ട് വലിയ കല്യാണ പാര്‍ട്ടികള്‍ക്കുള്ള ഓര്‍ഡറുകളും ഏറ്റെടുത്ത് ചെയ്യുന്നുണ്ട്.

വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള ഓട്ടപ്പാച്ചിൽ. അത്തരക്കാരുടെ എണ്ണം കൂടുന്നതിനൊത്ത് വളർന്നു പടരുകയാണ് ഇത്തരം ചെറുകിട സംരംഭങ്ങൾ. മായം ചേരാത്ത, സ്വാദുള്ള വിഭവങ്ങൾ സമയത്തു നൽകി പേരെടുക്കുന്നവർക്ക് വെച്ചടി, വെച്ചടി ​കയറ്റം!


Related Articles
Next Story
Videos
Share it