സൗദിയില്‍ മികച്ച നിക്ഷേപ സാധ്യതകളെന്ന് യൂസഫലി

സൗദി അറേബ്യയിലെ ഇപ്പോഴത്തെ അനുകൂല സാഹചര്യം മികച്ച നിക്ഷേപ നിക്ഷേപ സാധ്യതകളാണ് തുറന്നിടുന്നതെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലി. ഭരണ സ്ഥിരത, ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍, മികച്ച മാനവവിഭവ ശേഷി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്ള സൗദിയില്‍ നിക്ഷേപത്തിന് പറ്റിയ സമയമാണിതെന്ന് ആഗോള നിക്ഷേപ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഗതാഗതം മുതല്‍ കാര്‍ഷിക മേഖല വരെ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ മികച്ച സൗകര്യമൊരുക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ സൗകര്യങ്ങളാണ് കാര്‍ഷികമേഖലയില്‍ സൗദി ഭരണകൂടം യാഥാര്‍ത്ഥ്യമാക്കുന്നതെന്നും എം.എ. യൂസഫലി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങള്‍ ആഗോള സാമ്പത്തിക സ്ഥിതിയെ എങ്ങനെ ശക്തിപ്പെടുത്തും എന്ന വിഷയത്തിലാണ് യൂസഫലി തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചത്.

വന്‍നിക്ഷേപ സാധ്യതകളുടെ സൂചന നല്‍കിയാണ് റിയാദില്‍ ആഗോള നിക്ഷേപ സമ്മേളനത്തിനു തിശ്ശീല വീണത്. റിയാദിലെ റിട്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്ന ത്രിദിന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ പ്രമുഖര്‍ സംബന്ധിച്ചു. ലോകോത്തര കമ്പനികള്‍ 23 വന്‍കിട കരാറുകളാണ് ഒപ്പുവെച്ചത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, സ്വിസ് പ്രസിഡന്റ് ഒലി മോറെര്‍, ജോര്‍ദാനിലെ അബ്ദുള്ള രാജാവ്, ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊള്‍സണാറോ, യു.എസ്. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്‍ അടക്കം ഒട്ടേറെ പ്രമുഖര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു

Related Articles

Next Story

Videos

Share it