മലബാര്‍ സിമന്റ്‌സ് വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ വ്യക്തമായ പദ്ധതികള്‍

ഉല്‍പ്പാദനം ആരംഭിച്ച വര്‍ഷം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സിമന്റ്‌സ് വിപണി വിഹിതം വന്‍ തോതില്‍ വര്‍ധിപ്പിക്കാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത് വിപുലമായ പദ്ധതികള്‍.

''കേരളത്തിലേയ്ക്ക് ആവശ്യമായ സിമന്റിന്റെ എട്ട് ശതമാനം മാത്രമേ മലബാര്‍ സിമന്റ്‌സ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നുള്ളുവെങ് കിലും സംസ്ഥാനത്ത് സിമന്റ് വില നിയന്ത്രിക്കുന്നതില്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്.

വാളയാര്‍ പ്ലാന്റിന്റെ ആധുനികവല്‍ക്കരണം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലെ ബാഗിംങ് യൂണിറ്റ് എന്നിവ സാക്ഷാത്കരിക്കപ്പെടുകയും ട്രാവന്‍കൂര്‍ സിമന്റ്‌സിന് കീഴില്‍ 10 ലക്ഷം ടണ്‍ േ്രഗ സിമന്റ് ഉല്‍പ്പാദവും കൂടി തുടങ്ങിയാല്‍ കേരള സര്‍ക്കാരിന് കീഴില്‍ 30 ലക്ഷം ടണ്‍ സിമന്റ് ഉല്‍പ്പാദനം നടത്താനാകും. അപ്പോള്‍ വിപണി വിഹിതം 30 ശതമാനമാകും. വിറ്റുവരവും ലാഭവും വര്‍ധിക്കുകയും ചെയ്യും,'' മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ വി ബി ആര്‍ നായര്‍ പറയുന്നു.

വാളയാര്‍ പ്ലാന്റിന്റെ ഊര്‍ജോപയോഗവും മലിനീകരണവും കുറയ്ക്കാന്‍ ഉപകരിക്കുന്ന സാങ്കേതികവിദ്യയാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. സിമന്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവായ പെറ്റ്‌കോക്ക് കൂടുതല്‍ ഉപയോഗിക്കുന്നതിലൂടെ പൊലൂഷന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും. പ്ലാന്റിന്റെ ആധുനികവല്‍ക്കരണത്തിന് 125 കോടി രൂപ വേണ്ടി വരും.

ഒന്നര വര്‍ഷം കൊണ്ട് ഈ തുക തിരിച്ചുപിടിക്കാനാവുമെന്നാണ് കണക്കുകൂട്ടലെന്ന് വി ബി ആര്‍ നായര്‍ പറയുന്നു. ആധുനികവല്‍ക്കരണം പൂര്‍ത്തിയാകുന്നതോടെ ഉല്‍പ്പാദന ശേഷി 10 ലക്ഷം ടണ്ണാകും. ഗുണനിലവാരത്തില്‍ മുന്നില്‍തൊഴിലാളി സമരം മൂലം ഒരു ദിവസം പോലും ഉല്‍പ്പാദനം നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യം ഇതുവരെ മലബാര്‍ സിമന്റ്‌സിലുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന മാനേജിംഗ് ഡയറക്റ്റര്‍ മലബാര്‍ സിമന്റ് ഗുണനിലവാരത്തില്‍ മുന്നിലാണെന്നും ചൂണ്ടിക്കാട്ടുന്നു. പ്രധാന ഉല്‍പ്പന്നം OPC സിമന്റ് ആയിരുന്നുവെങ്കിലും പിന്നീട് കൂടുതലും PPC സിമന്റിലേക്ക് മാറിയിട്ടുണ്ട്.

എന്നാല്‍ OPCയും PPC യും ആവശ്യത്തിന് നിര്‍മിച്ച് നല്‍കുന്നുണ്ട്.

പണ്ടാരത്ത് ഖനിയില്‍ നിന്നുള്ള ലൈം സ്റ്റോണാണ് കേരളത്തില്‍ നിന്ന് മലബാര്‍ സിമന്റ്‌സിന് ലഭിക്കുന്ന അസംസ്‌കൃത വസ്തു. കോള്‍, ലാറ്ററൈറ്റ് എന്നിവ ആന്ധ്രപ്രദേശില്‍ നിന്നാണ് കൊണ്ടുവരുന്നത്. ഇറക്കുമതി ചെയ്ത കോളിന് പകരം കൊച്ചി റിഫൈനറിയില്‍ നിന്നുള്ള പെറ്റ് കോക്കും ഇന്ത്യയില്‍ നിന്നുള്ള കോളും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നു. പെറ്റ്‌കോക്ക് ഉപയോഗം മൂലം ചെലവ് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്റ്റര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം കേരളത്തില്‍ നിന്നു തന്നെ ലാറ്ററൈറ്റ് ലഭ്യമാക്കാനുള്ള ശ്രമവും തുടരുന്നുണ്ട്.

വിപണനവും വിപുലമാക്കുന്നുചേര്‍ത്തല യൂണിറ്റിലേതും ചേര്‍ത്ത് ആകെ 760 ജീവനക്കാരാണ് മലബാര്‍ സിമന്റ്‌സിലുള്ളത്. ചേര്‍ത്തല യൂണിറ്റിലെ രണ്ടു ലക്ഷം ടണ്‍ ഉള്‍പ്പടെ മലബാര്‍ സിമന്റ്‌സിന്റെ ഇപ്പോഴത്തെ ഉല്‍പ്പാദന ശേഷി 8.8 ലക്ഷം ടണ്‍ ആണ്.

ഡീലര്‍മാര്‍ വഴിയാണ് ഇപ്പോള്‍ വിപണനം. ''കോ ഓപ്പറേറ്റീവ് രംഗത്തെ നിരവധി സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഡീലര്‍ഷിപ്പ് അനുവദിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് സിമന്റ് കൊടുക്കാനുള്ള തീരുമാനവും ആയിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സിമന്റ് നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു,'' വി ബി ആര്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

കമ്പനിയുടെ ഓരോ രംഗത്തും സുതാര്യതയും പ്രൊഫഷണലിസവും ഉറപ്പാക്കി ലാഭവും വിപണി വിഹിതവും വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് മാനേജിംഗ് ഡയറക്റ്ററുടെ നേതൃത്വത്തിലുള്ള ടീം ഇപ്പോള്‍ നടത്തുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it