Begin typing your search above and press return to search.
സമി-സബിന്‍സ ഗ്രൂപ്പ് സാരഥി ഡോ. മുഹമ്മദ് മജീദ് അന്തരിച്ചു
ന്യൂട്രാസ്യൂട്ടിക്കല്‍, കോസ്മസ്യൂട്ടിക്കല്‍ രംഗത്തെ ആഗോള ഹെല്‍ത്ത് സയന്‍സ് കമ്പനിയായ സമി-സബിന്‍സ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. മുഹമ്മദ് മജീദ് അന്തരിച്ചു. ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് 2.57ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്ന് ബി.ഫാം ബിരുദം നേടിയ കൊല്ലം സ്വദേശിയായ ഡോ. മുഹമ്മദ് മജീദിന്റെ അസാധാരണ സംരംഭക യാത്രയില്‍ എന്നും കൂട്ട് പരീക്ഷണങ്ങളും ഗവേഷണങ്ങളും മാത്രമായിരുന്നു. 385ലേറെ യു.എസ് പേറ്റന്റുകള്‍ സ്വന്തമായുള്ള കമ്പനിയാണ് സമി-സബിന്‍സ ഗ്രൂപ്പ്.
മലയാളിക്ക് പരിചിതമായ മഞ്ഞള്‍, തോട്ടപ്പുളി എന്നിവയില്‍ നിന്നുമെല്ലാം ഫലസിദ്ധിക്ക് തെളിവുള്ള ഉല്‍പ്പന്നങ്ങളാണ് ഡോ. മുഹമ്മദ് മജീദ് ലോക വിപണിയില്‍ എത്തിച്ചത്.
രാസകണികകളുടെ രഹസ്യം തേടിയുള്ള അപൂര്‍വ്വ യാത്ര
കേരളത്തില്‍ പഠിച്ച് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസവും ഗവേഷണങ്ങളും നടത്തി അവിടെ തന്നെ സംരംഭവും കെട്ടിപ്പടുത്ത് തിരികെ ഇന്ത്യയിലേക്ക് വന്ന് ഇവിടെ നിന്നുകൊണ്ട് ബഹുരാഷ്ട്ര കമ്പനി സൃഷ്ടിച്ച അപൂര്‍വ്വ പ്രതിഭാശാലിയായിരുന്നു ഡോ. മുഹമ്മദ് മജീദ്.
ഫൈസര്‍, കാര്‍ട്ടര്‍-വാലസ് തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ചപ്പോഴാണ് രോഗചികിത്സയിലെ രാസവസ്തുക്കളുടെ കൂട്ടുകളുടെ ലോകം തന്നെ ഭ്രമിപ്പിച്ചതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആയുര്‍വേദ ഔഷധ കൂട്ടുകള്‍ക്ക് അത്യപൂര്‍വ്വമായ ഫലസിദ്ധി തീര്‍ച്ചയായും ഉണ്ടാകുമെന്ന ഉറച്ച ബോധ്യത്തില്‍ പരമ്പരാഗത ഔഷധങ്ങളെ ആധുനിക ഗവേഷണങ്ങളുടെ പിന്‍ബലത്തില്‍ പുതിയ ലോകത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി അവതരിപ്പിക്കാനാണ് ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് മജീദ് പിന്നീട് ശ്രമിച്ചത്.
അമേരിക്കന്‍ ജനതയെ ഏറെ വലച്ചിരുന്ന അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് പരിഹാരമായി 'ലുക്ക് ഗുഡ്, ഫീല്‍ ഗുഡ്' എന്ന ടാഗ് ലൈനോടെ ആയുര്‍വേദത്തില്‍ ഊന്നിയ ഉല്‍പ്പന്നങ്ങള്‍ ഡോ. മുഹമ്മദ് മജീദ് വിപണിയില്‍ അവതരിപ്പിച്ചു. ആയുര്‍വേദത്തില്‍ അടിയുറച്ചുനിന്നു കൊണ്ടുള്ള നീണ്ട ഗവേഷണങ്ങളിലൂടെ ന്യൂട്രാസ്യൂട്ടിക്കല്‍ രംഗത്ത് ആഗോളവിപണിയില്‍ ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ ഡോ. മുഹമ്മദ് മജീദിന് സാധിച്ചു.
മഞ്ഞളിനെ വെളുപ്പിച്ച ഗവേഷകന്‍!
ഇന്ത്യയില്‍ പഠിച്ച് വിദേശത്ത് വലിയ പ്രസ്ഥാനം കെട്ടിപ്പടുത്തതോടൊപ്പം ഡോ. മുഹമ്മദ് മജീദ് വിദേശത്ത് ഗവേഷണം ചെയ്ത് നേടിയ അനുഭവസമ്പത്തുമായി ജന്മരാജ്യത്തും വമ്പന്‍ കമ്പനി കെട്ടിപ്പടുത്തു. 1991ല്‍ ബംഗളൂരുവിൽ പീനിയ എസ്റ്റേറ്റില്‍ സ്വന്തമായി ഫാക്ടറി കെട്ടിപ്പടുത്തു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏഴോളം ഫാക്ടറികള്‍ ഗ്രൂപ്പിന് സ്വന്തമായുണ്ട്.
മഞ്ഞളിന്റെ ഗുണങ്ങളെല്ലാം ആധുനിക രീതിയില്‍ ക്രോഡീകരിച്ച ഡോ. മുഹമ്മദ് മജീദ് നീണ്ട ഗവേഷണങ്ങളിലൂടെ മഞ്ഞ നിറമില്ലാത്ത മഞ്ഞളും വികസിപ്പിച്ചെടുത്തു. ഇത് ഇന്ന് ലോകമെങ്ങും സൗന്ദര്യ വര്‍ധക വസ്തുവായി ഉപയോഗിക്കുന്നുണ്ട്.
ആഗോള ബിസിനസില്‍ കരുത്തോടെ നിലനില്‍ക്കാന്‍ ഗവേഷണവും പരീക്ഷണവും തന്നെ വേണമെന്ന തിരിച്ചറിവ് ഡോ. മുഹമ്മദ് മജീദീന് എക്കാലവും ഉണ്ടായിരുന്നു. അമേരിക്കയിലെ ന്യൂജെഴ്സി ആസ്ഥാനമായി അദ്ദേഹം സ്ഥാപിച്ച സബിന്‍സ കോര്‍പ്പറേഷന്‍ ആഗോളപഠന കേന്ദ്രമായാണ് വിഭാവനം ചെയ്തിരുന്നത്. ബംഗളൂരുവിൽ അദ്ദേഹം തന്നെ സ്ഥാപിച്ച സമി ലാബ്സ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ സ്ഥാപനവും അമേരിക്കയിലെ സബിന്‍സയും പിന്നീട് ഒരുമിപ്പിച്ചാണ് സമി-സബിന്‍സ ഗ്രൂപ്പ് എന്ന ബഹുരാഷ്ട്ര പ്രസ്ഥാനമായത്. പേറ്റന്റുകള്‍ തന്നെയായിരുന്നു എന്നും ഡോ. മുഹമ്മദ് മജീദിന്റെയും സമി-സബിന്‍സ ഗ്രൂപ്പിന്റെയും നട്ടെല്ല്. ഇന്നും നൂറുകണക്കിന് പേറ്റന്റുകള്‍ക്കായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
100ലേറെ ദേശീയ-രാജ്യാന്തര പുരസ്‌കാരങ്ങളും ഡോ. മുഹമ്മദ് മജീദിനെ തേടിയെത്തിയിട്ടുണ്ട്. ധനത്തിന്റെ എന്‍.ആര്‍.ഐ ബിസിനസ് മാന്‍ അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹം ധനം ബിസിനസ് മീഡിയയുടെ ഒരു അഭ്യുദയകാംക്ഷിയായിരുന്നു.
Next Story
Videos