കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സില്‍ കണ്ണുവച്ച് മുകേഷ് അംബാനി, ലക്ഷ്യം മാധ്യമ മേഖല കൈപ്പിടിയിലാക്കാന്‍

മുകേഷ് അംബാനിയുടെ ഉടമസ്ഥയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദി സിനിമ സംവിധായകന്‍ കരണ്‍ ജോഹറിന്റെ നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സില്‍ ഓഹരി വാങ്ങാന്‍ നീക്കം നടത്തുന്നു. കരാര്‍ നടപ്പായാല്‍ ജിയോ സ്റ്റുഡിയോസ്, വയോകോം18 സ്റ്റുഡിയോസ് എന്നിവയുള്‍പ്പെടുന്ന റിലയന്‍സിന്റെ എന്റര്‍ടെയിന്‍മെന്റ് ബിസിനസ് മേഖല കൂടുതല്‍ കരുത്താര്‍ജിക്കും.

കരണ്‍ ജോഹറിന് 90.7 ശതമാനവും മാതാവ് ഹിരൂ ജോഹറിന് 9.24 ശതമാനവും ഓഹരി പങ്കാളിത്തവുമുള്ള ധര്‍മ പ്രൊഡക്ഷന്‍സ് കഴിഞ്ഞ കുറച്ചു കാലമായി പങ്കാളികളെ തേടുകയായിരുന്നു. നിര്‍മാണ ചെലവ്
കൂടിയതും
തീയറ്ററിലേക്ക് ആളുകളുടെ വരവ് കുറഞ്ഞതും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ ജനപ്രീതി നേടിയതുമൊക്കെ ബോളിവുഡ് സുറ്റുഡിയോകള്‍ക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് പുതിയ നിക്ഷേപങ്ങള്‍ തേടുന്നതെന്ന് ഇക്കണോമിക് ടൈംസ് പറയുന്നു.
കരണ്‍ ജോഹര്‍ പലതവണ ഓഹരി വിറ്റഴിക്കാന്‍ നോക്കിയെങ്കിലും വാല്വേഷന്‍ പ്രശ്‌നങ്ങള്‍ മൂലം അത് നടന്നില്ല. സഞ്ജീവ്‌ ഗോയങ്കെയുടെ സരിഗമയുമായി ഓഹരി വില്‍പ്പനയ്ക്ക് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ എട്ടിന് സരിഗമ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോട്ടില്‍ ഇതില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് വെളിപ്പെടുത്തിയത്.
അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്റര്‍ടെയിന്‍മെന്റ് കമ്പനികളില്‍ നിക്ഷേപം നടത്തികൊണ്ട് മാധ്യമമേഖലയിലുള്ള സാന്നിധ്യം വിപുലപ്പെടുത്തി വരികയാണ്. നേരത്ത ബാലാജി ടെലിഫിലിംസിന്റെ നാമമാത്രമായ ഓഹരികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തിരുന്നു. സമാനമായ നീക്കമാണ് ധര്‍മ പ്രോഡക്ഷന്‍സിന്റെ കാര്യത്തിലും പരിഗണിക്കുന്നതെന്നാണ് സൂചന.
ജിയോ സ്റ്റുഡിയോസ്, വയാകോം 18 സ്റ്റുഡിയോസ്, കൊളോസിയം മീഡിയ, ബാലാജി ടെലിഫിലിംസ് എന്നിവ വഴി നിലവില്‍ ഈ രംഗത്ത് സജീവമാണ് റിലയന്‍സ്. 2024ല്‍ ജിയോ സ്റ്റുഡിയോസ് 700 കോടിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി ഈ രംഗത്തെ മുഖ്യ കമ്പനിയായിരുന്നു. കമ്പനിയുടെ സഹ നിര്‍മാണത്തിലൊരുങ്ങിയ സ്ത്രീ 2 വലിയ കളക്ഷന്‍ നേടിയിരുന്നു.


Related Articles
Next Story
Videos
Share it