വിപണിമൂല്യം 68,000 കോടി; ഈ കേരള കമ്പനി ഇനി അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലേക്കും

പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനവും (NBFC) കേരളം ആസ്ഥാനമായ പ്രമുഖ സ്വര്‍ണ്ണപ്പണയ കമ്പനിയുമായ മുത്തൂറ്റ് ഫിനാന്‍സ് യു.എ.ഇയില്‍ സാന്നിധ്യം ശക്തമാക്കും. പുറമേ അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തും. കമ്പനി ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് ഒരു വിദേശ മാധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് പ്രവാസി പണമയക്കല്‍ (Remittances), വ്യക്തിഗത ധനകാര്യസേവനങ്ങള്‍ എന്നിവയിലാണ് യു.എ.ഇയില്‍ കൂടുതല്‍ ശ്രദ്ധയൂന്നുക.
റെക്കോഡ് ലാഭത്തിലേറി
കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) മുത്തൂറ്റ് ഫിനാന്‍സ് 22 ശതമാനം വളര്‍ച്ചയോടെ 4,468 കോടി രൂപയുടെ റെക്കോഡ് ലാഭം രേഖപ്പെടുത്തിയിരുന്നു. 89,079 കോടി രൂപയാണ് കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം വായ്പാ ആസ്തി.
മികച്ച പ്രവര്‍ത്തനഫലത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരിക്ക് 24 രൂപ വീതം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഓഹരികളിലെ നേട്ടം
ഇന്ന് 1.87 ശതമാനം ഉയര്‍ന്ന് 1,714.95ലാണ് മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 52 ശതമാനം നേട്ടം (Return) സമ്മാനിച്ചിട്ടുണ്ട് മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍. 68,848 കോടി രൂപ വിപണിമൂല്യവുമായി (NSE പ്രകാരം) കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയുമാണ് മുത്തൂറ്റ് ഫിനാന്‍സ്.
Related Articles
Next Story
Videos
Share it