മുത്തൂറ്റ് ഫിന്‍കോര്‍പ് കടപ്പത്ര വില്‍പ്പന തുടങ്ങി, ലക്ഷ്യം 250 കോടി രൂപ സമാഹരിക്കാന്‍

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കിഴിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങളിലൂടെ (എന്‍.സി.ഡി) 250 കോടി രൂപ സമാഹരിക്കുന്നു. 1000 രൂപ വീതം മുഖവിലയുള്ള എന്‍.സി.ഡികള്‍ ഒക്ടോബര്‍ 24 വരെ ലഭ്യമാണ്.

കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെയോ ഓഹരി അനുവദിക്കല്‍ കമ്മിറ്റിയുടേയോ തീരുമാനമനുസരിച്ചും സെബിയുടെ 33എ റെഗുലേഷന്‍ അനുസരിച്ചുള്ള ആവശ്യമായ അനുമതികളുടെ അടിസ്ഥാനത്തിലും ഇതു നേരത്തെ തന്നെ അവസാനിപ്പിക്കാനും സാധിക്കും.

പലിശ 9 ശതമാനം മുതല്‍

24 മാസം, 36 മാസം, 60 മാസം, 72 മാസം, 92 മാസം എന്നിങ്ങനെയുള്ള കാലാവധി ഉള്ളതാണ് എന്‍.സി.ഡികള്‍. പ്രതിമാസ, വാര്‍ഷിക തവണകളായോ
കാലാവധിക്കു ശേഷം ഒരുമിച്ചോ
ലഭിക്കുന്ന രീതിയില്‍ 9 ശതമാനം മുതല്‍ 10.10 ശതമാനം വരെയാണ് വാര്‍ഷിക വരുമാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിംഗാണ് ഇതിനുള്ളത്. (സ്ഥിരതയുള്ള പ്രകടനമാണ് ക്രിസിലിന്റെ ഡബിള്‍ എ മൈനസ് റേറ്റിഗ് സൂചിപ്പിക്കുന്നത്.)
ബി.എസ്.ഇയുടെ കടപത്ര വിപണി വിഭാഗത്തില്‍ ഇതു ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. തുടര്‍ വായ്പ, ഫിനാന്‍സിംഗ്, കമ്പനിയുടെ നിലവിലുള്ള വായ്പാ തുകയും പലിശയും തിരിച്ചടക്കല്‍, പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഇതിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്.
മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ രാജ്യത്തെ 3700-ല്‍ പരം ബ്രാഞ്ചുകള്‍ വഴിയോ മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ എന്ന മൊബൈല്‍ ആപ്പു വഴിയോ അഞ്ചു ലക്ഷം രൂപ വരെ നിക്ഷേപം നടത്താമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് സി.ഇ.ഒ ഷാജി വര്‍ഗീസ് പറഞ്ഞു.
Related Articles
Next Story
Videos
Share it