മുത്തൂറ്റ് സമരം ; 9 ലെ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് മാനേജ്‌മെന്റും യൂണിയനും

മുത്തൂറ്റ് ഫിനാന്‍സിലെ ഒരു ഭാഗം ജീവനക്കാര്‍ രണ്ടാഴ്ചയായി നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഒമ്പതാം തീയതി തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കമ്പനി മാനേജ്‌മെന്റും ജീവനക്കാരുടെ യൂണിയനും. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഫിക്കി കോ ചെയര്‍മാന്‍ ദീപക് എല്‍. അസ്വാനി ആവശ്യപ്പെട്ടു.

അതേസമയം, യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചുള്ള ദുഷ്പ്രചരണങ്ങള്‍ സമരത്തിന്റെ ഭാഗമായി അഴിച്ചുവിടുന്നതു നിര്‍ത്തണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. ശമ്പളത്തിനു പുറമേ ഏറ്റവും താഴത്തെ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ പോലും പ്രവര്‍ത്തന ഫലത്തിന്റെ മികവില്‍ ഒരു ലക്ഷം രൂപയോളം ഒരു വര്‍ഷത്തിനുള്ളില്‍ ഇന്‍സെന്റീവ് വാങ്ങിയിട്ടുണ്ട്. മികവ് പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള വാഗ്ദാനത്തിന്റെ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ക്കായി വിദേശ യാത്ര നടത്തിവരുന്നതിന്റെ ഗുണഭോക്താക്കളായ ജീവനക്കാരുടെ എണ്ണം ഏകദേശം അയ്യായിരം വരും. ഇതൊന്നും യൂണിയന്‍ നേതാക്കള്‍ കണ്ടതായി ഭാവിക്കുന്നില്ലെന്ന്  മുത്തൂറ്റ് ഫിനാന്‍സ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മേധാവി ബാബു ജോണ്‍ മലയില്‍ പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സിലെ ശമ്പള ഘടന തീരെ താഴ്ന്നതാണെന്ന ആരോപണം തെളിയിക്കാന്‍ സര്‍വീസ് അസിസ്റ്റന്റ് എബിന്‍ .ടി. ജോര്‍ജിന്റെ 2018 ഫെബ്രുവരിയിലെ ‘ശമ്പള സ്ലിപ്പിന്റെ കോപ്പി’ യെന്ന വിശേഷണത്തോടെ അവതരിപ്പിച്ച രേഖ വ്യാജമായുണ്ടാക്കിയതാണെന്ന് ബാബു ജോണ്‍ മലയില്‍ ചൂണ്ടിക്കാട്ടി.  പ്രവര്‍ത്തന ശൈലി പരിഗണിക്കാതെ സര്‍വീസ് കാലാവധി മാത്രം നോക്കി ഗ്രേഡും പ്രൊമോഷനും നല്‍കുന്ന  സര്‍ക്കാര്‍ സര്‍വീസ് മാതൃകയ്ക്കപ്പുറമായി ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള എല്ലാ പ്രോല്‍സാഹനവും മാനേജ്‌മെന്റ് നല്‍കുന്നുണ്ട്.

നാമമാത്രജോലി ചെയ്ത് ഉയര്‍ന്ന ശമ്പളം വാങ്ങാനുള്ള മോഹത്തിന് വളം വച്ചുകൊടുക്കുന്നത് ഗുണകരമാകില്ല. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കപ്പെടുമെന്നാണു പ്രതീക്ഷ

സമരത്തെ തുടര്‍ന്ന് അടച്ചിടേണ്ടി വന്ന മുന്നൂറിലേറെ ശാഖകള്‍ മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ പൂട്ടേണ്ടി വരുമെന്നു മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ ഈ ശാഖകള്‍ ഘട്ടം ഘട്ടമായി പൂട്ടുമെന്നും ആദ്യ ഘട്ടത്തില്‍ 15 ശാഖകള്‍ പൂട്ടാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുന്‍നിര ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ആസ്ഥാനം ബലപ്രയോഗത്തിലൂടെ ഉപരോധിച്ചതു തെറ്റായ സന്ദേശമാണു നിക്ഷേപകര്‍ക്കു നല്‍കുന്നതെന്നു ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഭരിക്കുന്ന പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ തന്നെ മുത്തൂറ്റ് ശാഖകളുടെ അടച്ചുപൂട്ടലിനു കാരണമാകുന്നതു ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (കെസിസിഐ) ചെയര്‍മാന്‍ ഡോ. ബിജു രമേശ് ആവശ്യപ്പെട്ടു.

സമരത്തിനു നേതൃത്വം നല്‍കുന്ന നോണ്‍ ബാങ്കിംഗ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷനും ഒമ്പതാം തീയതിയിലെ ചര്‍ച്ചയില്‍ പ്രശ്‌ന പ്രഹാരമുണ്ടാകുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചു. തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, ശമ്പള വര്‍ദ്ധനവ് നടപ്പില്‍ വരുത്തുക തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചേ തീരുവെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.സി രതീഷും മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ. ജയനും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here