വിമാനയാത്രാ പ്രശ്‌ന ചര്‍ച്ചയ്ക്ക് നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം; ശുഭപ്രതീക്ഷയോടെ പ്രവാസി സമൂഹം

സംസ്ഥാനത്തെ വ്യോമയാന മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ തിരുവനന്തപുരത്തു നടക്കുന്ന ഉന്നതതല യോഗത്തെ പ്രവാസി മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചിട്ടുള്ള ഈ യോഗത്തില്‍ കേന്ദ്ര വ്യോമയാന സെക്രട്ടറി അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും വിമാനക്കമ്പനി മേധാവികളും സംബന്ധിക്കും.

തിരക്കുളള സമയങ്ങളില്‍ ഗള്‍ഫിലേക്കുള്ള വിമാനയാത്രാക്കൂലി അമിതമായി വര്‍ധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്ന പ്രവാസികളുടെ നിരന്തരമായ ആവശ്യം മാനിച്ചാണ് യോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെങ്കിലും ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും ചര്‍ച്ചാവിഷയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തിട്ടുണ്ട്.

നാലു രാജ്യാന്തര വിമാനത്താവളങ്ങളുള്ള കേരളത്തില്‍ വിമാനയാത്രക്കാരുടെ എണ്ണം കൂടിവരികയാണെങ്കിലും സംസ്ഥാന വ്യോമയാന മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനുതന്നെ ഇതു വിനയായി മാറുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ഉന്നതതലയോഗം നിര്‍ണായകമാകുന്നത്.ശബരിമല വിമാനത്താവള പദ്ധതി വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ഏകോപനത്തിനു സ്‌പെഷല്‍ ഓഫിസറെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മുഴുനവന്‍ പ്രവാസി സമൂഹങ്ങളും സ്വാഗതം ചെയ്യുന്നു.ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ ചര്‍ച്ചകള്‍ നാളെ നടക്കുമെന്ന പ്രതീക്ഷ അവര്‍ പങ്കുവയ്ക്കുന്നുണ്ട്.

ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ നിലച്ചത് അവധിക്കാലത്തു പ്രവാസികളുടെ യാത്രാപ്രശ്‌നം രൂക്ഷമാക്കി. സീസണ്‍ കാലത്ത് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു.ഗള്‍ഫ് വിമാനയാത്രക്കൂലി യാതൊരു നിയന്ത്രണവുമില്ലാതെ ഇടയ്ക്കിടെ വര്‍ധിപ്പിക്കുന്നു. അവധിക്കാലവും ആഘോഷവേളകളും മുന്‍കൂട്ടിക്കണ്ട് വിമാനക്കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഏര്‍പ്പെടുത്തുന്ന പതിവ് മാറുന്നില്ല. ഇതിലുള്ള പ്രതിഷേധം രൂക്ഷമായിരിക്കുന്നതിനാല്‍ ഗള്‍ഫ് യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്കു യോഗത്തില്‍ മുന്‍തൂക്കം കിട്ടുമെന്ന് അവര്‍ കരുതുന്നു.

കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള സാഹചര്യമുണ്ടായിട്ടും നമ്മുടെ പല വിമാനത്താവളങ്ങളിലും അതിനു നടപടി ഉണ്ടാകാത്തതെന്തെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി കണ്ടെത്തുമെന്നാണു പ്രവാസികളുടെ പ്രതീക്ഷ.കൊച്ചിയില്‍നിന്നു നേരിട്ട് യൂറോപ്യന്‍ സെക്ടറുകളിലേക്കു വിമാനങ്ങളില്ലാത്തതും ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവയൊഴികെ പ്രധാന നഗരങ്ങളിലേക്ക് ആവശ്യത്തിനു സര്‍വീസുകളില്ലാത്തതും അടിയന്തര പരിഹാരം തേടുന്ന വിഷയങ്ങള്‍ തന്നെ.
സംസ്ഥാനത്തിനകത്തെ വിവിധ വിമാനത്താവളങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ ഇപ്പോഴും പരിമിതം. കൂടുതല്‍ വിദേശ സര്‍വീസുകള്‍ തുടങ്ങാന്‍ വിമാനക്കമ്പനികള്‍ തയ്യാറാകുന്നില്ല. ഉയര്‍ന്ന ടിക്കറ്റ് നിരക്കും അടിസ്ഥാനസൗകര്യ രംഗത്തെ പോരായ്മ തുടങ്ങിയ പ്രശ്‌നങ്ങളും സംസ്ഥാനത്തിന്റെ വ്യോമയാന വികസനത്തിനു തടസ്സമാകുന്നു.

സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മൂലം വികസന സ്തംഭനത്തിലാണ് തിരുവനന്തപുരം വിമാനത്താവളം. ഇവിടെ നിന്നുള്ള സര്‍വീസുകള്‍ പലതും റദ്ദാക്കപ്പെടുന്നു. വിമാനത്താവളത്തിലെ ഉയര്‍ന്ന പാസഞ്ചര്‍ യൂസര്‍ ഫീസും ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ചാര്‍ജും മറയാക്കി കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിമാന നിരക്കാണ് ഇവിടെ നിന്നുള്ള സര്‍വീസുകള്‍ക്ക് കമ്പനികള്‍ ഈടാക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിന്റെ നവീകരണം പൂര്‍ത്തിയായി വലിയ വിമാനങ്ങള്‍ക്കു റണ്‍വേ സജ്ജമാക്കി രണ്ടു വര്‍ഷമായിട്ടും എയര്‍ ഇന്ത്യയുടെയും എമിറേറ്റ്‌സിന്റെയും സര്‍വീസുകള്‍ അകന്നുനില്‍ക്കുന്നു. ഇവിടെ കസ്റ്റംസ് പരിശോധനകള്‍ക്ക് 120 ഉദ്യോഗസ്ഥര്‍ ആവശ്യമുള്ള സ്ഥാനത്തുള്ളത് 34 പേര്‍ മാത്രം.

വിദേശ വിമാനക്കമ്പനികള്‍ക്കു പുതിയ വിമാനത്താവളങ്ങളില്‍ സര്‍വീസ് അനുവദിക്കേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന്റെ നിഴലില്‍ മുടന്തുകയാണ് കണ്ണൂര്‍ വിമാനത്താവളം. വിദേശത്തേക്കും തിരിച്ചുമുള്ള സീറ്റ് പങ്കുവയ്ക്കല്‍ സംബന്ധിച്ച് ഇന്ത്യ മറ്റു രാജ്യങ്ങളുമായുണ്ടാക്കിയ കരാറാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടിനു കാരണം. ആവശ്യമായത്ര വിമാനങ്ങളില്ലാത്തതിനാല്‍ കരാര്‍ പ്രകാരം അനുവദിക്കപ്പെട്ടിരിക്കുന്ന സീറ്റുകള്‍ പൂര്‍ണമായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു കഴിയുന്നില്ലെന്നതു വേറെ കാര്യം.

Related Articles

Next Story

Videos

Share it