കൊച്ചി ആസ്ഥാനമായ പ്രമുഖ വ്യാവസായിക കെമിക്കല്‍ അസംസ്‌കൃത വസ്തു നിര്‍മ്മാതാക്കളായ നിറ്റ ജെലാറ്റിന്‍ നടപ്പുവര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 22.01 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 15.36 കോടി രൂപയും ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണില്‍ 28.15 കോടി രൂപയുമായിരുന്നു ലാഭം. പാദാധിഷ്ഠിത ലാഭത്തില്‍ 21.8 ശതമാനത്തിന്റെ വര്‍ധനയുണ്ട്. എന്നാല്‍ വാര്‍ഷികാടിസ്ഥാന ലാഭത്തില്‍ 43.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
മൊത്ത വരുമാനവും (total income) വാര്‍ഷികാടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍പാദത്തിലെ 145.94 കോടി രൂപയില്‍ നിന്ന് 142.54 കോടി രൂപയായി കുറഞ്ഞു. എന്നാൽ തൊട്ടു മുന്‍പാദത്തിലിത് 131.28 കോടി രൂപയായിരുന്നു.
പ്ലാന്റ് വിപുലീകരണത്തിന് അനുമതി
നിറ്റ ജെലാറ്റിന്റെ ജെലാറ്റിന്‍ വിഭാഗത്തിലെ കൊളാഷെന്‍ പെപ്റ്റൈഡ് (Collagen Peptide) വാര്‍ഷിക ഉത്പാദനശേഷി 1000 ടണ്‍ ആയി വര്‍ധിപ്പിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കി. നിലവില്‍ 450 ടണ്‍ ആണ് ഉത്പാദന ശേഷി. 550 ടണ്‍ ഉത്പാദന ശേഷി അധികമായി ചേര്‍ക്കാന്‍ കഴിഞ്ഞ നവംബറില്‍ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ആഗോള തലത്തിലെ സാമ്പത്തിക ഞെരുക്കമടക്കമുള്ള വെല്ലുവിളികള്‍ ഉപയോക്തൃ ഡിമാന്‍ഡിനെ ബാധിച്ച പശ്ചാത്തലത്തില്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ പുനഃപരിശോധനയ്ക്ക് വിടുകയായിരുന്നു. വിവിധ വിഭാഗങ്ങളുടെ ഉത്പാദന ശേഷി 150 മെട്രിക് ടണ്‍ വീതം വര്‍ധിപ്പിക്കുന്നത് കൂടാതെയാണ് 550 മെട്രിക് ടണ്‍ അധിക ഉത്പാദന ശേഷി നടപ്പാക്കുന്നത്.
ശേഷി ഉയര്‍ത്തുന്നതിനുള്ള പണം അവകാശ ഓഹരി വില്‍പ്പന, വായ്പ എന്നിവ കൂടാതെ ആഭ്യന്തര സമാഹരണത്തിലൂടെയും കണ്ടെത്താനാണ് പദ്ധതി. ജെലാറ്റിന്‍ ഉത്പാദന ശേഷി കൂട്ടുന്നതിന്റെ സാധ്യതകളും കമ്പനി പരിശോധിക്കുന്നുണ്ട്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനമെടുക്കുമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഹരി
ഇന്നലെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ച ശേഷമാണ് പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വ്യാപാരാന്ത്യത്തില്‍ 0.88 ശതമാനം ഉയര്‍ന്ന് 792.50 രൂപയിലാണ് ഓഹരി വിലയുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിറ്റ ജെലാറ്റിന്‍ ഓഹരി 10.06 ശതമാനം നേട്ടം (return) ഓഹരി ഉടമകള്‍ക്ക് നൽകിയിട്ടുണ്ട്.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയുടെയും ജപ്പാനിലെ നിറ്റ ജെലാറ്റിന്റെയും സംയുക്ത കമ്പനിയാണ് നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്. ഫാര്‍മ ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കാലിത്തീറ്റ, കൃഷിയുത്പന്നങ്ങള്‍ എന്നിവയ്ക്കായുള്ള അസംസ്‌കൃതവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. 60 ശതമാനത്തിലധികം ഉത്പന്നങ്ങളും ജപ്പാന്‍, അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്.