മലയാളി സ്റ്റാര്‍ട്ടപ്പ് ഫ്‌ളെക്‌സിക്ലൗഡില്‍ നിക്ഷേപവുമായി രാമോജി ഗ്രൂപ്പ്
മലയാളികളായ വിനോദ് ചാക്കോ, അനൂജ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളെക്‌സിക്ലൗഡ് ഇന്റര്‍നെറ്റില്‍ നിക്ഷേപവുമായി ഉഷോദയ എന്റര്‍പ്രൈസസ്. ഹൈദരബാദ് ആസ്ഥാനമായുള്ള രാമോജി ഗ്രൂപ്പിന്റെ മാതൃകമ്പനിയാണ് ഉഷോദയ എന്റര്‍പ്രൈസസ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വെബ് ഹോസ്റ്റിംഗ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഫ്‌ളെക്‌സിക്ലൗഡ് ഇന്റര്‍നെറ്റ്.
നിക്ഷേപം അടിത്തറ വര്‍ധിപ്പിക്കും
വിവിധ ക്ലൗഡ് ദാതാക്കളെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുക, സെര്‍വര്‍ വിന്യാസങ്ങള്‍ ഇഷ്ടാനുസൃതമാക്കുക, സെര്‍വര്‍ ലൊക്കേഷനുകള്‍ തിരഞ്ഞെടുക്കുക, ഉപഭോക്താക്കളുടെ ആപ്ലിക്കേഷനുകള്‍ മുഴുവന്‍ സമയവും നിയന്ത്രിക്കുക, ആപ്ലിക്കേഷന്‍ ഹോസ്റ്റിംഗ് എന്നിവയാണ് ഫ്‌ളെക്‌സിക്ലൗഡ് നല്‍കുന്ന സേവനങ്ങള്‍. സങ്കീര്‍ണ്ണമായ സാങ്കേതിക വെല്ലുവിളികള്‍ ലളിതമാക്കുക എന്നതാണ് ഫ്‌ളെക്‌സിക്ലൗഡ് ഇന്റര്‍നെറ്റിന്റെ ലക്ഷ്യം. ഇത് ഉപഭോക്താക്കളുടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും തടസ്സമില്ലാത്തതുമാണെന്ന് ഉറപ്പാക്കുന്നു.
കമ്പനിയുടെ സേവനം ചെറുകിട ബിസിനസുകള്‍ അഭിമുഖീകരിക്കുന്ന പൊതുവായ വെല്ലുവിളികളെ നേരിടാന്‍ രൂപകല്‍പ്പന ചെയ്യുന്നതിനൊപ്പം ക്ലൗഡ് സൊല്യൂഷനുകള്‍ ആക്‌സസ് ചെയ്യുന്നത് താങ്ങാനാവുന്നതുമാക്കി മാറ്റുന്നുവെന്ന് ഫ്‌ളെക്‌സിക്ലൗഡിന്റെ സി.ഇ.ഒ അനൂജ ബഷീര്‍ പറഞ്ഞു. ഉഷോദയ എന്റര്‍പ്രൈസസിന്റെ നിക്ഷേപം ഫ്‌ലെക്‌സിക്ലൗഡിന്റെ അടിത്തറ വര്‍ധിപ്പിക്കുന്നതിനും കമ്പനിയുടെ ഗവേഷണവും വികസനവും വിപുലീകരിക്കുന്നതിനും സഹായിക്കും.
ഈ പങ്കാളിത്തം ക്ലൗഡ് സെക്ടറില്‍ ഫ്‌ളെക്‌സിക്ലൗഡിന്റെ PaaS ഓഫറുകള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ സേവനങ്ങളില്‍ എ.ഐ, മെഷീന്‍ ലേണിംഗ് എന്നിവ ഉള്‍പ്പെടുത്തുന്നതിനുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉഷോദയ എന്റര്‍പ്രൈസസിന്റെ നിക്ഷേപം കമ്പനിയുടെ ടെക് ഓഫറുകള്‍ ഗണ്യമായി വര്‍ധിപ്പിക്കുകയും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഫ്‌ളെക്‌സിക്ലൗഡിന്റെ സി.എഫ്.ഒ ബിനു മാത്യു പറഞ്ഞു.
അംഗീകാരങ്ങളേറെ
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സ്‌കെയില്‍-അപ്പ് ഗ്രാന്റ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ടൈംസ് ബിസിനസ് അവാര്‍ഡ് പോലുള്ള അംഗീകാരങ്ങളും ഫ്‌ളെക്‌സിക്ലൗഡിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ 13 രാജ്യങ്ങളിലായി ബ്ലോഗര്‍മാര്‍ മുതല്‍ ബഹുരാഷ്ട്ര കമ്പനികള്‍ വരെയുള്ള 2200ല്‍ അധികം പേർക്ക് കമ്പനി സേവനം നല്‍കി വരുന്നു.