റിക്രൂട്ട്‌മെന്റ് കുറയുന്നു, ഐ.ടി മേഖല കനത്ത ആശങ്കയില്‍

ആഗോള സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തിന്റെ ആശങ്കയിലാണ് കേരളത്തിലെ ഐ.ടി മേഖല. ഐ.ടി ബിസിനസ് എന്നത് പൊതുവെ വിദേശരാജ്യങ്ങളിലെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മാന്ദ്യം അതിനെ എങ്ങനെ ബാധിക്കുമെന്നതാണ് ഈ മേഖലയെ ഇപ്പോള്‍ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ ബിസിനസ് കുറയുകയാണെങ്കില്‍ കേരളത്തില്‍ ഈ രംഗത്തുള്ള നിക്ഷേപം, തൊഴില്‍ തുടങ്ങിയവയെ അത്് ഗുരുതരമായി ബാധിക്കുന്നതാണ്. പൊതുവെ രാജ്യത്തെ ഐ.ടി മേഖലയുടെ വളര്‍ച്ച മന്ദഗതിയിലായത് സംസ്ഥാനത്തെ സംരംഭകരിലും പ്രൊഫണലുകളിലും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

'ഗ്ലോബല്‍ എക്കോണമി കഴിഞ്ഞ കുറെ മാസങ്ങളായി മോശമായതിനാല്‍ രാജ്യാന്തര കമ്പനികളൊക്കെ വെയിറ്റ് ആന്റ് വാച്ച് എന്നൊരു നിലപാടാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. അതിലൊരു മാറ്റം വരുന്നതുവരെ ഈ രംഗത്തെ നിക്ഷേപം കുറയും. ഐ.ടി മേഖലയിലെ റിക്രൂട്ട്‌മെന്റുകളും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പൊതുവെ കുറഞ്ഞിരിക്കുകയാണ്' മുന്‍ ആസൂത്രണ ബോര്‍ഡ് അംഗമായ ജി.വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലും ഐ.ടി റിക്രൂട്ട്‌മെന്റുകള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മാന്ദ്യം ശക്തമാകുകയാണെങ്കില്‍ ഐ.ടി പ്രൊഫഷണലുകളുടെ ജോലികള്‍ നഷ്ടപ്പെടുന്നതിനും അതിടയാക്കിയേക്കും. വിദേശത്തെയും സ്വദേശത്തെയും ഐ.ടി കമ്പനികള്‍ അവരുടെ വികസനപദ്ധതികള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചേക്കാനാണ് സാദ്ധ്യത.. ആഗോള ഐ.ടി കമ്പനികള്‍ കേരളത്തില്‍ അവരുടെ കേന്ദ്രം തുടങ്ങുന്നതിനും മാന്ദ്യം തടസമായേക്കും.

ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്റ്‌സ്്, മെഷീന്‍ ലേണിംഗ് തുടങ്ങിയ വ്യത്യസ്ത മേഖലകളിലായിരിക്കും ഐ.ടിയുടെ ഇനിയുള്ള വളര്‍ച്ച. അതിനാല്‍ നിരന്തരമായുള്ള പഠനം നടത്തുന്ന പ്രൊഫഷണലുകള്‍ക്ക് മാത്രമേ ഈ മേഖലയില്‍ നിലനില്‍പ്പുണ്ടാകൂവെന്നും വിജയരാഘവന്‍ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും വെല്ലുവിളി

ഐ.ടി മേഖലയുടെ വളര്‍ച്ച താഴേക്കാകുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ് സംരംഭങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കും. രാജ്യത്തെ സ്റ്റാര്‍ട്ടപ് മേഖലക്കാകെ മാതൃകയായിട്ടുള്ള ശക്തമായൊരു ഇക്കോസിസ്റ്റമാണ് കേരളത്തിലുള്ളത്. എന്നാല്‍ സാമ്പത്തിക മാന്ദ്യം സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ നിലനില്‍പ്പിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മാന്ദ്യം കാരണം സ്റ്റാര്‍ട്ടപ് മേഖലയിലേക്കുള്ള ഫണ്ടിംഗ് വലിയ തോതില്‍ കുറഞ്ഞേക്കുമെന്ന ആശങ്കയാണ് ചില സ്റ്റാര്‍ട്ടപ് സംരംഭകര്‍ ഉന്നയിക്കുന്നത്. ഉല്‍പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ കഴിയാത്തൊരു അവസ്ഥ അതുണ്ടാക്കിയേക്കും. വന്‍കിട കമ്പനികളെപ്പോലെ വരുമാനത്തിലുണ്ടാകുന്ന ചെറിയൊരു കുറവുപോലും താങ്ങാനുള്ള ശേഷി സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്കുണ്ടാകില്ലെന്നതാണ് പ്രശ്‌നം.

ജീവനക്കാരെ നിലനിര്‍ത്തുകയെന്നതും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയൊരു വെല്ലുവിളിയാകും. അതേസമയം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ഭൂരിഭാഗവും നൂതന സാങ്കേതിക വിദ്യകളില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഏറ്റവും ഗുണകരമായൊരു വശം. അതിനാല്‍ ഇപ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ മറികടക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐ.ടിയുടെ കുതിപ്പിന്റെ ഘട്ടത്തില്‍ മികച്ച നേട്ടങ്ങള്‍ കെയ്‌തെടുക്കാനാകും.

Related Articles

Next Story

Videos

Share it