ധനം റീറ്റെയ്‌ലര്‍ ഓഫ് ദ ഇയര്‍ 2017: ബിസ്മി
ഇന്ത്യന്‍ റീറ്റെയ്ല്‍ രംഗം കീഴ്‌മേല്‍ മറിക്കലുകള്‍ക്ക് സാക്ഷ്യം വഹിച്ച നാളുകളില്‍ നൂതന ആശയങ്ങളുടെ കരുത്തില്‍ അതിവേഗം മുന്നോട്ടുപോകുകയായിരുന്നു ബിസ്മി. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് ഹൈപ്പര്‍ മാര്‍ക്കറ്റുകളും 11 ഇലക്ട്രോണിക്‌സ്-ഗൃഹോപകരണ റീറ്റെയ്ല്‍ സ്റ്റോറുകളും ബിസ്മിക്കുണ്ട്. 2018ല്‍ ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കാനാണ് പദ്ധതി.
ചെലവ് കുറച്ച് ലാഭം നേടുക. ബിസ്മിയുടെ യുവ സാരഥി വി എ അജ്മല്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ തന്ത്രങ്ങള്‍ ഇതിലൂന്നിയതായിരുന്നു. പ്രി എന്‍ജിനിയേര്‍ഡ് സ്റ്റീല്‍ ബില്‍ഡിംഗുകളാല്‍ റീറ്റെയ്ല്‍ സ്‌പേസ് സൃഷ്ടിച്ച അജ്മല്‍, ഹൈപ്പര്‍ മാര്‍ക്കറ്റിനുള്ളിലെ ഇന്ധന ചെലവ് നിര്‍ണായമായ തോതില്‍ കുറയ്ക്കാന്‍ സ്‌റ്റോറുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു.
ഹൈപ്പര്‍ മാര്‍ക്കറ്റ്, ഇലക്ട്രോണിക്‌സ്, ഫാഷന്‍ എന്നിവയുടെ മികച്ച മിശ്രണമാണ് ഓരോ ബിസ്മി സ്‌റ്റോറിനെയും ജനങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കിയത്. രാജ്യത്തെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയാകാനുള്ള ലക്ഷ്യത്തോടെ മുന്നേറുന്ന ബിസ്മി, റീറ്റെയ്ല്‍ ശൃംഖലകളുടെ പ്രൊഫഷണല്‍ നടത്തിപ്പ് ഉറപ്പാക്കാന്‍ ഉതകുന്ന അത്യാധുനിക സോഫ്റ്റ് വെയര്‍ സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്ക് ന്യായവിലയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ ഉല്‍പ്പാദന രംഗത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു.