ട്രഷറി നിക്ഷേപങ്ങളുടെ പലിശ കൂട്ടി സര്‍ക്കാര്‍; പൊതുജനങ്ങള്‍ക്ക് നേടാം അധിക പലിശ

പണലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി. ഒക്ടോബര്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. നിലവില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ട്രഷറി നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ധന നടപ്പാക്കിയിരിക്കുന്നത്. കൂടുതല്‍ പേര്‍ നിക്ഷേപത്തിനായി തിരഞ്ഞടുക്കുന്ന രണ്ട് കാലയളവുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്കുകളാണ് വർധിപ്പിച്ചത്.

മാറ്റം ഇങ്ങനെ

181 മുതല്‍ 365 ദിവസം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.90 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി. 366 ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.40 ശതമാനത്തില്‍ നിന്ന് 7 ശതമാനമാക്കി.

46 മുതല്‍ 90 ദിവസം വരെ കാലയളവുള്ള വായ്പകള്‍ക്ക് 5.40 ശതമാനവും 91 മുതല്‍ 180 ദിവസം വരെയുള്ള വായ്പകള്‍ക്ക് 5.90 ശതമാനവും രണ്ട് വര്‍ഷത്തിലേറെ കാലയളവുള്ള വായ്പകള്‍ക്ക് 7.50 ശതമാനവുമാണ് നിലവില്‍ പലിശ നിരക്ക്. ഇവയില്‍ മാറ്റം വരുത്തിയില്ല. കഴിഞ്ഞ വര്‍ഷമാണ് ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്ക് മാറ്റിയത്. ഇതിനിടയില്‍ ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് പലതവണ വര്‍ധിപ്പിച്ചിരുന്നു.

നിലവിലെ പ്രശ്നങ്ങൾ മൂലം സഹകരണ ബാങ്കുകളിൽ നിന്ന് പിന്‍വലിക്കുന്ന തുക പലരും ട്രഷറി നിക്ഷേപങ്ങളിലേക്ക് നീക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചത് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് പണ ലഭ്യത ഉറപ്പാക്കാനാണ് പലിശ നിരക്ക് വർധനയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Related Articles
Next Story
Videos
Share it