Begin typing your search above and press return to search.
കാശ് കൈയിലുള്ളപ്പോള്‍ നിക്ഷേപിക്കണം, വിപണിയുടെ ഉയരവും താഴ്ചയുമല്ല നോക്കേണ്ടത്
മാര്‍ക്കറ്റ് ഉയരത്തിലെത്തുമ്പോഴോ, അതോ താഴെ എത്തുമ്പോഴോ? എപ്പോഴാണ് നിക്ഷേപം നടത്തേണ്ടത്? ചെറുകിട നിക്ഷേപകര്‍ നിരന്തരം സംശയമുന്നയിക്കുന്ന കാര്യമാണ്. ഈ രണ്ട് സമയത്തുമല്ല കൈയില്‍ കാശുള്ളപ്പോഴൊക്കെ നിക്ഷേപം നടത്തണമെന്നാണ് ഇൻവെസ്റ്റ്മെന്റ് സ്‌പെഷ്യലിസ്റ്റും ഐ.ഡി.ബി.ഐ ക്യാപിറ്റല്‍ മുന്‍ റിസര്‍ച്ച് ഹെഡുമായ എ.കെ പ്രഭാകറും അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ അക്ഷയ് അഗര്‍വാളും ഒരേ സ്വരത്തില്‍ പറയുന്നത്.
കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് മീഡിയ ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഇരുവരും അഭിപ്രായപ്രകടനം നടത്തിയത്. വിപണി ഏറ്റവും ഉയര്‍ന്നിരിക്കുമ്പോള്‍ നിക്ഷേപകര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചായിരുന്നു പാനൽ ചർച്ച. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ.രഞ്ജിത് ആര്‍.ജിയാണ് പാനല്‍ ചര്‍ച്ച നയിച്ചത്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി തുടര്‍ച്ചയായി പോസിറ്റീവായി ക്ലോസ് ചെയ്യുന്ന വിപണി എന്ന നേട്ടത്തിലേക്കാണ് രാജ്യം പോകുന്നത്. തുടര്‍ച്ചയായി എട്ട് വര്‍ഷമെന്ന നേട്ടം യു.എസ് നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. ഇനിയും വലിയ തിരുത്തലിലേക്ക് പോയില്ലെങ്കില്‍ ആ നേട്ടം സ്വന്തമാക്കാനാകും. ഇന്ത്യന്‍ വിപണിയുടെ വാല്വേഷനും അതിനനുസരിച്ച് ഉയരും. കഴിഞ്ഞ രണ്ട് മാസമായി വിപണി തിരുത്തലിലാണ്. അതായത് സ്റ്റോക്ക് പിക്കേഴ്‌സ് മാര്‍ക്കറ്റ് എന്ന് വിശേഷിപ്പിക്കാം. പല ഓഹരികളും ആദായ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ വര്‍ഷത്തേക്ക് പണം നിക്ഷേപിച്ച് അതിനെ മറക്കുക. പണത്തിന് അത്ര ആവശ്യം വന്നാലല്ലാതെ വിറ്റ് പിന്മാറാന്‍ ശ്രമിക്കരുത്.
നേരിട്ട് വിപണിയില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ എസ്.ഐ.പി വഴി നിക്ഷേപിക്കുന്നതാണ് ഇപ്പോഴത്തെ വിപണിയില്‍ അനുയോജ്യം. കാരണം കുറഞ്ഞ എന്‍.എ.വിയില്‍ കൂടുതല്‍ യൂണിറ്റുകള്‍ സ്വന്തമാക്കാനും നിക്ഷേപം കൂട്ടാനും സാധിക്കും. നിഫ്റ്റി ഇ.ടി.എഫ്, ഗോള്‍ഡ് ഇ.ടി.എഫ് എന്നിവയും നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.
വിദേശ നിക്ഷേപകരുടെ പിൻവലിക്കൽ
വിപണിയില്‍ ഇപ്പോള്‍ വിദേശ നിക്ഷേപകരുടെ പിന്‍വലിക്കലാണ് പ്രധാനമായും ഇടിവുണ്ടാക്കുന്നത്. എന്നാല്‍ ഇതില്‍ ചെറുകിട നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട കാര്യങ്ങളൊന്നുമില്ല. വാങ്ങാനുള്ള അവസരമായി കണ്ടാല്‍ മതിയെന്നാണ് പാനലില്‍ പങ്കെടുത്തവരുടെ അഭിപ്രായം. നിലവില്‍ 10 ശതമാനത്തോളമാണ് വിപണിയിലുണ്ടായ തിരുത്തല്‍. ഇതൊരു വലിയ ഇടിവായി കണക്കാക്കേണ്ടതില്ലെന്നാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ വിലയിരുത്തല്‍.
Next Story
Videos