ഓണവിപണി: 637 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍, ആറു സ്ഥാപനങ്ങള്‍ അടപ്പിച്ചു

സംസ്ഥാനത്ത് ഓണവിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചു. 637 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തി. ലൈസന്‍സില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവര്‍ത്തിച്ച ആറു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. വരുംദിവസങ്ങളിലും പരിശോധനകള്‍ തുടരും.

ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 54 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടിസും 58 കടകള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടിസും നല്‍കി. മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരേ അഡ്ജ്യൂഡിക്കേഷന്‍ നടപടികള്‍ക്കായി ശുപാര്‍ശ ചെയ്തു. ആറു സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടിസ് നല്‍കി. 72 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 167 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് ലാബുകളില്‍ പരിശോധനക്കായി അയച്ചു.

ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിക്‌സ്, ശർക്കര, നെയ്യ്, പച്ചക്കറികൾ, പഴങ്ങൾ, പരിപ്പുവർഗങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണ കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പരിശോധനകൾ നടത്തി.

ഭക്ഷ്യസുരക്ഷാ ലൈസൻസെടുക്കാതെ ഒരു സ്ഥാപനവും പ്രവർത്തിക്കാൻ അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികൾ കൈക്കൊള്ളാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം നൽകി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it