ജീവന്‍ കവര്‍ന്ന് ലോണ്‍ ആപ്പുകള്‍; കുറ്റവാളികള്‍ വിദേശത്തും

ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് മാഫിയ സംസ്ഥാനത്ത് പിടിമുറുക്കിയതോടെ മാനഹാനി ഭയന്നുള്ള ആത്മഹത്യകളും കൂടുന്നു. കടമക്കുടിയിലെ നാലംഗ കുടുംബം അത്മഹത്യ ചെയ്തതാണ് ഒടുവിലത്തെ സംഭവം. പതിനായിരം രൂപ വായ്പയെടുത്ത യുവാവിനെ പലപ്പോഴായി ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയ്ക്കടുത്ത് തട്ടിയെടുത്ത സംഭവം വരെ സംഭവം വരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

വീട് പണിയുടെ ആവശ്യത്തിനായാണ് പത്തനംതിട്ട ചുങ്കം സ്വദേശി 'ക്യാഷ് ബസ്' എന്ന ആപ്പിലൂടെ 8,000 രൂപ വായ്പയ്ക്ക് ശ്രമിച്ചത്. എന്നാല്‍ കിട്ടിയത് 5,000 രൂപ. ബാക്കിയുള്ളത് പ്രോസസിംഗ് ഫീസായിരുന്നെന്നാണ് വിശദീകരണം. ഏഴുദിവസത്തിനുള്ളില്‍ തിരിച്ചടയ്ക്കണമെന്ന നിര്‍ദേശവും എത്തി. പിന്നാലെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി. ആപ്പിലൂടെ ഫോണ്‍ ഗ്യാലറിയിലേക്കും കോണ്‍ടാക്ടുകളിലേക്കും ആക്സസ് കിട്ടിയ തട്ടിപ്പുസംഘം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് മറ്റ് നമ്പറുകളിലേക്കും അയച്ചുതുടങ്ങി. ഇതിനൊപ്പം ആത്മഹത്യ ചെയ്യാന്‍ പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങളും സംഘം അയച്ചിരുന്നു.

സമാന അനുഭവമാണ് കടമക്കുടിയിലെ കുടുംബവും നേരിട്ടത്. നിസഹായാവസ്ഥ ചൂഷണം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരേ ദിവസവും പരാതികള്‍ ഉയരുമ്പോഴും സൈബര്‍ പൊലീസിന്റെ നേതൃത്വത്തില്‍ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല. ഇത്തരം ആപ്പുകള്‍ക്ക് കടിഞ്ഞാണ്‍ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്. എന്നാല്‍ ഒരു വര്‍ഷം മുന്‍പു തന്നെ ഇത്തരം ലോണ്‍ ആപ്പുകളെ കുറിച്ച് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് പൊലീസിന്റെ വെബ്‌സൈറ്റിലും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നതായി തിരുവനന്തപുരം വിജിലന്‍സ് എസ്.പി ഇ.എസ് ബിജുമോന്‍ പറഞ്ഞു.

ഈ വര്‍ഷം ഇതുവരെ 1,440 പരാതികള്‍

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഇതുവരെ 1,440 പരാതികളാണ് സൈബര്‍ സെല്ലില്‍ ലഭിച്ചത്. തട്ടിപ്പിനിരയാകുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബര്‍ സെല്‍ വ്യക്തമാക്കി. കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് കാരണം ലോണ്‍ കെണിയാണെന്ന പരാതിക്ക് പിന്നാലെയാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവരുന്നത്.

കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ പൊലീസിന് ലഭിച്ചത് 14,897 ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികള്‍. ഇതില്‍ പത്ത് ശതമാനവും ലോണ്‍ ആപ്പുകളെ സംബന്ധിച്ചുള്ളതാണ്.

തട്ടിപ്പിങ്ങനെ

എളുപ്പത്തില്‍ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകളെ ആശ്രയിക്കുന്നത്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കേണ്ടതുണ്ട്. ഫോണിലെ ലൊക്കേഷനും കോണ്ടാക്റ്റും ഫോട്ടോസും പങ്കിടാന്‍ അനുവാദം നല്‍കുന്നതോടെ സെക്കന്റുകള്‍ക്കുള്ളില്‍ ലോണ്‍ റെഡി.

ഈ കോണ്‍ടാക്റ്റ് നമ്പറുകളും ഫോട്ടോകളും ഒക്കെ തന്നെയാണ് നാം നല്‍കുന്ന ജാമ്യം. കോണ്‍ടാക്റ്റ് നമ്പറുകളുടെ എണ്ണം കൂടും തോറും നമുക്ക് ലഭിക്കാന്‍ സാധ്യതയുള്ള തുകയുടെ പരിധി കൂടുന്നുവെന്ന് സൈബര്‍ പൊലീസ് പറയുന്നു.

ആദ്യം ഭീഷണി, പിന്നെ നഗ്നദൃശ്യങ്ങള്‍

വായ്പയായി കിട്ടിയ പണം അവര്‍ പറയുന്ന തുകയായി തിരിച്ചടച്ചില്ലെങ്കില്‍ ആദ്യം ഭീഷണിപ്പെടുത്തും. തിരിച്ചടവ് മുടങ്ങിയാലും ചിലപ്പോള്‍ തിരിച്ചടവ് പൂര്‍ത്തിയാക്കിയാല്‍ പോലും പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശമെത്തുന്നുണ്ട്. പിന്നെ ഫോണില്‍ നിന്നു ശേഖരിച്ച ചിത്രങ്ങള്‍ നഗ്‌നദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് അയച്ചു നല്‍കും. ഇത്തരം ചിത്രങ്ങള്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒക്കെ അയച്ചുനല്‍കുന്നു. ഇത് പണം വായ്പയെടുത്ത ആള്‍ക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കുന്നു. കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും ബാധിക്കുകയും ചെയ്യുന്നു. ഈ ചതിയില്‍ പെടുന്നവരില്‍ അധികവും സ്ത്രീകളാണ്. ഇങ്ങനെയുള്ള 25 പരാതികളില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലും

കേരളത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും പൂനെ ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈദരാബാദ്, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോള്‍ സെന്ററുകള്‍ തുടങ്ങിയാണ് തട്ടിപ്പ്. ഇതിനായി ജീവനക്കാരെ നിയമിക്കുന്നുമുണ്ട്.

ജോലി വാഗ്ദാനത്തില്‍ വീണ് പല യുവാക്കളും ഇവരുടെ പിടിയിലാകുന്നുണ്ടെന്നും തിരുവനന്തപുരം വിജിലന്‍സ് എസ്.പി ഇ.എസ്. ബിജുമോന്‍ പറഞ്ഞു. ആദ്യകാലങ്ങളില്‍ ഹിന്ദിയില്‍ മാത്രമായിരുന്നു ആശയവിനിമയമെങ്കില്‍ ഇപ്പോള്‍ മലയാളമുള്‍പ്പെടെ പ്രാദേശികമായ ഭാഷകളിലും സംസാരിക്കുന്നവരെ നിയമിച്ചാണ് തട്ടിപ്പ്.

ആപ്പുകള്‍ക്ക് പിന്നില്‍

നൈജീരിയന്‍ തട്ടിപ്പിന്റെ പാതയിലാണ് ഓണ്‍ലൈന്‍ ആപ്പ് കെണിയെയും പോലീസ് കണക്കാക്കുന്നത്. വിദേശ കമ്പനികളാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുക എന്നും ബിജുമോന്‍ പറഞ്ഞു. ഇരകളില്‍ നിന്ന് കൈക്കലാക്കുന്ന പണം ക്രിപ്‌റ്റോകറന്‍സി മുതലായ മാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് കടത്തുന്നതിനാല്‍ പണം തിരിച്ചുപിടിക്കുന്നത് ദുഷ്‌കരവും ശ്രമകരവും ആണ്.

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. അവരുടെ പ്രലോഭനങ്ങള്‍ തിരസ്‌കരിക്കാനും അവര്‍ അയച്ചു നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. വായ്പ ആവശ്യമുള്ള പക്ഷം സര്‍ക്കാര്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കണം.

സഹായത്തിന് വിളിക്കൂ 1930

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകള്‍ പോലീസിനെ അറിയിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറായ 1930ല്‍ ബന്ധപ്പെടാവുന്നതാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഇന്ത്യന്‍ സൈബര്‍ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ വിഭാഗത്തിന്റെ (ഐ 4 സി) നമ്പറാണിത്. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ഭീഷണി സന്ദേശം വന്നാലും ഈ നമ്പരില്‍ അറിയിക്കാം.

Related Articles
Next Story
Videos
Share it