എച്ച്.ഡി.എഫ്.സി പോലുള്ള മുന്‍ നിര ഓഹരികളിലെ മുന്നേറ്റത്തില്‍ പോസിറ്റീവായാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് താഴേക്ക് വീണു. കോട്ടക് മഹീന്ദ്ര ബാങ്ക് ഉള്‍പ്പെടെയുള്ള വമ്പന്‍ ഓഹരികളുടെ വീഴ്ചയാണ് വിപണിയെ ചുവപ്പിച്ചത്.
ഇതിനൊപ്പം നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് നീങ്ങിയതും വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കി. സെന്‍സെക്‌സ് 73.48 (0.090 ശതമാനം) പോയിന്റ് നഷ്ടത്തോടെ 81,151.27ലും നിഫ്റ്റി 72.95 പോയിന്റ് (0.29 ശതമാനം) നഷ്ടത്തോടെ 24,781.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കമ്പനികളുടെ
രണ്ടാം പാദഫല കണക്കുകള്‍ പുറത്തു വന്നത് വിപണിയില്‍ ജാഗ്രതയോടെ നീങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ വിറ്റ് ചൈനയില്‍ നിക്ഷേപിക്കുന്ന ട്രെൻഡ് ഇന്നും തുടര്‍ന്നു. മൂല്യത്തിലെ ആശങ്കകളും കോര്‍പ്പറേറ്റുകളുടെ വരുമാനം ദുര്‍ബലമായതും ഇതിന് ആക്കം കൂട്ടി.
വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം
വിശാലവിപണിയിലും ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം രക്തചൊരിച്ചിലുണ്ടാക്കി. നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.66 ശതമാനം വരെയും സ്‌മോള്‍ക്യാപ് സൂചിക 1.47 ശതമാനം വരെയും താഴ്ന്നു.
ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ മാത്രമാണ് ഇന്ന് നേട്ടത്തിലേറിയത്. മീഡിയ രണ്ട് ശതമാനത്തിനു മുകളില്‍ നഷ്ടം കൊയ്തപ്പോള്‍ ബാക്കി സൂചികകള്‍ ഒരു ശതമാനത്തിലധികം നഷ്ടമുണ്ടാക്കി.
ഓഹരികളുടെ കുതിപ്പും കിതപ്പും
നിഫ്റ്റിയിലെ 50 ഓഹരികളില്‍ 36 എണ്ണവും ചുവന്നു. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഏഴ് ശതമാനം വീണു. കോട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബി.പി.സി.എല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ മൂന്ന് ശതമാനം വരെയും താഴേക്ക് പോയി.
ടാറ്റയ്ക്ക് കീഴിലുള്ള ട്രെന്റ്, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, സിപ്ല, ബജാജ് ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ്, അള്‍ട്രാടെക് സിമന്റ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവ 1.5 ശതമാനം വരെയും താഴ്ചയിലായി.
നേട്ടം രേഖപ്പെടുത്തിയവര്‍
ബജാജ് ഓട്ടോ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് 4.3 ശതമാനം വരെ നേട്ടമുണ്ടാക്കിയത്.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനകണക്കുകള്‍ പുറത്തുവന്നശേഷം ഓഹരി മൂന്നു ശതമാനം ഉയര്‍ന്നു. ഈ ഓഹരിയില്‍ മുന്നേറ്റത്തിനുള്ള സാധ്യതയാണ് ബ്രോക്കറേജുകള്‍ പ്രവചിക്കുന്നത്.
അടുത്തിടെ റെയ്മണ്ട് ലിമിറ്റഡില്‍ നിന്ന് വേര്‍പെടുത്തിയ റെയ്മണ്ട് ലൈഫ് സ്റ്റൈല്‍ ഓഹരി അഞ്ച് ശതമാനം മുന്നേറി. മോത്തിലാല്‍ ഓസ്‌വാള്‍ ഓഹരിക്ക് ബൈ ശിപാര്‍ശ നല്‍കി, ലക്ഷ്യവില 3,200 രൂപയുമാക്കിയിട്ടുണ്ട്.
ടാറ്റ കെമിക്കല്‍സ് ഓഹരിയാണ് ഇന്ന് 8.77 ശതമാനം ഇടിവുമായി നിഫ്റ്റി 200ല്‍ മുന്നില്‍. ടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ടാറ്റ ഗ്രൂപ്പിന്റെ അപേക്ഷ റിസര്‍വ് ബാങ്ക് നിരസിച്ചുവെന്ന വാര്‍ത്തകള്‍ വ്യാപാരത്തിനിടെ ടാറ്റ കെമിക്കല്‍സ് ഓഹരിയെ 14 ശതമാനം വരെ ഉയര്‍ത്തിയിരുന്നു, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനും 9.5 ശതമാനം വരെ ഉയര്‍ന്നു.
ബജാജ് ഓട്ടോ 4.34 ശതമാനവും ഒബ്‌റോയ് റിയല്‍റ്റി, സൊമാറ്റോ എന്നിവ 2.99 ശതമാനം വീതവും മസഗണ്‍ ഡോക്ക് 2.84 ശതമാനവും ഇന്ന് ഉയര്‍ന്നു. തുടര്‍ച്ചയായ നാല് ദിവസത്തെ നഷ്ടത്തിനാണ് സൊമാറ്റോ ഇന്ന് വിടപറഞ്ഞത്.
ബജാജ് ഓട്ടോയ്ക്ക് ചോയ്‌സ് ഇക്വിറ്റി ബ്രോക്കിംഗ് ബൈ ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ഓഹരിയുടെ ലക്ഷ്യ വില 12.483 രൂപയുമാക്കി. നിലവില്‍ 10.063 രൂപയാണ് ഓഹരിയുടെ വില.
എ.ബി.ബി ഇന്ത്യ, കൊഫോര്‍ജ്, വോഡഫോണ്‍ ഐഡിയ, എല്‍ ആന്‍ഡ് ഡി എന്നിവയാണ് ഇന്ന് 5 ശതമാനത്തിലധികം വില ഇടിഞ്ഞ ഓഹരികള്‍.
ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള എഫ്.എം.സി.ജി കമ്പനിയായ ടാറ്റ കണ്‍സ്യൂമര്‍ പ്രോക്ട്‌സിന്റ രണ്ടാം പാദപ്രവര്‍ത്തന കണക്കുകള്‍ പുറത്തു വന്നതിനു പിന്നാലെ ഓഹരി 10 ശതമാനം ഇടിഞ്ഞു. വിവിധ ബ്രോക്കറേജുകള്‍ ഓഹരിയുടെ ലക്ഷ്യ വില വെട്ടക്കുറിച്ചതാണ് ഓഹരികളില്‍ വീഴ്ചയ്ക്കിടയാക്കിയത്.
കേരള ഓഹരികളിലും നിരാശ
കേരള ഓഹരികളിലും ഇന്ന് കനത്ത നിരാശ നിഴലിച്ചു. ഭൂരിഭാഗം ഓഹരികളിലും കാര്യമായ ഇടിവുണ്ടായി. 10 ശതമാനം വീഴ്ചയുമായി നഷ്ടത്തിന് ചുക്കാന്‍ പിടിച്ചത് ടി.സി.എം ഓഹരിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരിയാണിത്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം
മുത്തൂറ്റ് ക്യാപിറ്റൽ (6.31 ശതമാനം) , ജി.ടി.എന്‍ (6.21 ശതമാനം), ജിയോജിത് (5.38 ശതമാനം) ഓഹരികളും ഇന്ന് കനത്ത നഷ്ടം രേഖപ്പെടുത്തി. ഉപകമ്പനിയായ ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ വായ്പകള്‍ നിറുത്തി വയ്ക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടത് ഇന്നും മണപ്പുറം ഫിനാന്‍സ് ഓഹരികളില്‍ അഞ്ച് ശതമാനത്തോളം ഇടിവുണ്ടാക്കി. കിറ്റെക്‌സ് 4.85 ശതമാനവും പാറ്റ്‌സ്പിന്‍ 5 ശതമാനത്തിലധികവും നഷ്ടത്തിലാണ്. ഇസാഫ്, പ്രൈം, പാറ്റ്‌സ്പിന്‍ എന്നിവയാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികള്‍.
സ്റ്റെല്‍ ഹോള്‍ഡിംഗ് 4.26 ശതമാനം, വെര്‍ട്ടെക്‌സ് 3.60 ശതമാനം എന്നിങ്ങനെ നേട്ടം കൊയ്തു. അപ്പോളോ ടയേഴ്‌സ്, സെല്ല സ്‌പേസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കെ.എസ്.ഇ, സ്‌കൂബിഡേ ഗാര്‍മെന്റ്‌സ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവയും നേട്ടത്തിന്റെ അരികുപറ്റി.