ഡോ. പി.എ കബീര്‍: വ്യത്യസ്തനായ ഡോക്ടര്‍

ജനങ്ങള്‍ ഹോസ്പിറ്റലിലേക്ക് വരാതിരിക്കാനും വന്നവരെ സൗജന്യമായി ചികിത്സിക്കാനും വഴിയാലോചിക്കുന്ന ഹോസ്പിറ്റല്‍ ഉടമയായ ഒരു ഡോക്ടര്‍. അത്ഭുതപ്പെടേണ്ട, കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലിന്റെ ചെയര്‍മാന്‍ ഡോ. പി.എ കബീറിനെ വ്യത്യസ്തനാക്കുന്നത് ഇത്തരത്തിലുള്ള ചിന്തകളാണ്. 22 വര്‍ഷംമുമ്പ് ചെറിയൊരു ക്ലിനിക്കാരംഭിച്ച ശേഷം അതിനെ ഘട്ടംഘട്ടമായി വളര്‍ത്തി മലബാറിലെ മികച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാക്കി മാറ്റി. നല്ല ഭക്ഷണമാണ് ഔഷധമെന്ന സങ്കല്‍പ്പത്തിലൂന്നിക്കൊണ്ട് നല്ല ഭക്ഷണം നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനൊപ്പം ക്ഷീര ഫാമും മീന്‍വളര്‍ത്തലും നടത്തി കര്‍ഷകനുമായി.

വ്യത്യസ്തമായ കഥ

മലപ്പുറം കോട്ടക്കലിലെ ഒരു സാധാരണ കുടുംബത്തിലെ 11 മക്കളില്‍ എട്ടാമനായിരുന്നു ഡോ. പി.എ കബീര്‍. രണ്ടാം ക്ലാസുകാരനായ ബാവയുടെയും നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ഫാത്തിമയുടെയും മകന് അന്ന് വലിയ സ്വപ്നങ്ങളൊന്നും കാണാനുള്ള സാഹചര്യമില്ലായിരുന്നു. ഡോക്ടറാകണമെന്ന അതിയായ ആഗ്രഹമാണ് പി.എ കബീറിനെ ലക്ഷ്യത്തിലേക്കെത്തിച്ചത്. എന്നാല്‍ പണത്തിനുപരി വഴികാട്ടാന്‍ ആളില്ലാത്തതായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രശ്നമായിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഡോക്ടറാകണമെന്ന ആഗ്രഹത്താല്‍ എം.ബി.ബി.എസ് പഠിക്കുകയും ശേഷം ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദവുമെടുക്കുകയും ചെയ്തു.

ക്ലിനിക്കിലൂടെ തുടക്കം

സ്വന്തം നാട്ടില്‍ തന്നെ ഒരു ക്ലിനിക്ക് സ്ഥാപിച്ചു കൊണ്ടാണ് ഡോ.പി.എ കബീര്‍ തന്റെ കരിയര്‍ തുടങ്ങുന്നത്. സംസം എന്ന പേരില്‍ 2000ത്തില്‍ തുടങ്ങിയ ക്ലിനിക്ക് പതിയെ ആളുകളുടെ വിശ്വാസമാര്‍ജിച്ചു. പത്തുപേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമായി അതൊരു ചെറിയ ഹോസ്പിറ്റലായത് പെട്ടെന്നായിരുന്നു. രാവിലെ 7.30ന് തന്നെ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ചു തുടങ്ങുന്ന ഡോ. പി.എ കബീറിന് ആതുരശുശ്രൂഷ ഒരു പാഷന്‍ തന്നെയായിരുന്നതിനാല്‍ രാത്രി വൈകുവോളം അവിടെ തുടരാന്‍ പ്രശ്നമൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് ഫലമുണ്ടായി, ഹോസ്പിറ്റല്‍ വളര്‍ന്നു. സാധാരണ ക്ലിനിക്കില്‍ നിന്നും മുപ്പതില്‍പരം സ്പെഷ്യാലിറ്റിയുള്ള എന്‍.എ.ബി.എച്ച് അംഗീകാരത്തോടുകൂടിയ ഒരു റോബോട്ടിക് സര്‍ജറി സെന്ററായി അത് വളര്‍ന്നു. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രോഗികളും വിദേശികളും ഹോസ്പിറ്റലിലെത്തി. മികച്ചൊരു ടീമിനെ അദ്ദേഹം കൂടെകൂട്ടി. ഒറ്റമുറി ക്ലിനിക്കില്‍ നിന്ന് 400ലേറെ ബെഡുകളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായും പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രമായും വളര്‍ന്നു.

പ്രത്യേകതകളുമായി അല്‍മാസ് ഹോസ്പിറ്റല്‍

ഹോസ്പിറ്റലായി വളര്‍ന്നതോടെ സംസം എന്ന പേര് മാറ്റി അല്‍ മദീന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നാക്കി. അത് ചുരുങ്ങി ഇന്നത്തെ അല്‍മാസ് ഹോസ്പിറ്റലായി മാറി. ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സിവിഭാഗം, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം, കാര്‍ഡിയോളജി,നെഫ്രോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി, ഓങ്കോളജി,ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓര്‍ത്തോ മറ്റു സര്‍ജറി വിഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ 30ലേറെ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 120ലേറെ ഡോക്ടര്‍മാര്‍ അല്‍മാസില്‍ സേവനം നല്‍കുന്നുണ്ട്. 10 ഓപ്പറേഷന്‍ തിയറ്ററുകളുമുണ്ട്. ഒ.പിയില്‍ എത്തുന്ന രോഗികളുടെ എണ്ണം രണ്ടായിരം കവിഞ്ഞു. റോബോട്ടിക്സ് വരെയുള്ള അത്യാധുനിക ചികിത്സാരീതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയ ചെലവില്‍ വിദഗ്ധമായ ചികിത്സ നല്‍കാന്‍ സാധിച്ചു എന്നതാണ് ജനങ്ങള്‍ അല്‍മാസിലര്‍പ്പിച്ച വിശ്വാസമെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ സുഹാസ് പോള് പറയുന്നു.

'കുറഞ്ഞ ചെലവിലാണ് ശസ്ത്രക്രിയകള്‍ അല്‍മാസില്‍ ചെയ്യുന്നത്. മറ്റെല്ലാ ചികിത്സകളിലും ചെലവ് കുറവ് അല്‍മാസിന്റെ പ്രത്യേകതയായി മാനേജ്മെന്റ് എടുത്തുകാട്ടുന്നു. പ്രസവ ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ ചെയ്യുന്ന ഇവിടെ 450ലധികം പ്രസവമാണ് ഒരുമാസം നടക്കുന്നതെന്ന് ഡോ. പി.എ കബീര്‍ പറയുന്നു. ഹോസ്പിറ്റലിലെ തിരക്ക് നിയന്ത്രിക്കാനും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താനും ടെക്നോളജിയില്‍ ഊന്നിയുള്ള ആധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായി അത്യാധുനിക കാത്ലാബ് സൗകര്യം, സി.ടി, എം.ആര്‍.ഐ, റോബോട്ടിക് സര്‍ജറി, ബ്ലഡ് സെന്റര്‍, ഇന്റര്‍നാഷണല്‍ പേഷ്യന്‍സ് സേവനങ്ങളും ഹോസ്പിറ്റലില്‍ ലഭ്യമാണ്.

അക്കാദമിക് രംഗത്തും മികവ്

പത്തു വര്‍ഷമായി ഹോസ്പിറ്റലിനോടനുബന്ധിച്ച് നഴ്സിംഗ് കോളെജ് പ്രവര്‍ത്തിക്കുന്നു. ബി.എസ്സി നഴ്സിംഗ് കോഴ്സാണ് ഇവിടെ നല്‍കുന്നത്. പഠന സൗകര്യങ്ങളുടെ മികവ് മനസ്സിലാക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇവിടെ കോഴ്സ് തെരഞ്ഞെടുക്കുന്നു. അല്‍മാസ് ഹോസ്പിറ്റലില്‍ പ്രായോഗിക പരിശീലനവും ഇവര്‍ക്ക് നല്‍കുന്നു. കൂടാതെ നാല് സ്പെഷ്യാലിറ്റിയിലുള്ള മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്സുകളും നടന്നുവരുന്നു. പീസ് പബ്ലിക് സ്‌കൂള്‍ എന്ന പേരില്‍ സി.ബി.എസ്.ഇ സ്‌കൂളും പി.എ കബീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വളര്‍ച്ചയുടെ പിന്നില്‍

കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം സ്വന്തം ജീവനക്കാരോടും സമൂഹത്തോടും പി.എ കബീര്‍ എന്ന സംരംഭകന്‍ കാട്ടുന്ന ജാഗ്രത കൂടിയാണ് അദ്ദേഹത്തിന്റെ കീഴിലുള്ള സംരംഭങ്ങളുടെ വിജയങ്ങള്‍ക്ക് പിന്നില്‍. മനോഭാവമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് വിശ്വസിക്കുന്ന അദ്ദേഹം ജീവനക്കാരോട് സുഹൃത്തുക്കളെന്ന പോലെയാണ് പെരുമാറുക. ഹോസ്പിറ്റലിലെ മറ്റു ഡോക്ടര്‍മാരെ വലിപ്പച്ചെറുപ്പം നോക്കാതെ സര്‍ എന്ന് അഭിസംബോധന ചെയ്തേ സംസാരിക്കൂ. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ പിന്തുണയാണ് ആശുപത്രിയുടെ വിജയം. അതുകൊണ്ട് തന്നെ തൊഴില്‍ പ്രശ്നങ്ങളൊന്നും ഡോ. പി.എ കബീറിന്റെ സ്ഥാപനങ്ങളിലില്ല. ക്ലിനിക്ക് തൊട്ട് മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വരെയുള്ള വളര്‍ച്ചയ്ക്ക് ഡോ. പി.എ കബീറിന് മറ്റു ബിസിനസ് പാര്‍ട്ണര്‍മാര്‍ ആരുമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ ലാഭേച്ഛ കൂടാതെ സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് സ്ഥാപനത്തെ നയിക്കാന്‍ അദ്ദേഹത്തിനാകുന്നു. എത്ര വലിയ റിസ്‌കും ഏറ്റെടുക്കാനും അദ്ദേഹം മടികാട്ടാറില്ലെന്ന് സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ദിവസവും രാവിലെ ഫാമിലും മീന്‍കുളത്തിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ഹോസ്പിറ്റലിലെത്തുക. പിന്നീട് വൈകിട്ട് മൂന്നു മണിവരെ രോഗികളെ പരിശോധിക്കും. ഒരു മണിക്കൂര്‍ വിശ്രമത്തിനു ശേഷം പിന്നീട് വീണ്ടും ജോലിയില്‍ മുഴുകുന്നു. രാത്രി 9 മണിവരെ നീളും അത്. തന്റെ ടീമിനെയും അതേ ഊര്‍ജത്തോടെ നിര്‍ത്താന്‍ അദ്ദേഹത്തിനാകുന്നു എന്നിടത്താണ് അല്‍മാസിന്റെ വിജയം.

സാമൂഹ്യസേവന രംഗത്തേക്ക്

2002ലാണ് ഡോ. പി.എ കബീറിന്റെ ഉമ്മ മരിക്കുന്നത്. ദീര്‍ഘകാലം ഡയാലിസിസിന് വിധേയമായതിനു ശേഷമായിരുന്നു അത്. ഡയാലിസിസിന്റെ ദുരിതങ്ങളും ചെലവും നേരിട്ടറിയാന്‍ ഡോ. പി.എ കബീറിന് ഇതിലൂടെ കഴിഞ്ഞു. അതില്‍ നിന്നുള്ള അനുഭവമാണ് സൗജന്യ ഡയാലിസിസ് കേന്ദ്രമെന്ന ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ചേര്‍ന്ന് രï് മെഷീനുകളുമായി സൗജന്യ ഡയാലിസിസിന് തുടക്കമിട്ടപ്പോള്‍ അത് കേരളത്തിന് തന്നെ മാതൃകയായി. പിന്നീട് അദ്ദേഹം 50 മെഷീനുകളൊരുക്കി അത് വികസിപ്പിച്ചതിനൊപ്പം കേരളമൊട്ടാകെ നിരവധി സംഘടനകളും ഹോസ്പിറ്റലുകളും പാത പിന്തുടര്‍ന്നു. ഹോസ്പിറ്റലില്‍ എത്തുന്ന, ചികിത്സാ ചെലവുകള്‍ ഒരുതരത്തിലും താങ്ങാനാവാത്തവര്‍ക്കായി സൗജന്യ ചികിത്സ നല്‍കാനും അദ്ദേഹം തയാറാവുന്നുണ്ട്. അല്‍മാസ് ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴിലാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഡോക്ടറുടെ എല്ലാ സംരംഭങ്ങളിലും സഹോദരീ സഹോദരന്മാരുടെയും കുടുംബാംഗങ്ങളുടെയും പൂര്‍ണ പിന്തുണ എന്നും ഉണ്ടായിട്ടുണ്ട്. ഇത് തന്റെ വിജയത്തിന്റെ പിന്നിലെ വലിയ ശക്തിയായി ഡോക്ടര്‍ കരുതുന്നു.

കുടുംബം


ബി.എസ്സി ബിരുദധാരിയായ ഷംസിയയാണ് ഡോ. പി.എ കബീറിന്റെ ഭാര്യ. മൂന്നു മക്കളില്‍ മൂത്ത മകന്‍ അമീന്‍ ജനറല്‍ മെഡിസിനില്‍ എം.ഡിക്ക് പഠിക്കുന്നു. മകള്‍ ഫാബി എം.ഇ.എസ് മെഡിക്കല്‍ കോളെജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്. ഇളയമകന്‍ അമന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു.


ഭക്ഷണത്തിലെ കരുതല്‍ ഡോ. ബീ

രണ്ടു പതിറ്റാണ്ടിലേറെ നീളുന്ന തന്റെ കരിയറിനിടയില്‍ ഡോ. പി.എ കബീര്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ഭക്ഷ്യവിഭവങ്ങളുടെ സ്വന്തം ബ്രാന്‍ഡിലേക്കാണ്. കേരളത്തില്‍ കൂടിക്കൊïിരിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍, പ്രത്യേകിച്ച് പ്രമേഹം നിയന്ത്രിക്കാന്‍ എങ്ങനെ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് ഡോ. ബീ എന്ന ബ്രാന്‍ഡിന്റെ പിറവി. പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാവുന്ന ആരോഗ്യദായകമായ പുട്ടുപൊടികളും അരിപ്പൊടിയും മസാലപ്പൊടികളുമെല്ലാമാണ് ഡോ. ബീ എന്ന പേരില്‍ ആളുകളിലേക്ക് എത്തിക്കുന്നത്. ഡോ. ബീ ഫുഡ് പ്രോഡക്റ്റ്സ് എന്ന കമ്പനിക്കു കീഴില്‍ പാലക്കാട് കഞ്ചിക്കോട്ടെ സ്വന്തം ഫാക്ടറിയിലാണ് ഉല്‍പ്പാദനം. ഭക്ഷ്യമേഖലയില്‍ ഇതിനകം തന്നെ പ്രാഗത്ഭ്യം തെളിയിച്ച, 32 വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാരായണന്‍ നമ്പൂതിരിയുടെ കൂട്ടുകളാണ് ഡോ. ബീ പുറത്തിറക്കുന്നത്. അതില്‍ ഒമ്പത് തരം പുട്ടുപൊടികളുണ്ട്. ചോക്ലേറ്റ്, ബിരിയാണി, വെജിറ്റബ്ള്‍, ചെറുധാന്യം, ഓട്സ് തുടങ്ങിയവ കൊണ്ടുള്ള പുട്ടുകള്‍ ഇതിനോടകം തന്നെ വിപണിയില്‍ ശ്രദ്ധേയമായിട്ടുണ്ട്. ഞെട്ടുകളഞ്ഞ മുളകില്‍ നിന്നുള്ള പൊടിയും മസാലപ്പൊടികളും വേറെ. 50 ലേറെ പുതിയ ഉല്‍പ്പന്നങ്ങള്‍ പണിപ്പുരയിലാണെന്ന് നാരായണന്‍ നമ്പൂതിരി പറയുന്നു.

ചിക്കന്‍ പുട്ട്, മുട്ടപ്പുട്ട്, മാഗി രുചിയുമായി നൂല്‍പ്പുട്ട്, ഇഡ്ഡലി സാമ്പാര്‍, മുട്ടവെള്ള ദോശ തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളിലേക്കാണ് ഡോ. ബീയുടെ യാത്ര. ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ കുറവാണെന്നതു കൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.. വിപണനത്തിന്റെ വിപുലീകരണത്തിനായി കേരളത്തിനകത്തും പുറത്തും ഗള്‍ഫ് നാടുകളിലും ബിസിനസ് അസോസിയേറ്റുകളെ നിയമിച്ചുകൊണ്ടിരിക്കുകയാണെന്നും മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ ഷാജന്‍ വര്‍ഗീസ് പറയുന്നു. കേരളത്തിലുടനീളവും ആമസോണിലും ഡോ. ബീ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന സമയത്ത് കോട്ടക്കലില്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിനിടയില്‍ അഞ്ചു രൂപയ്ക്ക് പുട്ടും കട്ടനും നല്‍കി നൂതന മാര്‍ഗങ്ങളിലൂടെ ഡോ. ബീ ജനങ്ങളിലെത്തിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. താമസിയാതെ കുര്‍ക്കുമിന്‍ ടാബ്ലറ്റുകള്‍, വെജിറ്റേറിയന്‍ ഒമേഗ 3 ക്യാപ്സൂളുകള്‍ തുടങ്ങിയ ന്യൂട്രാസ്യൂട്ടിക്കല്‍സ് കൂടി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഡോ. ബീ. അടുത്ത മൂന്നുവര്‍ഷം കൊണ്ട് ഡോക്ടര്‍. ബീയുടെ വിറ്റുവരവ് 100 കോടിയിലെത്തിക്കുമെന്നും സാരഥികള്‍ പറയുന്നു.

ചികിത്സ ഭാരമാകാതിരിക്കാന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ്

വളരെ തുച്ഛമായ തുക ഓരോമാസവും മാറ്റിവെച്ചാല്‍ ഓരോ വ്യക്തിക്കും സൗജന്യ ചികിത്സ നേടാന്‍ കഴിയും. വെറും അഞ്ചുരൂപ ഒരുമാസം മാറ്റിവെയ്ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ഇന്‍ഷുറന്‍സ് സംവിധാനത്തിലൂടെ സാധിക്കുമെന്ന് ഡോക്ടര്‍ വിശ്വസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പല പഠനങ്ങളുമുണ്ട്്. ഒരു കാര്‍ഡുമായി വന്നാല്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സാഹചര്യം കേരളത്തില്‍ ഒരുക്കുക എന്നതാണ് ആ സ്വപ്നം. അതിനായി ആളുകള്‍ ഭീമമായ തുക മുടക്കേണ്ടതുമില്ല. പ്രതിവര്‍ഷം 1000 രൂപ മതിയാകും. പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ മുടങ്ങരുതെന്നതാണ് പദ്ധതിക്കുള്ള പ്രേരണ. നിലവില്‍ ആളുകളെ പലതട്ടിലാക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികളാണ് സര്‍ക്കാര്‍ തലത്തില്‍ ഉള്ളത്. മികച്ച സൗകര്യം ലഭ്യമാക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ്പും അതിന്റെ നാലിലൊന്ന് സൗകര്യം പോലും ലഭ്യമാകാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കായുള്ള പദ്ധതിയുമെല്ലാം ഇതില്‍പ്പെടുന്നു. ഹോസ്പിറ്റലുകള്‍ മുന്‍കൈയെടുത്ത് ഇന്‍ഷുറന്‍സ് ലഭ്യമാക്കാനുള്ള ശ്രമമാണ് അല്‍മാസ് നടത്തുന്നത്. സൗജന്യ ഡയാലിസിസ് എന്ന പോലെ ഭാവിയില്‍ ഇതും കേരളം ഏറ്റെടുക്കുമെന്ന പ്രതീക്ഷയും ഡോക്ടര്‍ വെച്ചുപുലര്‍ത്തുന്നു.

പുതിയ ട്രെന്‍ഡായി ഫ്രൂട്ട് പോപ്സിക്ക്ള്‍സ്

ഡോ. പി.എ കബീറിന്റെ ഉടമസ്ഥതയില്‍ അമ്പതിലേറെ പശുക്കളുള്ള ഫാം പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച പാല്‍ തരുന്നവയാണ് എല്ലാം. ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വളരെ വൃത്തിയായി പരിപാലിക്കുന്ന ഫാമില്‍ നിന്നുള്ള പാലാണ് ഹോസ്പിറ്റലില്‍ ലഭ്യമാക്കുന്നത്. രോഗികള്‍ക്ക് ശുദ്ധമായ പാല്‍ ഹോസ്പിറ്റലില്‍ ലഭ്യമാക്കുന്നു. ഇതോടൊപ്പം ഡോ. ബീ ഐസ് പോപ്പ് എന്ന പേരില്‍ ഫ്രൂട്ട് പോപ്സിക്ക്ള്‍സും അല്‍മാസ് പുറത്തിറക്കുന്നു. കോട്ടക്കലിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ പ്ലാന്റിലാണ് ഇതിന്റെ നിര്‍മാണം. സ്വന്തം നിലയില്‍ റീറ്റെയ്ല്‍ വില്‍പ്പന കൂടാതെ ഫ്രാഞ്ചൈസികളിലൂടെ വിജയകരമായി വിറ്റഴിക്കുകയും ചെയ്യുന്നു.ഫ്രാഞ്ചൈസികള്‍ നല്‍കിയ കമ്പനി ഇക്കാലയളവില്‍ ബ്രേക്ക് ഈവന്‍ ആകുകയും ചെയ്തു. ഇനി പുതിയ ഉല്‍പ്പന്നങ്ങളിറക്കി വിപണിയില്‍ കൂടുതല്‍ സജീവമാകാനാണ് കമ്പനിയുടെ തീരുമാനം. സിപ്പ് അപ്പ്, ലെസ്സി തുടങ്ങിയ വിഭവങ്ങള്‍ ഇതില്‍നിന്നുണ്ടാകും.

Related Articles
Next Story
Videos
Share it