സബ്‌സിഡി വെട്ടിക്കുറച്ച് സപ്ലൈകോ; വില കൂടും, സാധാരണക്കാര്‍ക്ക് തിരിച്ചടി
സാധാരണക്കാര്‍ക്ക് തിരിച്ചടിയായി സപ്ലൈകോ വഴി നല്‍കുന്ന സബ്‌സിഡി സാധനങ്ങളുടെ വില ഉയരും. 13 ഇന സബ്‌സിഡി സാധനങ്ങള്‍ക്ക് ലഭിച്ചിരുന്ന സബ്‌സിഡി 35 ശതമാനമാക്കി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 55 ശതമാനം വരെയായിരുന്നു ചില ഉത്പന്നങ്ങള്‍ക്ക് സബ്‌സിഡി. കൂടാതെ ആറു മാസം കൂടുമ്പോള്‍ വിപണി വില അടിസ്ഥാനമാക്കി സബ്‌സിഡി പരിഷ്‌കരിക്കാനും തിരുമാനിച്ചു. സബ്‌സിഡി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ.രവിരാമന്‍ അദ്ധ്യക്ഷനായ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.
അതേ സമയം സപ്ലൈകോയില്‍ സാധനങ്ങള്‍ പലതും ലഭ്യമല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. സബ്‌സിഡി സാധനങ്ങളില്‍ ഒന്നും തന്നെ പല സപ്ലൈകോ ഔട്ട്‌ലറ്റുകളിലും ലഭ്യമല്ല. എന്നാല്‍ സബ്‌സിഡി സാധനങ്ങളുടെ കുറവ് താത്കാലികം മാത്രമാണെന്നും ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി ജി.ആര്‍ അനില്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. വിതരണക്കാര്‍ക്കുള്ള ഭീമമായ കുടിശ്ശിക നല്‍കാനാവാത്തതാണ് സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയത്. വില കൂട്ടുക അല്ലെങ്കില്‍ കുടിശ്ശിക നല്‍കുക എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു സപ്ലൈകോ സർക്കാരിന് മുന്നിൽ വച്ചത്. ഇതേ തുടർന്നാണ് വില കൂട്ടാന്‍ എല്‍.ഡി.എഫ് യോഗം നവംബറില്‍ അനുമതി നല്‍കിയത്.
ബജറ്റ് വിഹിതം കൂട്ടി
ഇതിനിടെ സപ്ലൈകോയ്ക്കുള്ള ബജറ്റ് വിഹിതം 2001 കോടി രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മാവേലി സ്റ്റോറുകളില്‍ ഉള്‍പ്പെടെ സബ്‌സിഡി ഉത്പന്നങ്ങളും മറ്റും ലഭ്യമാക്കാന്‍ അടിയന്തര നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 70 കോടി രൂപയോളം അധികം തുകയാണ് വകയിരുത്തിയിരിക്കുന്നത്. ഭക്ഷ്യ വകുപ്പിന് ബജറ്റില്‍ കാര്യമായ പരിഗണന നല്‍കിയില്ലെന്നാരോപിച്ച് മന്ത്രി സഭയ്ക്കകത്ത് തന്നെ ഭിന്നത ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ നീക്കം.