35 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ, ജയ അരിക്ക് 29 രൂപ

സപ്ലൈകോ വില്‍പ്പന ശാലകളില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ക്ക് വീണ്ടും വില കുറച്ചു. മുളകും വെളിച്ചെണ്ണയും ഉള്‍പ്പെടെ 13 ഇനങ്ങളാണ് ഇന്ന് മുതല്‍ വിലക്കുറിവില്‍ ലഭ്യമാകുക.

മുളകിന് അരക്കിലോയ്ക്ക് സബ്‌സിഡി ഉള്‍പ്പെടെ 78.75 രൂപയാണ് പുതുക്കിയ വില. നേരത്തെ 86.10 രൂപയായിരുന്നു. ഒരു ലിറ്റര്‍ വെളിച്ചെണ്ണ സബ്‌സിഡിയും അഞ്ച് ശതമാനം ജി.എസ്.ടിയും ഉള്‍പ്പെടെ 142.80 രൂപയ്ക്ക് ലഭിക്കും. 10 രൂപയാണ് ലിറ്ററിന് കുറവ് വന്നത്. പൊതുവിപണിയില്‍ മുളകിന് 220 രൂപയും വെളിച്ചെണ്ണയ്ക്ക് 174 രൂപയുമാണ് വില. പല സാധനങ്ങള്‍ക്കും പൊതു വിപണിയേക്കാള്‍ 35 ശതമാനം വരെ വിലക്കുറിവിലാണ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതെന്ന് സപ്ലൈകോ അറിയിച്ചു.

പഞ്ചസാര ഒരു കിലോഗ്രാമിന് 28.35 രൂപ, മല്ലി 500 ഗ്രാമിന് 40.95 രൂപ, ചെറുപയര്‍ ഒരു കിലോഗ്രാം 92 രൂപ, ഉഴുന്ന് ഒരു കിലോഗ്രാം 95 രൂപ, വന്‍കടല കിലോഗ്രാം 69 രൂപ, വന്‍പയര്‍ ഒരു കിലോഗ്രാം 75 രൂപ, തുവരപ്പരിപ്പ് ഒരു കിലോഗ്രാം 111 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. ചെറുപയറിന് 145 രൂപ, ഉഴുന്ന് 148 രൂപ, വന്‍കടല 108 രൂപ, വന്‍പയര്‍ 111 രൂപ തുവരപ്പരിപ്പ് 182 രൂപ, മല്ലി 119 രൂപ എന്നിങ്ങനെയാണ് പുറത്ത് വില.

കുറുവ, മട്ട അരി 30 രൂപയ്ക്ക്‌

ഇന്ന് മുതൽ ജയ അരി 29 രൂപയ്ക്കും കുറുവ, മട്ട അരികള്‍ 30 രൂപയ്ക്കും ലഭിക്കും. പൊതുവിപണിയില്‍ ജയ അരിക്ക് 44 രൂപയാണ് വില. ഒരു കിലോ പച്ചരി 26 രൂപയ്ക്ക് സപ്ലൈകോയില്‍ ലഭിക്കുമ്പോള്‍ പുറത്ത് 41 രൂപ കൊടുക്കണം. എല്ലാ അരി ഇനങ്ങളും ചേര്‍ത്ത് പരമാവധി 10 കിലോഗ്രാമാണ് ഒരു കാര്‍ഡിന് ലഭിക്കുക.

സബ്‌സ്ഡിഡിയില്ലാത്ത സാധനങ്ങളും പൊതുവിപണിയേക്കാള്‍ 10 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ സപ്ലൈകോ ലഭ്യമാക്കുന്നുണ്ട്. പായ്ക്ക് ചെയ്യുന്ന സാധനങ്ങള്‍ക്ക് രണ്ട് രൂപ പാക്കിംഗ് ചാര്‍ജും ഈടാക്കാറുണ്ട്.

പഞ്ചസാരയ്ക്കും പച്ചരിക്കും ക്ഷാമം

കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ഇതുവരെ പഞ്ചസാര സപ്ലൈകോ ശാലകളില്‍ എത്തിത്തുടങ്ങിയിട്ടില്ലെന്ന് വിൽപ്പന ശാലകളിലുള്ളവർ പറയുന്നു. പഞ്ചാസര വിതരണം ചെയ്ത വകയില്‍ കരാറുകാര്‍ക്ക് 200 കോടി രൂപയോളം കുടിശികയുണ്ട്. ഇത് തീര്‍ത്ത് ഉടനെ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സപ്ലൈകോ. കടല, പച്ചരി എന്നിവയും പല വില്‍പ്പന ശാലകളിലും ലഭ്യമല്ല.

ഓണക്കാലത്ത് സബ്‌സിഡി ഐറ്റങ്ങളില്‍ പലതും ലഭ്യമല്ലാതിരുന്നത് സപ്ലൈകോയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. വന്‍കുടിശികകള്‍ മൂലം കരാറുകാര്‍ സാധനങ്ങള്‍ നല്‍കാന്‍ മടിച്ചതാണ് സാധനങ്ങളുടെ അഭാവത്തിനിടയാക്കിയത്. പിടിച്ചു നില്‍ക്കാനായി കഴിഞ്ഞ ഫെബ്രുവരിയില്‍ 13 ഇനങ്ങളുടേയും സബ്‌സിഡി സപ്ലൈകോ വെട്ടിക്കുറച്ചത് വലിയ എതിര്‍പ്പിനിടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വിലക്കുറവുമായി സപ്ലൈകോ എത്തിയിരിക്കുന്നത്.

Related Articles

Next Story

Videos

Share it