താനൂര്‍ ബോട്ടപകടം: ആശങ്കയില്‍ കേരളത്തിലെ വിനോദ സഞ്ചാര ബോട്ടുകള്‍

പ്രതിസന്ധിയില്‍ നിന്ന് പതിയെ കരകയറി തുടങ്ങിയ കേരളത്തിലെ ഹൗസ് ബോട്ട് വ്യവസായത്തിന് തിരിച്ചടിയായി താനൂര്‍ ബോട്ട് അപകടം. താനൂരില്‍ 22 പേരുടെ ജീവന്‍ അപഹരിച്ച ബോട്ട് അപകടത്തെ തുടര്‍ന്ന് പല ഭാഗത്തു നിന്നും വിനോദ സഞ്ചാര ബോട്ടുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതു മുതല്‍ സുരക്ഷാ ക്രമീകരണങ്ങളിലെ കുറവും പരിധിയില്‍ അധികം യാത്രക്കാരെ കയറ്റുന്നതുമുള്‍പ്പെടെയുള്ള വീഴ്ചകള്‍ പലരും ചൂണ്ടിക്കാട്ടുന്നു.

നഷ്ടം വിനോദ സഞ്ചാര മേഖലയ്ക്ക്

അവധിക്കാലം ആഘോഷിക്കാനായി ധാരാളം സഞ്ചാരികള്‍ എത്തുന്ന അവസരത്തിലെ അപകടം കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്ക് കനത്ത ആഘാതമാണ്. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ മുഖമെന്നു തന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന ഹൗസ് ബോട്ടുകളിലെ യാത്രകള്‍ സുരക്ഷിതമല്ല എന്ന തോന്നലുണ്ടാകുന്നത് യാത്രക്കാരെ ഇവിടെ നിന്നകറ്റും.

കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രളയവും, കോവിഡുമൊക്കെ മങ്ങലേല്‍പ്പിച്ച വ്യവസായം തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചു തുടങ്ങിയിരുന്നു. അവധിക്കാലം തുടങ്ങിയ ഏപ്രില്‍ ആദ്യം മുതല്‍ തന്നെ നല്ല ബുക്കിംഗ് ലഭിച്ചിരുന്നുവെന്ന് ആലപ്പുഴയിലെ ഹൗസ് ബോട്ട് ഉടമകള്‍ പറയുന്നു. മെയ് അവസാനം വരെ ബോട്ടുകള്‍ക്കെല്ലാം ബുക്കിംഗ് ആയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബുക്കിംഗുകള്‍ റദ്ദാക്കാനുള്ള സാധ്യകളിലേക്കാണ് ഈ മേഖലയിലുള്ളവര്‍ വിരല്‍ ചൂണ്ടുന്നത്.

സര്‍ക്കാരിന് മികച്ച വരുമാനം ലഭിക്കുന്നൊരു മേഖലയാണ് ഹൗസ് ബോട്ട് വ്യവസായം. കേരളത്തില്‍ 1600 ലധികം ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ കൂടുതലും ആലപ്പുഴയിലാണ്.പതിനായിരത്തോളം പേര്‍ പ്രത്യക്ഷമായും പതിന്മടങ്ങ്‌ ആളുകള്‍ പരോക്ഷമായും ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നു. ആലപ്പുഴയില്‍ മാത്രം ഒരു ദിവസം അഞ്ചരകോടിയുടെ ബിസിനസാണ് ഹൗസ് ബോട്ടുകളുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് ഓള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്സ് ആന്റ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സമിതി സെക്രട്ടറി കെവിന്‍ റൊസാരിയോ പറയുന്നു.

ഹ്രസ്വകാലത്തേക്ക് ബാധിക്കും

ചെറിയൊരു കാലയളവിലേക്ക് സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ അപകടം ഇടയാക്കുമെങ്കിലും വലിയ പ്രതിസന്ധിയുണ്ടാകില്ലെന്ന് ആലപ്പുഴയിലെ പ്രമുഖ ഹൗസ് ബോട്ട് വ്യവസായിയായ ടോമി പുലികാട്ടില്‍ പറഞ്ഞു. പുറമെ നിന്നുള്ള സഞ്ചാരികളേക്കാള്‍ കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് ഈ കാലയളവില്‍ കൂടുതലും എത്തുന്നത്. ദാരുണമായ സംഭവമായതിനാല്‍ ഇത് ആളുകളില്‍ ഭയം ഉളവാക്കുമെങ്കിലും പതുക്കെ പഴയ പോലെ ആകുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

കൊച്ചിയില്‍ മറൈന്‍ ഡ്രൈവ് കേന്ദ്രീകരിച്ച് നടത്തുന്ന ബോട്ട് സവാരിക്കും നിരവധി യാത്രക്കാരാണ് അടുത്തിടെയായി എത്തുന്നത്. കോവിഡിനെ തുടര്‍ന്ന് കുറച്ചുകാലം ആലസ്യത്തിലായിരുന്നെങ്കിലും അവധിക്കാലം തുടങ്ങിയ ശേഷം എല്ലാ ദിവസവും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി മറൈന്‍ ഡ്രൈവില്‍ ബോട്ട് സര്‍വീസ് നടത്തുന്ന ആന്റണി മെര്‍വിന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കുറച്ചു ദിവസത്തേക്കെങ്കിലും സഞ്ചാരികളുടെ എണ്ണത്തില്‍ കുറവു വരുമെന്ന ആശങ്ക മെര്‍വിനും പങ്കുവയ്ക്കുന്നു.

പരിശോധന ശക്തമാക്കി

താനൂലിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൗസ്‌ബോട്ട് ഉള്‍പ്പെടെയുള്ള യാനങ്ങളുടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പോലീസ്, ഫയര്‍ഫോഴ്‌സ്, ടൂറിസം പോര്‍ട്ട് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ ലഭ്യത, ഫിറ്റ്‌നസ് എന്നിവയാണ് പരിശോധിക്കുന്നത്. തിങ്കളാഴ്ചത്തെ പരിശോധനയില്‍ മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയ ബോട്ടുകള്‍ക്ക് അവ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് പരിശോധനയുമായി ടൂറിസം വകുപ്പും ജല്ലാ ഭരണകൂടവും സജീവമാകുന്നതെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്.

താനൂരില്‍ അപകടത്തില്‍ പെട്ട ബോട്ടിനെ ഹൗസ് ബോട്ട് എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അത് യാത്രാ വഞ്ചിയാണെന്നും ഹൗസ് ബോട്ടുകളില്‍ ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ അതില്‍ പാലിക്കാത്തതാണ് അപകടകാരണമെന്നും ഹൗസ്ബോട്ടുടമകള്‍ കുറ്റപ്പെടുത്തുന്നു. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുമില്ല. ആറു മണിക്ക് ശേഷം ബോട്ട് സര്‍വീസ് പാടില്ലെങ്കിലും രാത്രിയും സര്‍വീസ് തുടര്‍ന്നു. ബോട്ടിന് രൂപമാറ്റം വരുത്തിയതും അപകടത്തിന് കാരണമായി എന്നും കണ്ടെത്തലുണ്ട്. ഓരോ ജലാശയത്തിലും ഉപയോഗിക്കേണ്ട യാനങ്ങള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്. അത് പാലിക്കാന്‍ അപകടത്തിലായ ബോട്ടിന് കഴിഞ്ഞിട്ടില്ലെന്നതും അപകടത്തിനിടയാക്കി.

യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പരിഹാരം

പലപ്പോഴും ഒരു അപകടം നടന്ന ശേഷം തീരെ യാഥാര്‍ത്ഥ്യബോധമില്ലാത്ത പരിഹാരങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ട ശേഷം നടപ്പാക്കിയ മാറ്റങ്ങള്‍ നിരവധി ടൂറിസ്റ്റ് ഉടമകള്‍ ആ മേഖല തന്നെ വിട്ടു പോകുന്നതിന് ഇടയാക്കിയിരുന്നു. പലര്‍ക്കും തുരുമ്പു വിലയ്ക്ക് ബസ് വില്‍ക്കേണ്ടി വന്നു. ഇത്തരം അശാസ്ത്രിയമായ പരിഹാരങ്ങള്‍ക്കു പകരം മതിയായ സുരക്ഷകകള്‍ പാലിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ബോട്ടുടമകള്‍ ചൂണ്ടിക്കാണിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആലുപ്പഴയില്‍ ഹൗസ് ബോട്ടുവ്യവസായവുമായി ബന്ധപ്പെടുത്തി ഒരു ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം കാലങ്ങളായി അവഗണിക്കപ്പെടുകയാണ്. അതേ പോലെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹൗസ് ബോട്ട് ലൈസന്‍സ് എടുക്കണമെങ്കില്‍ 11 ഡിപ്പാര്‍ട്ടുമെന്റുകളെ സമീപിക്കേണ്ടി വരുന്നു. ഇതിനൊരു ഏക ജാലക സംവിധാനം വേണമെന്നും ബോട്ടുടമകള്‍ ആവശ്യപ്പെടുന്നുണ്ട്.

Related Articles
Next Story
Videos
Share it