കറുമുറെ മിക്‌സ്ചര്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കുക, ടാര്‍ട്രാസിനില്‍ ഒളിഞ്ഞിരിക്കുന്നത് മാരകമായ പ്രശ്‌നങ്ങള്‍

ചായയ്‌ക്കൊപ്പവും അല്ലാതെയും മിക്‌സചര്‍ കൊറിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇനി മിക്‌സചര്‍ വാങ്ങുമ്പോള്‍ ഇത്തിരി ശ്രദ്ധിക്കണം. കോഴിക്കോട് ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഉത്പാദിപ്പിച്ച മികസ്ചറില്‍ മാരകമായ അലര്‍ജി രോഗങ്ങള്‍ക്ക് കാരണമാകുന്ന ടാര്‍ട്രാസിന്‍ ചേര്‍ത്തതായി കണ്ടെത്തി. ഈ കടകളിലെ മികസ്ചറിന്റെ വില്‍പ്പനയും നിര്‍മാണവും ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു.

ഭക്ഷണ സാധനങ്ങള്‍ക്ക് മഞ്ഞ നിറം നല്‍കാനായി ഉപയോഗിക്കുന്ന രാസവസ്തുവാണ് ടാര്‍ട്രാസിന്‍, ഐസ്‌ക്രീം, ടോഫികള്‍, ശീതള പാനിയങ്ങള്‍, ചിപ്‌സ്‌ എന്നിവയിലൊക്കെ ഉപയോഗിക്കാ
റുണ്ട്‌.

ചില ഭക്ഷ്യവസ്തുക്കളില്‍ അനുവദിനീയമായ അളവില്‍ ടാര്‍ട്രാസിന്‍ ചേര്‍ക്കാമെങ്കിലും മികസ്ചറില്‍ ചേര്‍ക്കാന്‍ പാടില്ല. അലര്‍ജിക്ക് ഇത് ഇടയാക്കും. കാനഡ, യു.എസ്, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് നിരോധിച്ചിണ്ട്.
കോഴിക്കോട് ജില്ലയിലെ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി തുടങ്ങിയവിടങ്ങളില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പ് റെയിഡ് നടത്തി ഭക്ഷണ സാമ്പിളുകള്‍ ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിലാണ് ടാര്‍ട്രാസിന്റെ ഉപയോഗം കണ്ടെത്തിയത്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍

ഭക്ഷണവസ്തുക്കള്‍ക്ക് ഭംഗി നല്‍കാന്‍ ടാര്‍ട്രാസിന്‍ പോലുള്ള കൃത്രിമ നിറങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ അലര്‍ജി പ്രശ്‌നങ്ങളുള്ളവരെ ഇത് മാരകമായി ബാധിക്കും. മറ്റ് പാര്‍ശ്വഫലങ്ങളുമുണ്ടാകും. ആസ്തമ, ത്വക്ക് രോഗങ്ങള്‍, ചൊറിച്ചില്‍ എന്നിവയ്ക്കും കാരണമാകും.

അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (ADHD) ഉള്ള കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ വഷളാകാന്‍ ഇത്തരം കൃത്രിമ ഭക്ഷ്യ നിറങ്ങള്‍ കാരണമാകും. ആരോഗ്യമുള്ള കുട്ടികളില്‍ പോലും ഹൈപ്പര്‍ ആക്ടിവിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതിടയാക്കിയേക്കാമെന്ന് ചില പഠനങ്ങള്‍ പറയുന്നു.
വയറുവേദന, ഛര്‍ദി, ഡയേറിയ പോലുള്ള അസുഖങ്ങളും ടാര്‍ട്രാസിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതുമൂലമുണ്ടായിട്ടുണ്ട്. ചിലര്‍ക്ക് തലവേദന പോലുള്ള പ്രശ്‌നങ്ങളും ഇതു മൂലമുണ്ടാകുന്നു.


Related Articles
Next Story
Videos
Share it