Begin typing your search above and press return to search.
തിളക്കമാര്‍ന്ന നേട്ടവുമായി ഈ പൊതുമേഖലാ കമ്പനി, ₹289 കോടിയുടെ പുതിയ ഓര്‍ഡര്‍
പ്രവര്‍ത്തന ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന ഓര്‍ഡര്‍ നേട്ടവുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ അങ്കമാലിയിലെ ട്രാന്‍സ്‌ഫോമേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്ക്). 38 ട്രാന്‍സ്ഫമറുകള്‍ക്കായുള്ള 289 കോടി രൂപയുടെ ഓര്‍ഡറാണ് ഈ പൊതുമേഖലാ സ്ഥാപനം കരസ്ഥമാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായ മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡില്‍ നിന്നാണ് ഓര്‍ഡര്‍. മധ്യപ്രദേശിലെ എം.പി ഇന്‍ട്രാ സ്റ്റേറ്റ് ട്രാന്‍സ്മിഷന്‍ പാക്കേജ്-1ന് വേണ്ടിയുള്ള ഈ ട്രാന്‍സ്‌ഫോമറുകള്‍ അടുത്ത ജനുവരി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറണം.
മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ നിന്നും മറ്റ് ഇന്ത്യന്‍ കമ്പനികളില്‍ നിന്നുമുള്ള കടുത്ത മത്സരം അതിജീവിച്ചാണ് ടെല്‍ക്ക് ഈ ഓര്‍ഡര്‍ കരസ്ഥമാക്കിയത്. 'ക്വാളിറ്റി ബിഫോര്‍ ക്വാണ്ടിറ്റി, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്' എന്ന ബിസിനസ് ആപ്തവാക്യത്തിലൂന്നിയ നിലപാട് കാരണമാണ് ടെല്‍ക്കിന് ചരിത്രത്തിലെ ഏറ്റവും വലിയ ഓര്‍ഡര്‍ ലഭിക്കാനായതെന്ന് ചെയര്‍മാന്‍ പി.സി. ജോസഫും മാനേജിംഗ് ഡയറക്ടര്‍ നീരജ് മിത്തലും പറഞ്ഞു.
ആകെ 642 കോടിയുടെ ഓര്‍ഡറുകള്‍
ടെല്‍ക്കിന് നിലവില്‍ 353 കോടി രൂപയുടെ ഓര്‍ഡറുകളാണുള്ളത്. പുതിയ ഓര്‍ഡറും കൂടി ചേര്‍ക്കുമ്പോള്‍ ഇത് 642 കോടിയിലേക്ക് ഉയരും. ഇതുകൂടാതെ വിവിധ ഓര്‍ഡറുകള്‍ ടെന്‍ഡറിന്റെ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം ട്രാന്‍സ്‌ഫോമര്‍ റിപ്പയര്‍ മേഖലയില്‍ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി മറ്റ് ട്രാന്‍സ്‌ഫോമര്‍ കമ്പനികളുടെ ട്രാന്‍സ്‌ഫോമറുകള്‍ റിപ്പയര്‍ ചെയ്ത് നല്‍കുന്ന സേവനവും ആരംഭിച്ചിട്ടുണ്ട്. എന്‍.പി.സി.ഐ.എല്‍, എന്‍.എല്‍.സി, എന്‍.ടി.പി.സി തുടങ്ങിയ പ്രമുഖ കമ്പനികളില്‍ നിന്ന് 16 കോടിയുടെ റിപ്പയര്‍ ഓര്‍ഡര്‍റാണ് പ്രതീക്ഷിക്കുന്നത്.
ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ട അധിക പ്രവര്‍ത്തന മൂലധനത്തിനായി ബാങ്കുകളില്‍ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ ലഭ്യമാക്കുന്നതിനായി 40 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി കമ്പനിക്ക് നല്‍കിയിട്ടുണ്ട്. ഇതിനായി താല്‍പ്പര്യമുളള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭ്യമാക്കാന്‍ നടപടികള്‍ തുടങ്ങിയതായും പി.സി.ജോസഫും നീരജ് മിത്തലും വ്യക്തമാക്കി.
കേരള ഗവണ്‍മെന്റിന്റെയും എന്‍.ടി.പി.സിയുടെയും സംയുക്ത സംരംഭമാണ് 1966ല്‍ ആരംഭിച്ച ടെല്‍ക്. കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 192 കോടി രൂപയുടെ വിറ്റുവരവും 5 കോടി രൂപ ലാഭവും നേടിയിരുന്നു.
Next Story